Ongoing News
അഞ്ചാം അങ്കത്തില്‍ ഓസീസിന് ജയം, പരമ്പര; ഇന്ത്യയുടെ ലോക ടെസ്റ്റ് ഫൈനല്‍ മോഹങ്ങള്‍ക്ക് വിരാമം
ഇന്ത്യ മുന്നോട്ടുവച്ച 162 റണ്‍സ് വിജയലക്ഷ്യം ആസ്‌ത്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ കൈവരിച്ചു.
സിഡ്‌നി | അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയം നേടി ആസ്‌ത്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി. മൂന്നാം ദിനത്തില്‍ തന്നെ ഓസീസ് കാര്യങ്ങള്‍ തീരുമാനമാക്കുകയായിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുള്ള ഇന്ത്യന്‍ മോഹങ്ങള്‍ക്ക് വിരാമമായി.
ഇന്ത്യ മുന്നോട്ടുവച്ച 162 റണ്‍സ് വിജയലക്ഷ്യം ആസ്‌ത്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ കൈവരിച്ചു. ഉസ്മാന്‍ ഖവാജ (45 പന്തില്‍ 41), ട്രാവിസ് ഹെഡ് (പുറത്താകാതെ 38ല്‍ 34), ബ്യൂ വെബ്സ്റ്റര്‍ (പുറത്താകാതെ 34ല്‍ 39)എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് വേഗത്തില്‍ ജയം സമ്മാനിച്ചത്. അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം ആസ്‌ത്രേലിയ ജയിച്ചപ്പോള്‍ ഇന്ത്യക്ക് ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.
58 റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് വീണ് ഓസീസ് തുടക്കത്തില്‍ പതറിയെങ്കിലും ഖവാജ, ഹെഡ്, വെബ്സ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം അനുകൂലമാക്കുകയായിരുന്നു. നായകന്‍ ജസ്പ്രീത് ബുംറ ഇന്ന് കളത്തിലിറങ്ങിയിരുന്നില്ല. ഇത് ഇന്ത്യന്‍ ബൗളിംഗിന്റെ മുനയൊടിച്ചു. ബുംറയാണ് പരമ്പരയിലെ താരം. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റെടുത്തു. സ്‌കോര്‍: ഇന്ത്യ ആദ്യ ഇന്നിംഗ്‌സ്-185, രണ്ടാം ഇന്നിംഗ്‌സ്-157, ആസ്‌ത്രേലിയ ആദ്യ ഇന്നിംഗ്‌സ്-181, രണ്ടാം ഇന്നിംഗ്‌സ്-162/4.