Connect with us

editorial

ഓട്ടോ പെര്‍മിറ്റ് പരിഷ്‌കരണം: ആശങ്കയകറ്റണം

ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം വിവാദമായ സാഹചര്യത്തില്‍ സംഘര്‍ഷത്തിലേക്കോ പണിമുടക്ക് സമരത്തിലേക്കോ എത്താതെ കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്ക അകറ്റണം.

Published

|

Last Updated

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം വിവാദമായിരിക്കുകയാണ്. ഇത് സാധാരണ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നും വന്‍കിട കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമെന്നുമാണ് ഓട്ടോ-ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി ഐ ടി യു) ഉൾപ്പെടെ തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്.

അപകടങ്ങള്‍ വര്‍ധിക്കാനും ഇതിടയാക്കുമെന്ന് പറയപ്പെടുന്നു. ഓട്ടോറിക്ഷക്ക് അനുവദിച്ച പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുമ്പോള്‍ ഓട്ടോറിക്ഷകള്‍ അതിവേഗ പാതകളില്‍ ഓടേണ്ടി വരുമെന്നും വേഗം കൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്നും അത് അപകടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്നുമാണ് ഫെഡറേഷന്‍ വാദം.

നിലവില്‍ റൂറല്‍ ലെവല്‍ ബാഡ്ജുള്ള ഓട്ടോകള്‍ വന്‍നഗരങ്ങളില്‍ ഓടാറില്ല. നഗരങ്ങളില്‍ ഓടുന്ന ഓട്ടോകള്‍ ഗ്രാമങ്ങളിലും ഓടാറില്ല. പരിധി ലംഘിച്ച് സര്‍വീസ് നടത്തിയതിന്റെ പേരില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങി ഏറ്റവും കൂടുതല്‍ ഓട്ടോ സര്‍വീസുള്ള നഗരങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാറുണ്ട്. സംസ്ഥാന പെര്‍മിറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ ഇത്തരം സംഘര്‍ഷങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്നാണ് ഫെഡറേഷന്‍ പറയുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് യൂനിയന്‍ നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

അതേസമയം പെര്‍മിറ്റ് പരിഷ്‌കരണ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും തൊഴിലാളി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നുമാണ് ഗതാഗത മന്ത്രി വ്യക്തമാക്കിയത്.
ജില്ലാതലത്തില്‍ മാത്രമാണ് ഇതുവരെയും ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ പെര്‍മിറ്റ് നല്‍കിയിരുന്നത്. ജില്ലക്ക് പുറത്ത് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഓടാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ഇത് മാറ്റി പെര്‍മിറ്റ് സംസ്ഥാനാടിസ്ഥാനത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചത് കണ്ണൂര്‍ മാടായി സി ഐ ടി യു യൂനിറ്റാണ്. നവകേരള സദസ്സിലാണ് സംഘടന ഇതുസംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചത്. ജില്ലക്ക് പുറത്ത് 20 കിലോമീറ്ററെന്നത് 30 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സി ഐ ടി യു സ്റ്റേറ്റ് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രതിനിധിയും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ ജൂലൈ പത്തിന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ട്രാഫിക് ചുമതലയുള്ള ഐ ജിയും ചേര്‍ന്നാണ് സംസ്ഥാനതല പെര്‍മിറ്റ് സിസ്റ്റം പ്രഖ്യാപിച്ചത്.

