st mary's bacilica
സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടയാൻ ശ്രമം: നൂറ് പേർക്കെതിരെ കേസ്
സ്ഥലത്തെത്തിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടയുകയും അദ്ദേഹത്തിന് നേരെ കുപ്പിയെറിയുകയും ചെയ്തു.
കൊച്ചി | എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർഥനക്കെത്തിയ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വസിലിനെ തടയാൻ ശ്രമിക്കുകയും സംഘർഷം നടത്തുകയും ചെയ്തതിൽ 100 പേർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെയാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. അന്യായമായ സംഘം ചേരൽ, പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകളിലാണ് കേസ്. പള്ളി മാനേജറുടെ പരാതിയിലാണ് കേസ്.
ജനുവരി മുതൽ അടഞ്ഞുകിടക്കുന്ന പള്ളയിലെ തർക്കങ്ങൾ പരിഹരിക്കാനാണ് വത്തിക്കാനിൽ നിന്നുള്ള ആർച്ച് ബിഷപ് എത്തിയതെങ്കിലും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എകീകൃത കുർബാനയുമായി ബന്ധപ്പെട്ടാണ് ഇവിടെയുള്ള പ്രശ്നം. ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഒരു പക്ഷത്തിൻ്റെ ആവശ്യം.
തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് വത്തിക്കാൻ പ്രതിനിധി ബസിലിക്ക പരിസരത്തെത്തിയത്. സ്ഥലത്തെത്തിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടയുകയും അദ്ദേഹത്തിന് നേരെ കുപ്പിയെറിയുകയും ചെയ്തു. പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയാണ് ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചത്. ഇതോടെ പൊലീസിനെതിരെയും മുദ്രാവാക്യമുയർന്നു.