Connect with us

Kerala

സർവകലാശാലകളെ ആർ എസ് എസ് പരീക്ഷണശാലയാക്കാൻ ശ്രമം; നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാർത്താസമ്മേളനത്തിന് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ വാർത്താസമ്മേളനത്തിന് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനിൽ ഗവർണർ നടത്തിയ വാർത്ത സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ സാധാരണ നിന്ന് പറയുന്നത് ഇരുന്നു പറഞ്ഞു. സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയതമായ രീതികൾ ഉണ്ട്. വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാം. അതിനു പകരം ഗവർണർ പരസ്യ നിലപാട് എടുക്കുകയാണ്. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടനാ തത്വങ്ങളിൽ പറയുന്നതെന്നും ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

ആർ എസ് എസ് ബന്ധമുള്ളവരെ സർവകലാശാലകളിൽ വി സിമാർ ആക്കാനാണ് ശ്രമം. സർവകലാശാലകളെ ആർ എസ് എസിന്റെ പരീക്ഷണ ശാലയാക്കാനാണ് അവർ നീക്കം നടത്തുന്നത്. സർവകലാശാലകളിൽ പിൻസീറ്റ് ഡ്രൈവിംഗിനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും ഇതിനെ നെഞ്ചുവിരിച്ചു നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബില്ലുകൾ അനന്തമായി പിടിച്ചുവെക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ചില ബില്ലുകൾ ഒപ്പിടില്ലെന്ന് പറയുന്നത് ശരിയാണോ? ചർച്ചക്ക് ശേഷമാണ് ബില്ല് വോട്ടിനിട്ട് പാസ്സാക്കിയതെന്നും ജനങ്ങളുടെ വികാരമാണ് അവിടെ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷമുണ്ട്. അതുപോലെയല്ല ഗവർണർ. സർക്കാറിന്റെ കത്തുകൾ പുറത്തുവിട്ട നടപടി ശരിയാണോ എന്ന് പിന്നീട് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിന്റെ പൂർണരൂപം:

രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീർത്തും അസാധാരണമായ ഒരനുഭവമാണ്. കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാം. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു പറഞ്ഞു എന്ന പ്രത്യേകതയാണ് കാണാനാവുക. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിയോജിപ്പുകള്‍ അറിയിക്കുകയും ചെയ്യാം. അതിനു പകരം ഇത്തരം പരസ്യ നിലപാടുകള്‍ എടുത്തത് കൊണ്ടാണ്, ഇവിടെ ഈ വിഷയം പരാമര്‍ശിക്കേണ്ടി വരുന്നത്.

രാജ്യത്തിന്‍റെ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഭരണനിര്‍വഹണ അധികാരം (എക്സിക്യൂട്ടീവ് പവര്‍) തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.

ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സര്‍ക്കാരിന്‍റെതാണ്. 1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്‍റെ വിധിന്യായത്തില്‍ സ്പഷ്ടമാക്കുന്നുണ്ട്.

രാജ്യത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച സര്‍ക്കാരിയാ കമ്മീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് ഗവര്‍ണര്‍ ഒരു ഡിറ്റാച്ഡ് ഫിഗര്‍ ആവണമെന്നാണ്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത, ഭരണ പാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാവണം എന്നാണ്.

കേന്ദ്രത്തിന്‍റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്നത് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഹര്‍ഗോവിന്ദ് പന്ത് vs രഘുകുല്‍ തിലക് കേസില്‍ ഗവര്‍ണര്‍ കേന്ദ്ര ഗവണ്മെന്‍റെ ജീവനക്കാരന്‍/ഏജന്‍റ് അല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ കണ്‍വെന്‍ഷനുകളും കാറ്റില്‍ പറത്തുന്ന അനുഭവം വിപത്കരമാണ്.

അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര്‍ എസ് എസിനാണ്. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ്.

1986 മുതല്‍ തന്നെ തനിക്ക് ആര്‍ എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ൽ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ് ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലർത്തിയ
വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിനര്‍ത്ഥം? ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവർണർ എക്കാലത്തും കേരളത്തിന്‍റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല.

1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്‍റെ ആര്‍ എസ് എസ് ബന്ധം ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ഒരു വാദം. ഇത് വസ്തുതാപരമാണോ? ആര്‍എസ്എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം. ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്, ആര്‍എസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്‍റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ആര്‍എസ്എസിന്‍റെ സംഘടനാ ട്രെയിനിങ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പുകള്‍ (ഓ.ടി.സി.).
ഒന്നും രണ്ടും മൂന്നും ഓടിസി കഴിഞ്ഞവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഓ. ടി. സി. യില്‍ ആറു തവണയോമറ്റോ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് ഊറ്റം കൊള്ളുകയുണ്ടായി കഴിഞ്ഞദിവസം ഗവര്‍ണര്‍. എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവുകള്‍ വേണോ?

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ സംഭവിച്ച ഒരു കാര്യമാണ് അദ്ദേഹം വികാര വിക്ഷുബ്ധനായി കഴിഞ്ഞ ദിവസവും അവതരിപ്പിച്ചത്.
ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന സി എ എ ക്കെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധമുയര്‍ന്ന ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ്സ് നടന്നത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരളത്തിന്‍റെ പൊതുവികാരവും നിലപാടും കേന്ദ്രത്തിനെതിരാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. ഒറ്റക്കെട്ടായി ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുക മാത്രമല്ല, കേരള നിയമസഭ സി എ എ ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു.

ചരിത്ര കോണ്‍ഗ്രസ്സില്‍ സി എ എ നിയമത്തിനനുകൂലമായി ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉദ്ഘാടകന്‍റെ ഭാഗത്തുനിന്നും വന്നപ്പോഴാണ് അവിടെ ചില പ്രതിനിധികള്‍ പ്രതിഷേധിക്കുന്ന നിലയുണ്ടായത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തി അതിനുവിരുദ്ധമായി സംസാരിച്ചപ്പോഴാണ് അക്കാദമിക്ക് സമൂഹത്തില്‍ നിന്നും പ്രതികരണമുണ്ടായത്.

ലോകം ആദരിക്കുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസ്സുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ മുന്‍പ് ഇദ്ദേഹം ആവർത്തിച്ച് ക്രിമിനല്‍ എന്നാണ് വിളിച്ചത്. എന്ത് കൊണ്ടാണ് ഈ രണ്ടുപേര്‍ക്കെതിരെ ഇത്രയേറെ വിദ്വേഷത്തോടെ അദ്ദേഹം സംസാരിക്കുന്നത്? ആര്‍ എസ് എസിന്‍റെ ‘വെറുക്കപ്പെട്ടവരുടെ’ പട്ടികയിലാണ് ഇര്‍ഫാന്‍ ഹബീബും ഗോപിനാഥ് രവീന്ദ്രനും എന്ന് തന്നെയാണുത്തരം.

ചരിത്രം വളച്ചൊടിച്ച് ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനും മധ്യകാല ചരിത്രത്തെ ആര്‍എസ്എസ്സിന് അനുകൂലമായി മാറ്റി എഴുതാനും സംഘപരിവാര്‍ നിരന്തരം ശ്രമിക്കുകയാണ്. ഇതിനെ ചരിത്രത്തിന്‍റെ രീതിശാസ്ത്രമുപയോഗിച്ച് ചെറുത്ത വ്യക്തിയാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ഇര്‍ഫാന്‍ ഹബീബ്.

1998 ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പാഠപുസ്തകങ്ങള്‍ കാവി വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വിപുലമായ തോതില്‍ ആരംഭിച്ചു.
അതിനെതിരെ ഉജ്ജ്വലമായാണ് ഇര്‍ഫാന്‍ ഹബീബ് പോരാടിയത്. 1998 ലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ ആര്‍എസ്എസ് അജണ്ടയ്ക്കെതിരെ അദ്ദേഹം പ്രമേയം അവതരിപ്പിച്ചു.

ഹിന്ദുത്വ അജണ്ടയെ ഇര്‍ഫാന്‍ ഹബീബ് തുറന്നുകാട്ടി. 1986-90 കാലയളവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍)ന്‍റെ ചെയര്‍മാന്‍ ആയിരുന്നു ഇദ്ദേഹം. പിന്നീട് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്‍റെ ജനറല്‍ പ്രസിഡന്‍റ് ആയി. എല്ലാ ഘട്ടത്തിലും സ്വാഭിപ്രായങ്ങളും ചരിത്ര വസ്തുതകളും തുറന്നു പറയാന്‍ നിര്‍ഭയം മുന്നോട്ടു വന്ന ആ ചരിത്രകാരനെ ആര്‍ എസ് എസ് ശത്രുവായി കണ്ട് വേട്ടയാടുകയാണ് അന്ന് മുതല്‍.

രാജ്യത്തെ ഏറ്റവും പ്രമുഖരായ ചരിത്രകാരന്‍മാരിലൊരാളാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. 2013 ല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ നിയമിച്ച ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആര്‍)ന്‍റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ബിജെപി 2014ല്‍ അധികാരത്തില്‍ വന്നത് സമ്പൂര്‍ണമായ കാവി അജണ്ടയുമായാണ്. അത് നടപ്പാക്കി തുടങ്ങിയത് ഐസിഎച്ച്ആറില്‍ നിന്നുമായിരുന്നു.

2015 മാര്‍ച്ചില്‍ ഐസിഎച്ച്ആര്‍ സ്ഥാപകദിന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുവന്നത് അമേരിക്കന്‍ വംശജനും ആര്‍എസ് എസിന് പ്രിയങ്കരനുമായ തീവ്ര വലതുപക്ഷ വേദപ്രചാരകനായ ഡേവിഡ് ഫ്രാവ്ലിയെയായിരുന്നു. പ്രസംഗത്തില്‍ അബദ്ധ ജടിലമായ ഒട്ടനവധി വാദങ്ങളാണ് ഫ്രാവ്ലി ഉയര്‍ത്തിയത്. ഈ അസംബന്ധ പ്രകടനത്തിനെതിരെ തന്‍റെ ഊഴത്തില്‍ അക്കാദമികമായി വിയോജിപ്പ് പ്രകടിപ്പിച്ച ഡോ ഗോപിനാഥ് രവീന്ദ്രനെ സംഘപരിവാറുകാര്‍ അന്ന് ആ പ്രഭാഷണവേദിയില്‍ വെച്ച് അതിക്രൂരമായാണ് കയ്യേറ്റം ചെയ്തത്.

ഐസിഎച്ച്ആറിലെ കാവിവല്‍ക്കരണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍ 2015 ജൂണില്‍ ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചത്. ഇങ്ങനെ സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന ചരിത്രകാരന്മാരെ സംഘപരിവാര്‍ ആക്രമിക്കുന്നതില്‍ പുതുമയോ അതിശയമോ ഇല്ല. ആ ആക്രമണത്തില്‍ സ്വയം ഒരായുധമായി മാറാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് എങ്ങനെ കഴിയും എന്നതാണ് ചോദ്യം.

രാജ്യത്തെമ്പാടും ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലെ ഒരു പ്രധാന ഘടകം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി അവിടുത്തെ നിയമസഭ കൊണ്ടുവരികയുണ്ടായി. അതില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പിട്ടിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഗവര്‍ണറെ ചാന്‍സലര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കുന്ന നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയെങ്കിലും അവിടെയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക, അത് വഴി തങ്ങള്‍ക്കാവശ്യമുള്ള ചരിത്രം ഇന്ത്യയില്‍ തങ്ങളുടേതായ രീതിയിൽ നിര്‍മ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്‍റെ അജണ്ട. അതിന്‍റെ രാഷ്ട്രീയ പരീക്ഷണശാലകളാണ് അവരെ സംബന്ധിച്ചിടത്തോളം സര്‍വ്വകലാശാലകള്‍. രാജസ്ഥാനില്‍, തമിഴ്നാട്ടില്‍ ,ബംഗാളില്‍ എല്ലാം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ബന്ധമുള്ള വിസിമാരെ നിയമിക്കാനാണ് ശ്രമം. അതിനാണ് നിരന്തരമായി സംസ്ഥാന സര്‍ക്കാരുകളുമായി അലോസരമുണ്ടാക്കുന്നത്.

ഏറ്റവുമൊടുവില്‍ കേരള സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വിസിയെ നിയമിക്കാന്‍ ശ്രമം നടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളെ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെയാണ് ഇവിടെ എതിര്‍ക്കുന്നത്. ആര്‍എസ്എസിന്‍റെ രാഷ്ട്രീയ പരീക്ഷണശാലയാവാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണമോ? അതോ നെഞ്ചുവിരിച്ചു നിന്ന് പോരാടണമോ എന്ന സമസ്യയില്‍ പോരാട്ടത്തിന്‍റെ വഴിയാണ് മതനിരപേക്ഷ സമൂഹം തെരഞ്ഞടുക്കുക.

കാസര്‍കോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെ മറികടന്ന് എ.ബി.വി.പി തമിഴ്നാട് മുന്‍ സംസ്ഥാന പ്രസിഡന്‍റിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഉണ്ടായത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. സംഘപരിവാര്‍ അവരുടെ അജണ്ട വിസിയിലൂടെ നടപ്പിലാക്കുന്നതിന്‍റെ ഉത്തമമായ ദൃഷ്ടാന്തമാണിതൊക്കെ.

ആദ്യം വിസിയെ നിശ്ചയിക്കുക, ആ വിസിയിലൂടെ സംഘപരിവാറുകാരെ സര്‍വ്വകലാശാലകളില്‍ കുത്തി നിറയ്ക്കുക എന്ന അജണ്ടയ്ക്ക് നിന്ന് കൊടുക്കാന്‍ കേരളത്തിന്‍റെ മത നിരപേക്ഷ മനസ്സിന് കഴിയില്ല.

ഞാന്‍ ഇത്രയും കാര്യങ്ങള്‍ ഇവിടെ പറഞ്ഞത് സംഘപരിവാര്‍ സര്‍വകലാശാലകളെയും അതിന്‍റെ ഉയര്‍ന്ന തലപ്പത്തുള്ള നിയമനങ്ങളെയും എത്ര മാത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാന്‍ നീക്കം നടത്തുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ്.

ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു പറഞ്ഞ ഒരു കാര്യം സര്‍ക്കാര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതാണ്. അങ്ങനെ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കേണ്ട അനര്‍ഹമായ ഏതെങ്കിലും കാര്യമോ താല്‍പര്യമോ സര്‍ക്കാരിനില്ല എന്ന് സംശയരഹിതമായി വ്യക്തമാക്കട്ടെ. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോള്‍, അതിന് അംഗീകാരം നല്‍കുക എന്ന ഉത്തരവാദിത്ത നിര്‍വ്വഹണമാണ് ഗവര്‍ണ്ണറില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

താന്‍ ‘വായിച്ചു നോക്കിയിട്ടില്ല’ എന്ന് അദ്ദേഹം തന്നെ പറയുന്ന ബില്ലുകള്‍, ‘ഒപ്പിടില്ല’ എന്ന് പ്രഖ്യാപിക്കുന്നത് നാം കേട്ടു. വായിച്ചു പോലും നോക്കാതെ ‘ഒപ്പിടില്ല’ എന്ന തീരുമാനത്തിലേക്ക് മുന്‍വിധിയോടെ എത്തുന്നത്, ഭരണഘടനയോടുള്ള ബഹുമാനത്തെയാണോ നിഷേധത്തെയാണോ കുറിക്കുന്നത് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതുണ്ട്.

കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുകയുണ്ടായി. ഈ വിഷയം അദ്ദേഹം ചാന്‍സലര്‍ എന്ന നിലയില്‍ എടുത്ത തീരുമാനമാണ്. അദ്ദേഹം എടുത്ത തീരുമാനം കണ്ണൂര്‍ സര്‍വ്വകലാശാലാ നിയമത്തിലെ 10-ാം വകുപ്പിനനുസൃതവുമാണ്. പ്രസ്തുത വകുപ്പില്‍ നിലവിലെ വൈസ് ചാന്‍സലറെ പുനര്‍നിയമിക്കാന്‍ വ്യവസ്ഥയുണ്ട്. വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഈ വ്യവസ്ഥയ്ക്ക് അനുസൃതമല്ല എന്ന് ചൂണ്ടിക്കാണിച്ച് ബഹു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ക്വാവാറണ്ടോ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഹര്‍ജി തള്ളപ്പെട്ടു. ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹര്‍ജിക്കാര്‍ അപ്പീല്‍ നല്‍കി. അതും തള്ളി. ഫലത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ബഹു. ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്.

നമ്മുടെ ഭരണഘടനാ വ്യവസ്ഥയില്‍ എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണ്. ജുഡീഷ്യല്‍ റിവ്യൂ
ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗവുമാണ്. അതായത്, എക്സിക്യൂട്ടീവ് തീരുമാനത്തില്‍ അപാകതയുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ക്ക് അത് അസാധുവാക്കാന്‍ ജുഡീഷ്യറിയെ സമീപിക്കാവുന്നതാണ്. പക്ഷെ, ജുഡീഷ്യല്‍ റിവ്യൂ കഴിഞ്ഞശേഷവും എക്സിക്യൂട്ടീവ് തീരുമാനം തെറ്റാണ് എന്ന് പറയുന്നത് ഭരണഘടനയോടും അതിന്‍റെ മൂല്യങ്ങളോടുമുള്ള ബഹുമാനത്തെയാണോ സൂചിപ്പിക്കുന്നത്?

അങ്ങനെ പറയുന്നത് ഭരണഘടനയെ സംരക്ഷിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്ത, ഒരു ഭരണഘടനാ പദവി വഹിക്കുന്ന ബഹുമാന്യനായ വ്യക്തിയാകുമ്പോള്‍ ഇതിന്‍റെ ഗൗരവം പലമടങ്ങ് വര്‍ദ്ധിക്കും.

ജനങ്ങള്‍ തെരഞ്ഞെടുത്ത സാമാജികര്‍ അടങ്ങുന്ന നിയമസഭയിലാണ് ബില്ലുകള്‍ അവതരിപ്പിക്കുന്നതും ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് പാസ്സാക്കുന്നതും. ബില്ലുകളുടെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ നടത്തിയശേഷമാണ് വോട്ടിനിട്ട് പാസ്സാക്കുന്നത്. ജനവികാരമാണ് നിയമസഭയിലൂടെ പ്രതിഫലിക്കുന്നത്. അങ്ങനെ പാസ്സാക്കപ്പെടുന്ന ബില്ലുകള്‍ സമര്‍പ്പിക്കുന്നത് ഗവര്‍ണ്ണര്‍ക്കാണ്. അവ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ഗവര്‍ണ്ണര്‍ എന്തു ചെയ്യണമെന്ന് ഭരണഘടനയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അനുച്ഛേദം 200 പ്രകാരം അദ്ദേഹത്തിന് ബില്ലിന് അനുമതി നല്‍കുകയോ നല്‍കാതിരിക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയോ, അതുമല്ലെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഭേദഗതികളോടെ ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതില്‍ അവസാനത്തെ മാര്‍ഗം സ്വീകരിച്ചാല്‍ വീണ്ടും നിയമസഭ ബില്‍ പഴയ രൂപത്തില്‍ തന്നെ പാസ്സാക്കിയാല്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണ്ണര്‍ ബാധ്യസ്ഥനാണ്.

ഇവിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ചില പ്രത്യേക ബില്ലുകളില്‍ ഒപ്പിടില്ല എന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമാണോ? ഭരണപരമായ ഔചിത്യത്തിന് നിരക്കുന്നതാണോ? അനന്തമായി, അനിശ്ചിതമായി ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നു പറഞ്ഞാല്‍, അത് ഭരണഘടനാശില്‍പ്പികളുടെ വീക്ഷണത്തിന് അനുസൃതമല്ല എന്നു പറയേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലെ ഗവര്‍ണ്ണര്‍ കൊളോണിയല്‍ വ്യവസ്ഥയിലെ ഗവര്‍ണ്ണര്‍മാരെപ്പോലെ ആകില്ല എന്ന ഉത്തമ വിശ്വാസമാണ് നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

1935ല്‍ ബ്രിട്ടീഷ് ഭരണം ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കുകയുണ്ടായി. അതിലെ 163-ാം വകുപ്പ് പ്രകാരം അന്നത്തെ പ്രവിശ്യകള്‍ കടമെടുക്കാനുള്ള അനുമതി ചോദിച്ചാല്‍ കാലവിളംബം കൂടാതെ അനുമതി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, നമ്മുടെ ഭരണഘടനയിലെ 293-ാം അനുച്ഛേദത്തില്‍ കാലവിളംബം കൂടാതെ എന്ന വ്യവസ്ഥ ഇല്ല. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, ജനാധിപത്യവ്യവസ്ഥയില്‍ ഇങ്ങനെയൊരു വ്യവസ്ഥ ആവശ്യമില്ലല്ലോ എന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം.

അതിനര്‍ത്ഥം, ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊളോണിയല്‍ വ്യവസ്ഥയിലെ പ്രവിശ്യകളുടെ സ്ഥാനമല്ല എന്നതാണ്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍, അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ ഇന്നും കോളനി വാഴ്ചയിലെ പ്രവിശ്യകള്‍ക്ക് തുല്യമാണ് നമ്മുടെ റിപ്പബ്ലിക്കിലെ സംസ്ഥാനങ്ങള്‍ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റുന്നതാണ് ഉചിതം.

ഗവര്‍ണ്ണര്‍ പദവി വഹിക്കുന്ന ആളിന്‍റെ വ്യക്തിത്വംഎന്തായിരിക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാരിയാ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രഗത്ഭ നിയമ വിദഗ്ദ്ധന്‍ സോളി സോറാബ്ജി എഴുതിയ ഗവര്‍ണ്ണര്‍ സേജ് ഓര്‍ സബറ്റയര്‍ എന്ന പുസ്തകത്തിലും ഗവര്‍ണ്ണറുടെ കര്‍ത്തവ്യങ്ങള്‍ എന്താണെന്നും ഗവര്‍ണ്ണറായി വരുന്നവര്‍ ആരായിരിക്കണമെന്നതിനെക്കുറിച്ചും വിശദമായ അഭിപ്രായങ്ങളുണ്ട്. ഗവര്‍ണ്ണര്‍ സംസ്ഥാനത്തിന് സ്വീകാര്യനായിരിക്കണമെന്നും അതേസമയം, രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന വ്യക്തിത്വമായിരിക്കണമെന്നുമാണ് ഭരണഘടനാ നിര്‍മ്മാണസഭയില്‍ ജവഹര്‍ലാല്‍ നെഹ്രു അഭിപ്രായപ്പെട്ടത്. ഭരണഘടനാ നിര്‍മ്മാണ സഭയിലെ മറ്റ് അംഗങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ രാജ് ഭവനിലിരുന്ന് വിമര്‍ശിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ജനങ്ങള്‍ ജനങ്ങള്‍ക്കായി നിര്‍മ്മിച്ചുനല്‍കിയ ഭരണഘടനയെ പരിപാലിക്കാനും സംരക്ഷിക്കാനും സത്യപ്രതിജ്ഞയെടുത്ത വ്യക്തി ഇത് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.

അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ തികച്ചും രാഷ്ട്രീയമാണ്. പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍ സര്‍ക്കാരിനെയും ഭരിക്കുന്ന കക്ഷിയെയും വിമര്‍ശിക്കാനുള്ള അവകാശവും കടമയും പ്രതിപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കുമുണ്ട്. എന്നാല്‍, സര്‍ക്കാരിന്‍റെ സഹായത്തോടും ഉപദേശത്തോടും കൂടി ഭരണഘടനാ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ കേന്ദ്ര ഭരണകക്ഷിയുടെയോ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളുടെയോ ചുമതലകളാണോ നിര്‍വ്വഹിക്കേണ്ടത്?

അദ്ദേഹം തന്നെയാണല്ലോ കഴിഞ്ഞ ദിവസം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്തിടപാടുകള്‍ പുറത്തു വിട്ടത്. അത്ശരിയാണോ എന്ന ചോദ്യം ഞാനിപ്പോള്‍ ഉന്നയിക്കുന്നില്ല. അതിലെ ധാര്‍മ്മികതയൊക്കെ വേറെ ചര്‍ച്ച ചെയ്യാം. എന്നാല്‍, എന്ത് കൊണ്ടാണ് ആ കത്തുകളിലൊന്നും സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ നേരിയ അളവില്‍ കുറ്റപ്പെടുത്താവുന്ന ഒരു വാക്കു പോലും ചൂണ്ടിക്കാണിക്കാന്‍ ഗവര്‍ണ്ണര്‍ക്കോ കത്തുകള്‍ കയ്യില്‍ കിട്ടിയ മാധ്യമങ്ങള്‍ക്കോ കഴിയാതെ പോയത്? അവിടെയാണ്, ഈ സര്‍ക്കാര്‍ വഴിവിട്ട ഒരു കാര്യവും ഗവര്‍ണ്ണറോടാവശ്യപ്പെട്ടില്ല എന്ന് വ്യക്തമാവുക.

ഏതാനും ദിവസം മുന്‍പ് അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രി കത്തുകള്‍ക്ക് മറുപടി അയക്കുന്നില്ല എന്നാണ്. ഇപ്പോള്‍ ചില കത്തുകളും മറുപടി കത്തുകളും അദ്ദേഹം തന്നെ പുറത്തുവിട്ടല്ലോ. കത്തുകള്‍ക്ക് മുഖ്യമന്ത്രി മറുപടി അയക്കുന്നില്ല എന്ന ആക്ഷേപത്തിന് ഇനി വേറെ മറുപടി വേണ്ടല്ലോ. ഏതായാലും കത്തുകള്‍ക്ക് മറുപടി കിട്ടി എന്ന് ഇത്തരത്തിൽ സമ്മതിച്ചതില്‍ സന്തോഷം.

ലോട്ടറിയും മദ്യവുമാണ് കേരളത്തിന്‍റെ മുഖ്യ വരുമാനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന കൂടി നടത്തി അദ്ദേഹം. കേരളത്തിന്‍റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ല. മദ്യത്തില്‍ നിന്നും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യത്തെ 10 സംസ്ഥാനങ്ങളില്‍ കേരളമില്ല. കേരളത്തിലേത് സര്‍ക്കാര്‍ സുതാര്യമായി നടത്തുന്ന ലോട്ടറിയാണ്. മാതൃകാപരമായി നടത്തുന്ന ലോട്ടറിയും പക്ഷേ കേരളത്തിന്‍റെ മുഖ്യ വരുമാന സ്രോതസ്സല്ല. അത് മനസിലാക്കാന്‍ അദ്ദേഹം തന്‍റെ മുന്നിലെത്തുന്ന ബഡ്ജറ്റ് ഡോക്യുമെന്‍റുകളിലൂടെ കണ്ണോടിച്ചു നോക്കുന്നത് നന്നാവും.

സര്‍വകലാശാലകളെ കുറിച്ചാണല്ലോ അദ്ദേഹം കൂടുതലായി പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരള സര്‍വകലാശാലയ്ക്ക് എന്‍.എ.എ.സിയുടെ ‘എ പ്ലസ് പ്ലസ്’ കിട്ടിയത്, കാലിക്കറ്റ് സര്‍വകലാശാലക്ക് എ പ്ലസ് കിട്ടിയത, എം ജി സര്‍വകലാശാലയ്ക്ക് എ ഗ്രേഡ് ലഭിച്ചത് ഇതൊന്നും ഉന്നത വിദ്യാഭ്യാസമേഖലയുടെ പുരോഗതി അല്ലേ? അതിലല്ലേ അദ്ദേഹം അഭിമാനം കൊള്ളേണ്ടത്.

കേരളം വ്യത്യസ്ത തലങ്ങളില്‍ മുന്നേറുന്ന നാടാണ്. നമ്മുടെ വികസനമാതൃക രാജ്യത്തും രാജ്യത്തിന് പുറത്തും പ്രശംസിക്കപ്പെടുന്നതാണ്. നീതി ആയോഗ് അടക്കം അംഗീകരിച്ചിട്ടുള്ളതാണ്. അതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇകഴ്ത്തിക്കാണിക്കാന്‍ സംഘപരിവാര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം ഈ നാടിന്‍റെ പുരോഗതിയെ തകര്‍ക്കാന്‍ ഉള്ളതാണ്. ‘എന്‍റെ ഗവണ്‍മെന്‍റ്’ എന്ന് പറയാന്‍ അര്‍ഹതയുള്ള പദവിയിലിരിക്കുന്ന വ്യക്തി അത്തരം തെറ്റായ സമീപനക്കാരുടെ അനുഭാവി പോലും ആകുന്നത് എത്രമാത്രം അപകടകരമാണ് എന്ന് ആലോചിക്കേണ്ടതാണ്.

സര്‍ക്കാരിനെതിരെ മാത്രമാണോ ഈ ആക്രമണം? അത് ഫലത്തില്‍ ജനങ്ങള്‍ക്കും നാടിന്‍റെ പുരോഗതിക്കും എതിരായി മാറുകയല്ലേ.
ഇവിടെ കാലികമായ ഒരു വിഷയം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.

പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സംഘപരിവാറിന്‍റെ ശ്രമം. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞതാണിത്. കോവിഡ്
ബൂസ്റ്റര്‍ ഡോസ് പ്രക്രിയ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ പശ്ചാത്തലത്തില്‍, കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വിഷയം സാന്ദര്‍ഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ഈ വിഷയത്തില്‍ ഒറ്റക്കാര്യമേ പറയാനുള്ളൂ. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തില്‍ നടപ്പാവില്ല. ഇത് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണില്‍ നടപ്പാവില്ല.

വൈദേശിക ആശയം എന്ന പ്രയോഗം അദ്ദേഹം ആവര്‍ത്തിക്കുന്നത് കേട്ടു. ഹോമോ സാപ്പിയന്‍സ് എന്ന നമ്മളൊക്കെ ഉള്‍പ്പെട്ട ആധുനിക മനുഷ്യഗണം ഭൂമിയില്‍ ഉടലെടുക്കുന്നത് ഏകദേശം മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ ആണെന്നാണ് ശാസ്ത്രകാരന്മാരുടെ നിഗമനം. പിന്നീട് മറ്റു ഭൂഖണ്ഡങ്ങളിലേയ്ക്ക്കൂടി ചേക്കേറുകയും പതുക്കെ ലോകം മുഴുവന്‍ വ്യാപിക്കുകയും ആണത്രേ ചെയ്തത്. മനുഷ്യരുടെ ഒരിക്കലും അവസാനിക്കാത്ത യാത്രകളുടേയും ചേക്കേറലുകളുടേയും ചരിത്രമാണ് നമ്മളിന്നു കാണുന്ന ലോകത്തെ നിര്‍മ്മിച്ചത്. ഭൂമിയിലെ ഓരോ ഭൂപ്രദേശത്തിന്‍റെയും ചരിത്രമതാണ്. അങ്ങനെയാണ് നമ്മളിന്നു ജീവിക്കുന്ന നമ്മുടെ രാജ്യവും നമ്മുടെ ഈ നാടുമൊക്കെ ഉണ്ടായത്. ഒരു രാജ്യവും ഒരു സംസ്കാരവും ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണതല്ല.

