Articles
ഔറംഗസീബും ഗാന്ധിജിയും പിന്നെ ഹിന്ദുത്വവാദികളും
ഗാന്ധിജി പ്രശംസിച്ച ഔറംഗസീബിനെ ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന് വ്യക്തം. ഔറംഗസീബിനെയും അദ്ദേഹത്തിന്റെ ഭരണകാലത്തെയും കുറിച്ച് പലതവണ ഗാന്ധിജി നല്ല വാക്ക് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഔറംഗസീബിന്റെ സ്മൃതി കുടീരത്തിനെതിരെ ഹിന്ദുത്വ ശക്തികള്‍ ഫണമുയര്‍ത്തുന്നത് അതുകൊണ്ട് കൂടിയായിരിക്കാം.

1931 നവംബര്‍ ഒന്ന്, പ്രഭാതം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പെംബ്രോക്ക് കോളജില്‍ മഹാത്മാ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ നല്ലൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ ജെയിംസ് എല്ലിസ് ബാര്‍ക്കര്‍, ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ഗോള്‍ഡ്സ്വര്‍ത്തി ലൂയിസ് ഡിക്കിന്‍സണ്‍, സ്‌കോട്ടിഷ് ദൈവശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മുറെ, ബ്രിട്ടീഷ് എഴുത്തുകാരി എവ്്ലിന്‍ റാഞ്ച് തുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രസംഗം നിശ്ചയിച്ച സമയത്തേക്കാള്‍ നീണ്ടു.
പ്രസംഗം തുടരുന്നതിനിടെ അദ്ദേഹം പറഞ്ഞു, “സത്യസന്ധമായി വിഷയത്തെ കാണാന്‍ ആഗ്രഹിക്കുന്ന ഓരോ ഇംഗ്ലീഷുകാരനും ഇന്ത്യ സ്വതന്ത്രമായി കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് എനിക്കറിയാം, പക്ഷേ, ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങിയാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്നും രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകുമെന്നും നിങ്ങള്‍ കരുതുന്നത് സങ്കടകരമാണ്. ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ എന്തിനാണ് ഇത്രയധികം വിഷമിക്കുന്നത്? ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുള്ള ഇന്ത്യയുടെ ചരിത്രം നിങ്ങള്‍ പരിശോധിക്കുക. ഇന്നത്തേതു പോലുള്ള ഹിന്ദു- മുസ്‌ലിം കലാപങ്ങള്‍ ഔറംഗസീബിന്റെ ഭരണകാലത്ത് നടന്നതായി കാണാന്‍ നിങ്ങള്‍ക്ക് കഴിയില്ല’. ഗാന്ധിജി പ്രശംസിച്ച ഔറംഗസീബിനെ ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന് വ്യക്തം.
ഔറംഗസീബിനെയും അദ്ദേഹത്തിന്റെ ഭരണകാലത്തെയും കുറിച്ച് പലതവണ ഗാന്ധിജി നല്ല വാക്ക് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഔറംഗസീബിന്റെ സ്മൃതി കുടീരത്തിനെതിരെ ഹിന്ദുത്വ ശക്തികള്‍ ഫണമുയര്‍ത്തുന്നത് അതുകൊണ്ട് കൂടിയായിരിക്കാം.ഔറംഗാബാദ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന്റെ പേര് കാവി പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഈയിടെ ഛത്രപതി സംഭാജി നഗര്‍ എന്ന് മാറ്റുകയുണ്ടായി. ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഖുല്‍ദാബാദ്. ഔറംഗസീബിന്റെ സ്മൃതി കുടീരം ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഔറംഗസീബിന്റെ സ്മൃതി കുടീരം അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം വളരെ ലാളിത്യത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. മണ്ണു കൊണ്ട് പൊതിഞ്ഞ ഖബ്്ർ. ഇതിന്റെ അന്നത്തെ നിര്‍മാണച്ചെലവ് 14 രൂപയും 12 അണയും ആയിരുന്നുവെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്മൃതി കുടീരത്തിനു സമീപം ഒരു സബ്ജ മരം നട്ടുവളര്‍ത്തിയിട്ടുണ്ട്. സമീപമുള്ള ശിലാഫലകത്തില്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ മുഴുവന്‍ പേര് അബ്ദുല്‍മുസാഫര്‍ മുഹിയുദ്ദീന്‍ ഔറംഗസീബ് ആലംഗീര്‍ എന്നും 1618ല്‍ ജനനമെന്നും 1707ല്‍ മരണം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്മൃതി കുടീരവും ചുറ്റുമുള്ള പ്രദേശങ്ങളും നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഇവിടേക്കുള്ള പ്രവേശന കവാടത്തില്‍ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു – “ഇതൊരു സംരക്ഷിത സ്മാരകമാണ്, ഇത് നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആക്ട് പ്രകാരം മൂന്ന് മാസം തടവോ 5,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും’. മഹാനായ മുഗള്‍ ചക്രവര്‍ത്തിയുടെ സ്മൃതി കുടീരം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ അനുഭവമായിരിക്കുമെന്നുമാണ് ഹിന്ദുത്വവാദികളുടെ ഭീഷണി.
