Kozhikode
മലബാർ സമരത്തെ തെറ്റായി ചിത്രീകരിച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: എം സ്വരാജ്
കോഴിക്കോട് | സംഘപരിവാറിന്‍റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമെന്നത് മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മലബാർ സമരത്തെ ദുർവ്യാഖ്യാനിക്കുന്നത് അതിനു വേണ്ടിയാണെന്നും സി പി എം സംസ്ഥാന സമിതി അംഗം എം സ്വരാജ്. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലബാർ സമരത്തെ കുറിച്ച് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയലഹളയാണെന്ന് സ്ഥാപിക്കാൻ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നവരെ വർഗീയ വാദികളായി ചിത്രീകരിക്കണം. അതിനു വേണ്ടിയാണ് വാരിയൻ കുന്നനെതിരെ വർഗീയാരോപണം നടത്തുന്നത്. വാരിയൻ കുന്നൻ എന്തായിരുന്നുവോ അതിന്റെ നേർവിപരീതമാണ് ഇപ്പോൾ പലരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ഭാഷ്യമാണ് വർഗീയ വാദികൾ ഏറ്റെടുത്തിരിക്കുന്നത്. മതനിരപേക്ഷമായി ചിന്തിക്കുന്നവരെ പോലും വർഗീയ വാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ദുഷ്പ്രചരണങ്ങൾ നടത്തുന്നത്. സംഘ്പരിവാർ ചരിത്രത്തെ തങ്ങൾക്കനുകൂലമായി നിർമിച്ചു കൊണ്ടിരിക്കുമ്പോൾ ശരിയായ ചരിത്രബോധം കൊണ്ട് മാത്രമേ പ്രതിരോധം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. പി ശിവദാസന്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.