Kozhikode
ശബ്ദരേഖ പുറത്ത്: ജില്ലാ ലീഗ് ഉപാധ്യക്ഷനെതിരെ തെറിയഭിഷേകം നടത്തി പി എം എ സലാം
"തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഞാന്‍ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടും. ഈ കോര്‍പറേഷനില്‍ ലീഗ് ഉണ്ടാക്കും. അതിന് തടസ്സം ഒരു ക്യാന്‍സറാണ്''
കോഴിക്കോട് | മുസ്‌ലിം ലീഗ് ജില്ലാ ഉപാധ്യക്ഷനും നഗരസഭാ കൗണ്‍സിലറുമായ കെ മൊയ്തീന്‍കോയയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. കെ മൊയ്തീന്‍കോയ (മോയിട്ടി) ക്കു വേണ്ടി സംഘടനയെ ഇല്ലാതാക്കാനാകില്ലെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പി എം എ സലാം നടത്തിയ പരാമര്‍ശം. അഞ്ഞൂറോളം വീടുകളുള്ള കുറ്റിച്ചിറയിലെ ബൂത്തുകളില്‍ 100 അഭ്യര്‍ഥനാ കത്തുകള്‍ മാത്രമാണ് വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്നോട്ട് വലിക്കാനാണ് ലീഗിലെ ചിലര്‍ ശ്രമിച്ചതെന്നും പി എം എ സലാം വ്യക്തമാക്കി. കുറ്റിച്ചിറയിലെ ഒരു ലീഗ് പ്രവര്‍ത്തകനും പി എം എ സലാമും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ചില ലീഗ് നേതാക്കള്‍ക്ക് ഗ്രൂപ്പുണ്ടാക്കലാണ് ലക്ഷ്യം. എനിക്ക് പാര്‍ട്ടിയുണ്ടാക്കലാണ് ലക്ഷ്യം. പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരെയാണ് ആവശ്യം. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കുറ്റിച്ചിറ വാര്‍ഡില്‍ രണ്ടായിരത്തോളം വോട്ടിന് വിജയിക്കുന്നിടത്ത് ഇത്തവണ 90 വോട്ടിന് വിജയിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് ആരാണ് എന്ന പി എം എ സലാമിന്റെ ചോദ്യത്തിന് നേതൃത്വമാണെന്നായിരുന്നു പ്രവര്‍ത്തകന്റെ മറുപടി. നേതൃത്വമെന്നാല്‍ ജില്ലാ കമ്മിറ്റിയല്ലേയെന്നും ജില്ലാ നേതൃത്വമെന്നാല്‍ മോയിട്ടി (കെ മൊയ്തീന്‍കോയ) അല്ലേയെന്നും പി എം എ സലാം തിരിച്ചുചോദിക്കുന്നുണ്ട്. മോയിട്ടിക്കുവേണ്ടി സംഘടനയെ ഇല്ലാതാക്കണോ എന്നും സലാം ചോദിക്കുന്നു.
കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ്. ചിലര്‍ പിന്നാക്കം വലിക്കുന്നതുകൊണ്ടാണിത്. ലീഗ് കമ്മിറ്റി ഔദ്യോഗികമായി ക്ഷണിക്കാത്ത പരിപാടിക്ക് നിങ്ങള്‍ പങ്കെടുത്തില്ലേയെന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ചിലക്കാതെ പോകാന്‍ പറ’ എന്നായിരുന്നു സലാമിന്റെ മറുപടി. ഞാന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
എനിക്ക് ഇഷ്ടമുള്ളിടത്ത് ഞാന്‍ പങ്കെടുക്കും. ആരുടെയും ഈഗോ വകവെച്ചു കൊടുക്കാന്‍ കഴിയില്ല. സീറ്റ് കിട്ടാത്ത ചില തെമ്മാടികള്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷം അഭ്യര്‍ഥനാ കത്ത് പ്രസിദ്ധീകരിക്കേണ്ട സ്ഥാനത്ത് ഇരുപതിനായിരം എണ്ണം മാത്രമാണ് പ്രിന്റ് ചെയ്തത്. 400-500 വീടുകളുള്ള ഒരു ബൂത്തില്‍ 100 എണ്ണമാണ് കൊടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഞാന്‍ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടും. ഈ കോര്‍പറേഷനില്‍ ലീഗ് ഉണ്ടാക്കും. അതിന് തടസ്സം ഒരു ക്യാന്‍സറാണ്- സലാമിന്റെ ശബ്ദ രേഖയില്‍ പറയുന്നു.
മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് മണ്ഡലമായിരുന്ന കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് പരാജയപ്പെടുകയായിരുന്നു. മണ്ഡലം കമ്മിറ്റിയുടെ നിരുത്തരവാദപരമായ നിലപാടാണ് പരാജയത്തിന് കാരണമെന്ന് ഇത് സംബന്ധിച്ച് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയെന്നും ഇതിനാല്‍ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പിരിച്ചുവിടുന്നതായും പി എം എ സലാം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം പി എം എ സലാം കൈക്കൊണ്ടിരുന്നതായാണ് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാകുന്നത്.