National
വധശിക്ഷ നടപ്പിലാക്കാന്‍ അധികൃതർക്ക് അറിയിപ്പ് കിട്ടി; ആക്ഷൻ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം
ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല..

ന്യൂഡല്‍ഹി| യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഒരുക്കം തുടങ്ങിയെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്നു പറയുന്ന നിമിഷ പ്രിയയുടെ ശബ്ദസന്ദേശം സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ലഭിച്ചത്.
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശം.ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നതെന്നാണ് ജയന്‍ ഇടപാള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല..
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷ പ്രിയയ്‌ക്കെതിരേയുള്ള കേസ്. 2018ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.