Ongoing News
വനിതാ ടി20 ലോകകപ്പിൽ ആസ്ത്രേലിയക്ക് ആറാം കിരീടം
അർധ സെഞ്ച്വറിയുമായി ആസ്‌ത്രേലിയൻ ബാറ്റിംഗിന് കരുത്തുപകർന്ന ഓപണർ ബെത് മൂണിയാണ് കളിയിലെ താരം

കേപ്്ടൗൺ | വനിതാ ടി20 ലോകകപ്പിൽ ആസ്ത്രേലിയക്ക് ആറാം കിരീടം. കലാശപ്പോരിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റൺസിന് തോൽപ്പിച്ചാണ് കങ്കാരുപ്പടയുടെ ജൈത്രയാത്ര. ഓസീസിന്റെ തുടർച്ചയായ മൂന്നാം കിരീടം കൂടിയാണിത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റിന് 156 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റിന് 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അർധ സെഞ്ച്വറിയുമായി ആസ്‌ത്രേലിയൻ ബാറ്റിംഗിന് കരുത്തുപകർന്ന ഓപണർ ബെത് മൂണിയാണ് കളിയിലെ താരം. 53 പന്തിൽ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സുമടക്കം മൂണി 74 റൺസെടുത്തു. 110 റൺസും പത്ത് വിക്കറ്റും നേടിയ ആസ്‌ത്രേലിയയുടെ തന്നെ ആഷ്്‌ലി ഗാർഡ്‌നർ ടൂർണമെന്റിന്റെ താരമായി.
മറുപടി ബാറ്റിംഗിൽ ഓപണർ ലോറ വോൾവാർത്ത് (48 പന്തിൽ 61) അർധ സെഞ്ച്വറിയുമായി പടനയിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ലോറക്ക് പുറമേ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത് ക്ലോയ് ട്രിയോൺ (25), ടാസ്മിൻ ബ്രിറ്റ്‌സ് (10), മാരിസാൻ കാപ്പ് (11) എന്നിവർ മാത്രം.
മൂണിയെ കൂടാതെ ആഷ്‌ലി ഗാർഡ്‌നർ (21 പന്തിൽ 29), ഓപണർ അലീസ ഹീലി (20 പന്തിൽ 18) എന്നിവരാണ് ആസ്‌ത്രേലിയക്കായി കൂടുതൽ റൺസ് നേടിയത്. ദക്ഷിണാഫ്രിക്കക്കായി മാരിസാൻ കാപ്പ്, ഷബ്‌നിം ഇസ്മാഈൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.