National
ഓഡിയോ ചോര്‍ന്നു; തമിഴ്‌നാട്ടിലെ ധനമന്ത്രി പളനിവേല്‍ ത്യാഗ രാജയുടെ വകുപ്പില്‍ മാറ്റം
ഓഡിയോ ക്ലിപ്പിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന.
ചെന്നൈ| തമിഴ്നാട്ടില്‍ വീണ്ടും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ധനമന്ത്രി പളനിവേല്‍ ത്യാഗ രാജന്റെ വകുപ്പിലാണ് മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെതെന്ന് ആരോപിക്കുന്ന ഓഡിയോ ഫയലുകള്‍ ചോര്‍ന്നതിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ സേവന വകുപ്പിലേക്ക് മാറ്റം.
കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ ഉദയ്‌നിധിയുടെയും മരുമകന്‍ ശബരീശന്റെയും സ്വത്തുവിവരങ്ങളെക്കുറിച്ച് പളനിവേല്‍ ചില വെളിപ്പെടുത്തല്‍ നടത്തിയെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന നടന്നത്.
നിലവില്‍ വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരസുവിനാണ് ധനകാര്യ വകുപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ ടിആര്‍ബി രാജ വ്യവസായ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം പളനിവേല്‍ ത്യാഗ രാജ ട്വിറ്ററിലൂടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനോടുള്ള നന്ദി രേഖപ്പെടുത്തി.