Connect with us

Editors Pick

ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്ക്; കാരണം ഇതാണ്

കൗമാരക്കാരെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയാണ് നടപടി.

Published

|

Last Updated

മെല്‍ബണ്‍|ഓസ്ട്രേലിയയില്‍ പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി സര്‍ക്കാര്‍. ഇതിനായി നിയമം കൊണ്ടുവന്നു. 19ന് എതിരെ 34 വോട്ടിനാണ് സെനറ്റില്‍ ബില്‍ പാസ്സാക്കിയത്. ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ളവ കുട്ടികള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചുകോടി ഓസ്ട്രേലിയന്‍ ഡോളര്‍ (274.5 കോടി രൂപ) പിഴ ഈടാക്കും.

കൗമാരക്കാരെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയാണ് നടപടി. സാമൂഹിക മാധ്യമങ്ങളില്‍ ഈ പ്രായക്കാര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നതായി പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ഭീഷണി, സമ്മര്‍ദം, ഉത്കണ്ഠ, തട്ടിപ്പ് എന്നിവയ്ക്ക് കുട്ടികള്‍ ഇരയാകുന്നതായും അതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രായ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളുകളായി ഓസ്ട്രേലിയയില്‍ പുരോഗമിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട തീവ്രമായ പൊതുചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി പ്രക്രിയകള്‍ക്കും ശേഷമാണ് ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തത്. ദക്ഷിണകൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും സമാന നിയമമുണ്ട്.

 

Latest