National
മനുഷ്യക്കടത്തിന് ശ്രമം; നാല് എയർ ഇന്ത്യ ജീവനക്കാരും ഒരു യാത്രക്കാരനും പിടിയിൽ
ബ്രിട്ടനിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ദിൽജോത് സിംഗ് എന്നയാളുടെ ട്രാവൽ ഡോക്യുമെന്റുകൾ പരിശോധിച്ചപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന് തോന്നിയ സംശയമാണ് സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്.
ന്യൂഡൽഹി | മനുഷ്യക്കടത്ത് കേസിൽ നാല് എയർ ഇന്ത്യ ജീ്വനക്കാരും ഒരു യാത്രക്കാരനും പിടിയിൽ. എയർ ഇന്ത്യ എസ് എ ടി എസ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരായ രോഹൻ വർമ, മുഹമ്മദ് ജഹാംഗീർ, യാഷ്, അക്ഷയ് നാരംഗ്, യാത്രക്കാരനായ ദിൽജോത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ബ്രിട്ടനിലേക്ക് വിമാനം കയറാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലാകുന്നത്.
ബ്രിട്ടനിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ദിൽജോത് സിംഗ് എന്നയാളുടെ ട്രാവൽ ഡോക്യുമെന്റുകൾ പരിശോധിച്ചപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന് തോന്നിയ സംശയമാണ് സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഡോക്യുമെന്റിൽ സംശയം തോന്നിയതിനെ തുടർന്ന് വ്യക്ത വരുത്താൻ എയർലൈൻ അധികൃതരെ സമീപിക്കാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാൾക്ക് നിർദേശം നൽകി. എന്നാൽ അധികൃതരെ സമീപിക്കുന്നതിന് പകരം ഇയാൾ എയർ ഇന്ത്യ എസ് എ ടി എസ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരെയാണ് സമീപിച്ചത്.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ സിഐഎസ്എഫ് ഡൽഹി എയർപോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ സംഭവം അന്വേഷിച്ചു. ക്രൂ ചെക്ക്-ഇൻ കൗണ്ടറിലെ എ ഐ എസ് എ ടി എസ് ജീവനക്കാർ അസാധുവായ രേഖകൾ ഉപയോഗിച്ച് സിംഗിനും മറ്റു രണ്ട് പേർക്കും ബോർഡിംഗ് പാസ് എടുത്ത് നൽകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. ഇതോടെ സംഘത്തെ സിഐഎസ്എഫ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് ഡൽഹി പോലീസിന് കൈമാറി.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എസ് എ ടി എസ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭമായ എ ഐ എസ് എ ടി എസ്, ലഗേജ് കൈകാര്യം ചെയ്യലും വിമാന പരിപാലനവും ഉൾപ്പെടെ വിവിധ വിമാനത്താവള സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. മനുഷ്യക്കടത്തിൽ ഉൾപ്പെട്ട നാല് ജീവനക്കാരെയും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.