Connect with us

Kerala

ഓഗസ്റ്റ് 16 ബഡ്‌സ് ദിനം; ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള ദിനപ്രഖ്യാനം ഇന്ന്

ദിനപ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഇന്ന് നിര്‍വഹിക്കും

Published

|

Last Updated

തിരുവനന്തപുരം |ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഒരു ദിനം. ഈ വര്‍ഷം മുതല്‍ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. 2004ല്‍ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ ബഡ്സ് സ്‌കൂള്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഓർമ പുതുക്കിയാണ് ദിനാചരണം നടത്തുന്നത്. ദിനപ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഇന്ന് നിര്‍വഹിക്കും

പത്തൊൻപത് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബഡ്‌സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് ദിനപ്രഖ്യാപനവും വാരാഘോഷവും ഒരുക്കിയിരിക്കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ഉള്‍ച്ചേര്‍ക്കുക, രക്ഷിതാക്കള്‍ക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ദിനാഘോഷത്തിനുണ്ട്.

ദിനപ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒമ്പതു മുതല്‍ തുടങ്ങിയ ബഡ്‌സ് വാരാഘോഷവും ഇന്ന് സമാപിക്കും. ഫല വൃക്ഷത്തൈ നടീൽ, ഗൃഹസന്ദർശനം, രക്ഷകതൃ സംഗമം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികൾ സംസ്ഥാനത്തെ എല്ലാ ബഡ്‌സ് സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ഇന്ന് വൈകീട്ട് മൂന്നിന് കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ ബഡ്സ് ദിന പ്രഖ്യാപനവും ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. അഡ്വ. എം. വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന ‘സജ്ജം ‘ ബില്‍ഡിങ് റെസിലിയന്‍സ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്‌സ് ലോഗോപ്രകാശനവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ നിര്‍വഹിക്കും. മത്സരത്തിലൂടെയാണ് ബഡ്‌സ് സ്ഥാപനങ്ങള്‍ക്കുള്ള ലോഗോയും ടാഗ്‌ലൈനും കണ്ടെത്തിയത്. 10000 രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.

നിലവില്‍ 359 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 വയസ്സ് വരെയുള്ള കട്ടികള്‍ക്കായി 167 ബഡ്‌സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി 192 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും നിലവിലുണ്ട്. റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ തൊഴില്‍, ഉപജീവന പരിശീലനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലൂടെ 11,642 പേര്‍ക്ക് ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്‍കിവരുന്നു. 495 അധ്യാപകരും 622 ആയമാരും ബഡ്സ് സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം.

ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉപജീവന പദ്ധതിയും നടപ്പിലാക്കിവരുന്നു. ബഡ്സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് പലപ്പോഴും കുട്ടികളോടൊപ്പം സ്ഥാപനങ്ങളില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്നത് കണക്കിലെടുത്തുകൊണ്ടാണ് അവരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള പരിശീനാര്‍ത്ഥികള്‍ക്കും സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിന് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി വരുന്നു. പേപ്പര്‍-പേന നിര്‍മ്മാണം, പേപ്പര്‍ ഫയല്‍ നിര്‍മ്മാണം, കുട നിര്‍മ്മാണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തൊഴില്‍ പരിശീലനങ്ങളാണ് ഇത്തരത്തില്‍ നല്‍കി വരുന്നത്. നിലവില്‍ 162 സംരംഭങ്ങള്‍ ബഡ്സ് സ്ഥാപനങ്ങളുടെ ഭാഗമായുണ്ട്.

കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴില്‍ ബഡ്‌സ് സ്ഥാപങ്ങളിലെ കുട്ടികള്‍ തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ ഇതള്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്. ജില്ലയിലെ 14 ബഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നായി നോട്ട് പാഡ്, ഓഫീസ് ഫയല്‍, വിത്തുപേന, തുണിസഞ്ചി, പേപ്പര്‍ സഞ്ചി തുടങ്ങിയ മനോഹരമായ ഉത്പന്നങ്ങളാണ് ഇതള്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. ബഡ്സ് സ്ഥാപനങ്ങളിലെ മുഴുവന്‍ പരിശീനാര്‍ഥികളെയും സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പോളിസി തുക പൂര്‍ണ്ണമായും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

ബഡ്സ് പരിശീലനാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പരമാവധി പ്രോത്സാഹനം നല്‍കുന്നു. ഇതിനായി ബഡ്സ് കലോത്സവങ്ങള്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്നുണ്ട്. സ്ഥാപന-ജില്ലാ-സംസ്ഥാന തലങ്ങളിലാണ് ബഡ്സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.

ബഡ്‌സ് സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ സംഗീതം, നൃത്തം, മറ്റ് കലാ-കായികഇനങ്ങള്‍, യോഗ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ഉണര്‍വേകുന്നതിനായി സഞ്ജീവനി അഗ്രി തെറാപ്പി പ്രവര്‍ത്തനങ്ങളും നടത്തുന്നു. എല്ലാ ബഡ്സ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കുട്ടികളുടെയും പരിശീലനാര്‍ഥികളുടെയും മാനസികോല്ലാസം ലക്ഷ്യമിട്ട് കാര്‍ഷിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.