ഡല്‍ഹി ആസ്ഥാനമായ മുഗള്‍ സുല്‍ത്താനേറ്റിന്റെ ചക്രവര്‍ത്തിയായ ഔറംഗസീബ് തന്റെ അവസാന നിദ്രക്കായി ഖുല്‍ദാബാദ് തിരഞ്ഞെടുത്തത് ഗുരുവും സൂഫിവര്യനുമായ സയ്യിദ് സൈനുദ്ദീന്‍ ശിറാസി ചിശ്തിയോടുള്ള ബഹുമാനം കൊണ്ടായിരുന്നു. 1707 മാര്‍ച്ചില്‍ തൊണ്ണൂറാമത്തെ വയസ്സില്‍ അഹല്യാ നഗറില്‍ വെച്ച് മരണപ്പെട്ട ഔറംഗസീബിനെ തന്റെ വില്‍പ്പത്ര പ്രകാരം ഖുല്‍ദാബാദിലെ സയ്യിദ് സൈനുദ്ദീന്‍ ശിറാസി ചിശ്തിയുടെ മഖ്ബറക്കു സമീപം ഖബറടക്കുകയായിരുന്നു. ഖുല്‍ദാബാദ് മതപരമായും ചരിത്രപരമായും ഏറെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ്.
പ്രശസ്തമായ ഹൈന്ദവ മതകേന്ദ്രമായ ഭദ്ര മാരുതിയും ഗിരിജ ദേവി ക്ഷേത്രവും ദത്ത ക്ഷേത്രവും ഇവിടെയാണ്. സൂഫിവര്യന്മാരുടെ നിരവധി മഖ്ബറകളും ഇവിടെയുണ്ട്. ദൂരദിക്കുകളില്‍ നിന്ന് പോലും മുസ്‌ലിംകളടക്കമുള്ളവര്‍ ഖുല്‍ദാബാദിലെ ദര്‍ഗകള്‍ സന്ദര്‍ശിക്കാനെത്തുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ മഹത്തായ പാരമ്പര്യവും ഈ പ്രദേശത്തിനുണ്ട്. ശിവജി ജയന്തിയും അംബേദ്കര്‍ ജയന്തിയും ഹോളിയും ഈദും ഉറൂസും ഇവിടുത്തെ ജനങ്ങള്‍ക്ക് സൗഹൃദം പങ്കിടാനുള്ള ആഘോഷങ്ങളാണ്.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ആശയത്തിന്റെ വക്താക്കളായ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് ഔറംഗസീബ് തുടങ്ങി ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ച് തെറ്റായ ചിത്രങ്ങള്‍ വരച്ചുവെച്ച് കൊണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ വിതച്ച വിഷ വിത്ത് വീണ്ടും വിതക്കാന്‍ രാജ്യത്തിന്റെ ഐക്യം ഇഷ്ടപ്പെടാത്ത ശക്തികള്‍ ശ്രമിച്ചുവരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ കളത്തിലിറങ്ങാന്‍ കാരണം വിക്കി കൗശല്‍ മുഖ്യകഥാപാത്രമായ “ഛാവ’ എന്ന സിനിമയാണ്.
മറാത്തിയുടെ രണ്ടാമത്തെ ഭരണാധികാരിയും ഛത്രപതി ശിവജിയുടെ പുത്രനുമായ സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ശിവജി സാവന്തിന്‍ എഴുതിയ മറാത്തി നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ദിനേഷ് വിജന്‍ നിര്‍മിച്ച് ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത “ഛാവ’. സിനിമ പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ്. ദി കശ്മീര്‍ ഫയല്‍സ്, ദി കേരള സ്റ്റോറി മാതൃകയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന സിനിമയായിരുന്നു “ഛാവ’യും. പ്രസ്തുത സിനിമയില്‍ ഔറംഗസീബിനെയും മുഗള്‍ ഭരണത്തെയും അവതരിപ്പിക്കുന്നത് ക്രൂരന്മാരായ പ്രതിനായകരായിട്ടാണ്. നാഗ്പൂരില്‍ കലാപത്തിനു കാരണം ഈ സിനിമയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുറന്നു സമ്മതിക്കുകയുണ്ടായി.
ഔറംഗസീബിനെ മഹത്വവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഇതോടൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭീഷണിയും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി ഫഡ്‌നാവിസിനെ പോലുള്ളവര്‍ ഔറംഗസീബിനെ വായിച്ചെടുക്കുന്നത് അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാരുടെയും അവരെ പിന്‍പറ്റിയവരുടെയും എഴുത്തിലൂടെയാണ്. ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ ദ്രോഹബുദ്ധിയാലും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയുമാണ് ഇന്ത്യയുടെ ചരിത്രം എഴുതിയിരിക്കുന്നതെന്ന് ഗാന്ധിജി തന്റെ ആദ്യ പുസ്തകമായ ഹിന്ദ് സ്വരാജില്‍ വിശദമാക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ ടിപ്പു സുല്‍ത്താന്‍ വരെയുള്ളവരെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ നടത്തിയതായി ഗാന്ധിജി പലതവണ തുറന്നുകാട്ടിയിരുന്നു.
ഔറംഗസീബിന്റെ ജീവിതത്തിലെ ലാളിത്യവും കഠിനാധ്വാനവും മഹാത്മാ ഗാന്ധിയെ വല്ലാതെ സ്വാധീനിച്ചിരുന്നു.
1920 ജൂലൈ 21ലെ “യംഗ് ഇന്ത്യ’യില്‍ എഴുതിയ “ചര്‍ക്ക കാ സംഗീത്’ എന്ന ലേഖനത്തില്‍ ഗാന്ധിജി ഇങ്ങനെ എഴുതി, “ഇന്ത്യയിലെ രാജാക്കന്മാരും മഹാറാണിമാരും തറിയില്‍ ഇരുന്ന് രാജ്യത്തിനായി വസ്ത്രങ്ങള്‍ നെയ്യാന്‍ തുടങ്ങുന്നതു വരെയും താന്‍ തൃപ്തനാകില്ല’. സ്വന്തമായി തൊപ്പി തുന്നി ജീവിച്ച ഔറംഗസീബിനെ ഉദാഹരണമായി അദ്ദേഹം ലേഖനത്തില്‍ എടുത്തുകാട്ടുകയുണ്ടായി.
1921 ഒക്ടോബര്‍ 20ന് ഗുജറാത്തി മാസികയായ നവ്ജീവനില്‍ ഗാന്ധിജി എഴുതി, “ഓരോ ധനികനും തങ്ങളുടെ മനസ്സില്‍ ജോലി ചെയ്യരുത് എന്ന ചിന്ത വളര്‍ന്നു വരാന്‍ അനുവദിക്കരുത്. ഈ ചിന്ത നമ്മളെ മടിയന്മാരും ദരിദ്രരുമായി മാറ്റും. ഔറംഗസീബിന് ജോലി ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല.എന്നിട്ടും അദ്ദേഹം തൊപ്പി തുന്നുമായിരുന്നു. ജോലി ചെയ്യുക എന്നത് നമ്മുടെ കടമയായി കാണണം.’
1921 നവംബര്‍ 10ലെ “യംഗ് ഇന്ത്യ’യില്‍ അദ്ദേഹം ഇതേ കാര്യം ആവര്‍ത്തിക്കുന്നു, ‘മറ്റുള്ളവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നതിനേക്കാള്‍, നൂല്‍നൂറ്റ് ഉപജീവനം കണ്ടെത്തുന്നത് അഭിമാനമായി കാണുക. ഔറംഗസീബ് തൊപ്പികള്‍ തുന്നിയത് അദ്ദേഹത്തിന് ജീവിക്കാന്‍ മാര്‍ഗം ഇല്ലാത്തതു കൊണ്ടായിരുന്നില്ല’.