Connect with us

Kerala

അടൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

അടൂര്‍ | അടൂര്‍ പതിനാലാം മൈലില്‍ ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദിച്ച കേസുകളില്‍ നാലുപേര്‍ അറസ്റ്റില്‍. അടൂര്‍ ചേന്നമ്പള്ളി വിജി നിവാസില്‍ വിജിലാല്‍ (35), സഹോദരന്‍ വിനുലാല്‍ (31), പെരിങ്ങനാട് കുന്നത്തൂക്കര റോബിന്‍ വില്ലയില്‍ പ്രിന്‍സ് രാജു (37), പെരിങ്ങനാട് പാറക്കൂട്ടം അമ്പനാട്ടു പള്ളിക്ക് സമീപം അംബേദ്കര്‍ ഭവനത്തില്‍ അനൂപ് (34) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ അടൂര്‍ പതിനാലാം മൈല്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ഇരുചക്രവാഹനത്തില്‍ വന്ന ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍, ആളുകളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിനിടെ ട്രാഫിക് വാര്‍ഡന്‍ റെജി വര്‍ഗീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. റെജി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയത് ഇവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ഭീഷണി മുഴക്കി. ഇതോടെ സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇടപെടുകയും ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം അടൂര്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയ പ്രതികള്‍, രാത്രി എട്ടോടെ തിരിച്ചെത്തി വീഡിയോ എടുത്തുവെന്ന് കരുതിയ പെരിങ്ങനാട് തൊഴുവിളപ്പടി മേലൂട് ഹിമം ഹൗസില്‍ ഷാജിയെ മര്‍ദിക്കുകയായിരുന്നു.

രാത്രി 8.45 ഓടെ ചേന്നമ്പള്ളി ജങ്ഷനില്‍ വച്ച് സ്റ്റാന്‍ഡിലെ മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പെരിങ്ങനാട് തൊഴുവിളപ്പടി കളിയിക്കല്‍ പുത്തന്‍വീട്ടില്‍ ആര്‍ ശ്രീകുമാറിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest