congress groups
എന്നേയും സുധാകരനേയും തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം: വി ഡി സതീശന്‍
കുത്തിത്തിരിപ്പിന് പിന്നില്‍ ഒരു പണിയും ഇല്ലാതായ ചില നേതാക്കള്‍
കണ്ണൂര്‍ | ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ചില നേതാക്കളെ ഉന്നംവെച്ച് കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കോണ്‍ഗ്രസിനുള്ളിലെ ചിലര്‍ തന്നെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമം നടക്കുന്നതായി സതീശന്‍ ആരോപിച്ചു. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നില്‍. പരിധി വിട്ടാല്‍ ഇത് കൈകാര്യം ചെയ്യുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്നാണ് ചിലരുടെ പ്രചാരണം. പാര്‍ട്ടിയോട് കൂറില്ലാത്തവരാണവര്‍. നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത്. എല്ലാ പരിധിയും വിട്ട് പോയാല്‍ ഇത് കൈകാര്യം ചെയ്യേണ്ടി വരുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ സതീശന് പറഞ്ഞു. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീര്‍ത്തത് നല്ലതാണ്. പനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് എം പിമാര്‍ കത്ത് അയച്ചതില്‍ തെറ്റില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായി വി ഡി സതീശന്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. ഇരു വിഭാഗങ്ങളും ചില വിട്ടുവീഴ്ച്ച ചെയ്ത് പട്ടികയില്‍ ഒരു ധാരണയുണ്ടാക്കാനാണ് നീക്കം. തുടര്‍ന്ന് പരമാവധി വേഗത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. എട്ട് എം പിമാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു നേരത്തെ ഹൈക്കമാന്‍ഡ് പുനഃസംഘടന നിര്‍ത്തിവെച്ചത്. ഇതില്‍ പ്രകോപിതനായ സുധാകരന്‍ താന്‍ സ്ഥാനം ഒഴിയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കെ സി വേണുഗോപാലും സതീശനും ചേര്‍ന്നു പാര്‍ട്ടി പിടിക്കാന്‍ നീക്കം നടക്കുന്നതായി അദ്ദേഹം കത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ പേരില്‍ ഗ്രൂപ്പില്ലെന്ന് സതീശന്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കുകയായിരുന്നു.