ഇത് അപകടം വര്‍ധിപ്പിക്കുമെന്ന് യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിരാകരിക്കുകയായിരുന്നു. സാങ്കേതിക സൗകര്യങ്ങള്‍ കുറഞ്ഞ പഴയകാല ഓട്ടോകള്‍ സര്‍വീസ് നടത്തിയ കാലത്താണ് പെര്‍മിറ്റ് ജില്ലാ അടിസ്ഥാനത്തില്‍ പരിമിതപ്പെടുത്തിയത്. അത്തരം ഓട്ടോകളില്‍ ഡ്രൈവറുടെ സീറ്റിനു താഴെയായിരുന്നു എന്‍ജിന്‍. ഒരു മണിക്കൂര്‍ ഓടുമ്പോള്‍ എന്‍ജിന്‍ ചൂടായി നിര്‍ത്തിയിടേണ്ടി വരും. ഇപ്പോള്‍ നിരത്തിലിറങ്ങുന്ന ഓട്ടോകള്‍ക്ക് തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ ഓടാന്‍ കഴിയുമെന്നാണ് അപകട സാധ്യതയില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ക്ക് അതോറിറ്റിയുടെ മറുപടി.

ഓട്ടോകള്‍ക്ക് സംസ്ഥാന പെര്‍മിഷന്‍ അനുവദിക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സിക്കാരുടെ വയറ്റത്തടിക്കുമെന്നും സി എന്‍ ജി ഓട്ടോ കമ്പനികളെ സഹായിക്കാനാണ് പുതിയ തീരുമാനമെന്നുമുള്ള ആരോപണവുമായി ടാക്‌സിക്കാരും രംഗത്തുവന്നിട്ടുണ്ട്. സ്റ്റേറ്റ് പെര്‍മിറ്റ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഓണ്‍ലൈന്‍ ടാക്‌സി വിഭാഗം.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം, ജില്ലാ അതിര്‍ത്തിയിലെ താമസക്കാര്‍ക്ക് പ്രത്യേകിച്ചും അനുഗ്രഹവും ഗുണപ്രദവുമാണ് സംസ്ഥാന പെര്‍മിറ്റ്. നിലവില്‍ സാധാരണക്കാര്‍ക്ക് ജില്ല മാറി ദൂരെ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഉയര്‍ന്ന ചാര്‍ജ് നല്‍കി ടാക്‌സി കാറുകളെ ആശ്രയിക്കണം. ഓട്ടോകള്‍ക്ക് സംസ്ഥാനതല പെര്‍മിറ്റ് ലഭിക്കുന്നതോടെ കുറഞ്ഞ ചാര്‍ജില്‍ ഓട്ടോയില്‍ ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. സാധാരണ ഓട്ടോ തൊഴിലാളികളില്‍ ഗണ്യവിഭാഗവും പെര്‍മിറ്റ് പരിഷ്‌കരണത്തെ അനുകൂലിക്കുന്നു. സംസ്ഥാന പെര്‍മിറ്റ് അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് അവരുടെ നിലപാട്. നിലവില്‍ ജില്ലാ പെര്‍മിറ്റ് വെച്ച് സംസ്ഥാന-ദേശീയ പാതകളില്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട് ഓട്ടോകള്‍.

ദീര്‍ഘദൂര സഞ്ചാരത്തിന് അനുയോജ്യമല്ലാത്തതാണ് ഓട്ടോകളെന്നാണ് മറ്റൊരു എതിര്‍വാദം. എന്നാല്‍ ജില്ലക്കകത്ത് വിശ്രമമില്ലാതെ ഓടുന്ന ഓട്ടോകള്‍ നിരവധിയാണ്. മാത്രമല്ല, അനുമതി ലഭിച്ചാല്‍ തന്നെ ദീര്‍ഘദൂര യാത്രക്ക് ഓട്ടോയെ ആശ്രയിക്കുന്നവര്‍ കുറവുമായിരിക്കും.
ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം വിവാദമായ സാഹചര്യത്തില്‍ സംഘര്‍ഷത്തിലേക്കോ പണിമുടക്ക് സമരത്തിലേക്കോ എത്താതെ കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്ക അകറ്റണം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഒടുവില്‍ യൂനിയനുകളുടെ സമ്മര്‍ദത്തിനു വഴങ്ങി പിന്‍വലിക്കേണ്ടിവന്ന അനുഭവം ഇക്കാര്യത്തില്‍ ആവര്‍ത്തിക്കാന്‍ ഇടവരരുത്.