സഹസ്രാബ്ദങ്ങള്‍ നീണ്ട ആ ചരിത്രം നമുക്ക് മുന്‍പിലുണ്ട്. പല ഭൂഭാഗങ്ങളില്‍ നിന്നു വിരുന്നുവന്ന് അറിവും സംസ്കാരവും കൊണ്ടും കൊടുത്തും പോയവരുണ്ട്. ഇവിടെ ചേക്കേറി പാര്‍പ്പായവരുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ദീര്‍ഘമായ ഈ കൊടുക്കല്‍ വാങ്ങലുകളുടെ സൃഷ്ടിയാണ് നമ്മുടെ ഭക്ഷണവും ഭാഷയും വസ്ത്രവും ജീവിത രീതിയും ജീവിത വീക്ഷണവുമെല്ലാം. ഈ സത്യമുള്‍ക്കൊണ്ടാല്‍ തീരാവുന്നതേയുള്ളൂ വംശീയതയും ദേശീയതയും പ്രാദേശികതയും തുടങ്ങിയവയെ ചുറ്റിപ്പറ്റി ചിലരൊക്കെ പുലര്‍ത്തുന്ന അത്യന്തം സങ്കുചിതമായ ചിന്താഗതികള്‍. ഈ വിദ്വേഷ ചിന്താഗതിയാണ് സംഘപരിവാറിനെപ്പോലെ ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറ.

കമ്മ്യൂണിസം വിദേശത്തു നിന്നു കടത്തിയ ആശയമാണെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. അങ്ങനെയാണെങ്കില്‍ ഇന്നു ഈ രാജ്യത്തു നില നില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉത്ഭവം എവിടെയാണ്? അതും വന്നത് യൂറോപ്പില്‍ നിന്നാണ്. അതെങ്ങനെയാണ് വന്നത്? രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിന്‍റെയും അധിനിവേശത്തിന്‍റെയും കൊള്ളയുടേയും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമാണ് ഇന്ത്യയ്ക്ക് മുതലാളിത്തവും സാമ്രാജ്യത്വവും സമ്മാനിച്ചിട്ടുള്ളത്. ആ അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നടത്തുന്ന ഇന്നും തുടരുന്ന സമരത്തിന്‍റെ അഭിമാനകരമായ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അതുള്‍ക്കൊള്ളാന്‍ അതേ സാമ്രാജ്യത്വത്തിന്‍റെ തിണ്ണയില്‍ മാപ്പിരക്കാനായി നിരങ്ങിയ പ്രത്യയശാസ്ത്ര ബോധ്യത്തിനു സാധിക്കില്ല എന്നത് നാം കാണണം.

പത്രസമ്മേളനത്തിനായി ഒരു വൈദേശിക ഭാഷയെ ആശ്രയിക്കേണ്ടി വരുന്നു എന്ന ചിന്ത പോലും അദ്ദേഹത്തിനില്ല എന്നത് കൗതുകകരമാണ്. ഗവര്‍ണര്‍ എന്ന തന്‍റെ പദവിയെ താങ്ങി നിര്‍ത്തുന്ന പാര്‍ലമെന്‍ററി ഡെമോക്രസി, ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി എന്നിവയെല്ലാം വിദേശത്ത് നിന്നും കടം കൊണ്ട ആശയങ്ങളാണ് എന്നതും അദ്ദേഹം മറന്നു പോയിരിക്കുന്നു. അതോ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കില്ല എന്ന നിലപാടാണോ. അങ്ങനെയെങ്കില്‍ അത് ഏകാധിപത്യ ബോധത്തിന്‍റെ പ്രതിഫലനമാണെന്നു വേണം കാണാന്‍.

ഭരണഘടനയാണ് ഈ രാജ്യത്തിന്‍റെ സത്ത. നൂറു കണക്കിനു നാട്ടു രാജ്യങ്ങളായും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളായും ചിതറിക്കിടന്നിരുന്ന അതിവിശാല ഭൂപ്രദേശമാണിത്. അതിന്‍റെ കണ്ണഞ്ചിക്കും വിധം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളേയും ഉപദേശീയതകളേയും ഒക്കെ ചേര്‍ത്തു നിര്‍ത്തി ഒരൊറ്റ ഇന്ത്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയുടെ ആമുഖം പറയുന്നത്, ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാണ്. അത്തരത്തില്‍ ഈ രാജ്യത്തെ നിലനിര്‍ത്താനാണ് നമ്മളെല്ലാം പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ആ സത്തയെ തകര്‍ക്കാനായി വര്‍ഗീയതയുടേയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം പ്രസരിപ്പിക്കാനല്ല. ജനങ്ങളും ഈ നാടുമാണ് സര്‍ക്കാരിന്‍റെ പരിഗണനാ വിഷയങ്ങള്‍. അതല്ലാതെ ഏറ്റുമുട്ടലല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് പ്രകടിപ്പിക്കാനും പരിഹരിക്കാനും ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുശാസിക്കുന്ന രീതികള്‍ ഉണ്ട്. ആ സാധ്യതകളാണ് ഉപയോഗിക്കേണ്ടത് എന്നാണ് ആവര്‍ത്തിച്ചു വ്യക്തമാക്കാനുളളത്.

---- facebook comment plugin here -----

Latest