Connect with us

Kerala

ഓട്ടോ ഡ്രൈവറുടെ മരണം: ബസുകൾ തടഞ്ഞ് ഓട്ടോ തൊഴിലാളികൾ

പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നു

Published

|

Last Updated

മലപ്പുറം| മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ ആക്രമണത്തിന് പിന്നാലെ  ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചതിൽ പ്രതിഷേധിച്ച് ബസുകൾ തടഞ്ഞ് ഓട്ടോ തൊഴിലാളികൾ. മലപ്പുറം ഒതുക്കുങ്ങലിലാണ് ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചത്. പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പ്രതിഷേധത്തെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുങ്ങി. മലപ്പുറം- കോട്ടക്കൽ റൂട്ടിൽ ബസുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

ഓട്ടോഡ്രൈവർ മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനാണ് ഇന്നലെ ബസ് ജീവനക്കാരുടെ മർദനമേറ്റത്. സംഭവത്തിന് ശേഷം ലത്തീഫ് തന്നെ ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു മരണം സംഭവിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് എത്തുന്നതിന് മുന്‍പ് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. ഓട്ടോറിക്ഷ പിന്തുടര്‍ന്ന ബസ് ജീവനക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് അബ്ദുള്‍ ലത്തീഫിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം.

മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ആണ് ലത്തീഫിനെ മര്‍ദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Latest