Kerala
നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; സര്‍ക്കാരിന് രൂക്ഷ വിമര്‍ശവുമായി കത്തോലിക്ക സഭ
പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നല്‍കാനുള്ള നീക്കത്തെ സഭയുടെ സര്‍ക്കുലറില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഐ ടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കുന്നതിന് എതിരെയും വിമര്‍ശനമുണ്ട്.

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭ. പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നല്‍കാനുള്ള നീക്കത്തെ സഭയുടെ സര്‍ക്കുലറില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഐ ടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കുന്നതിന് എതിരെയും വിമര്‍ശനമുണ്ട്. കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കും. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക സര്‍ക്കുലറും കുര്‍ബാനയ്ക്കിടയില്‍ വായിക്കും.
തുടര്‍ഭരണം നേടുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുള്ള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശം. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുകയാണെന്നും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നു.
ലഹരിക്കെതിരായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കും. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമാണ് ഇതെന്ന് മെത്രാന്‍ സമിതി അറിയിച്ചു.