Kerala
കടല്‍വെള്ളരി വില്‍ക്കാന്‍ ശ്രമം; കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി | കൊച്ചിയില്‍ കടല്‍വെള്ളരി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ലക്ഷദ്വീപ് സ്വദേശികളായ അബ്ദുല്‍ റഹിമാന്‍, കെ പി നബീല്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ലക്ഷദ്വീപില്‍ നിന്ന് കൊണ്ടുവന്ന 14 കിലോ കടല്‍വെള്ളരിയാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. കിലോക്ക് 20,000 രൂപ നിരക്കില്‍ കടല്‍ വെള്ളരി വില്‍ക്കാന്‍ പ്രതികള്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് കടല്‍വെള്ളരി.
ഒരു കടല്‍ജീവിയാണ് കടല്‍വെള്ളരി. പച്ചക്കറി ഇനമായ വെള്ളരിയുമായുള്ള സാമ്യമാണ് ഇതിന് ഈ പേര് വരാന്‍ കാരണം. കടലിലെ മാലിന്യങ്ങള്‍ ഭക്ഷിക്കുകയും അങ്ങനെ ചുറ്റുപാടിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നവയാണ് കടല്‍വെള്ളരി. അതിനാല്‍ത്തന്നെ കടല്‍വെള്ളം വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇവയുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാല്‍, വേട്ടയാടലും മറ്റും കാരണം വംശനാശ ഭീഷണിയിലാണ് കടല്‍വെള്ളരി.