Business
ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതി രത്തന്‍ ടാറ്റയ്ക്ക്
ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ന്യൂഡല്‍ഹി| രാജ്യത്തെ പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ബാരി ഒ ഫാരെല്‍ പറഞ്ഞു. രത്തന്‍ ടാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ ബഹുമതി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രത്തന്‍ ടാറ്റയുടെ വ്യവസായ രംഗത്തെ സംഭാവനകള്‍ക്ക് രാജ്യം സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ മൂന്നാമത്തെയും രണ്ടാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് നല്‍കിയിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത രത്തന്‍ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്.