Ongoing News
വനിതാ ക്രിക്കറ്റ് പരമ്പര തൂത്തുവാരി ആസ്‌ത്രേലിയ
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 190 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി ആസ്‌ത്രേലിയ.
![](https://assets.sirajlive.com/2024/01/au.gif)
മുംബൈ | ആസ്‌ത്രേലിയക്കെതിരായ വനിതാ ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 190 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ആസ്‌ത്രേലിയ പരമ്പര തൂത്തുവാരിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ മുന്നോട്ടുവച്ച 339 ണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 148 റണ്‍സിന് പുറത്തായി. സ്‌കോര്‍: ആസ്‌ത്രേലിയ- ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338, ഇന്ത്യ- 148 റണ്‍സിന് എല്ലാവരും പുറത്ത്. 17 ഓവറുകളും രണ്ട് പന്തുകളും ശേഷിക്കേയാണ് ഇന്ത്യയുടെ ബാറ്റര്‍മാര്‍ മുഴുവനായി കൂടാരം കയറിയത്.
ഇന്ത്യക്കു വേണ്ടി സ്മൃതി മന്ദാന (29), റിച്ച ഘോഷ് (19), ജെമിമ റോഡ്രിഗസ് (25), ദീപ്തി ശര്‍മ (25), പൂജ വസ്ത്രാകര്‍ (14) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കത്തിലെത്താനായത്. സ്മൃതിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആസ്‌ത്രേലിയന്‍ ബൗളര്‍മാരില്‍ ജോര്‍ജിയ വെയര്‍ഹാം മൂന്ന് വിക്കറ്റ് വീഴ്ത്തി. മേഗന്‍ ഷട്ട്, അലന കിംഗ്, അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു. അഷ്‌ലേഗ് ഗാര്‍ഡനര്‍ ആണ് അവശേഷിക്കുന്ന ഒരു വിക്കറ്റ് സ്വന്തമാക്കിയത്.
നേരത്തെ, സെഞ്ച്വറി നേടിയ ഫോബ് ലിച്ച്ഫീല്‍ഡ് (119), ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി (82) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആഷ്‌ലേഗ ഗാര്‍ഡനര്‍ (30), അന്നബെല്‍ സതര്‍ലെന്‍ഡ് (23), അലന കിംഗ് (26) എന്നിവരും നന്നായി ബാറ്റ് ചെയ്തു.