Connect with us

From the print

ആത്മകഥാ വിവാദം: പാര്‍ട്ടി ആവശ്യപ്പെട്ടില്ലെങ്കിലും വിശദീകരണം നല്‍കാന്‍ ഇ പി

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കുക.

Published

|

Last Updated

തിരുവനന്തപുരം | ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്‍ സി പി എമ്മിന് വിശദീകരണം നല്‍കും. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കുക. ഇക്കാര്യത്തില്‍ ഇ പിയോട് വിശദീകരണം തേടേണ്ടതില്ലെന്നാണ് സി പി എം തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എങ്കിലും സ്വന്തം ഭാഗം വിശദീകരിക്കാന്‍ തന്നെയാണ് ഇ പിയുടെ തീരുമാനം.

നീണ്ട ഇടവേളക്കു ശേഷമാണ് ഇ പി ജയരാജന്‍ സി പി എം സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നതെന്ന സവിശേഷത ഇന്നത്തെ യോഗത്തിനുണ്ട്. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ അദ്ദേഹം പങ്കെടുത്തിട്ടില്ല.

ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും പ്രസാധനത്തിന് ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാകും ഇ പി ഇന്ന് വിശദീകരിക്കുക. എന്നാല്‍, എങ്ങനെ പുസ്തക വിവാദമുണ്ടായി എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കുമോ എന്നതില്‍ വ്യക്തതയില്ല. യോഗത്തില്‍ ഇത് സംബന്ധിച്ച ചോദ്യമുയരാന്‍ സാധ്യതയുണ്ട്.

വിവാദത്തില്‍ ഇ പിക്കെതിരെ പാര്‍ട്ടി ഉടന്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്നാണ് കരുതുന്നത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചൂടിനിടെ അന്വേഷണം പ്രഖ്യാപിക്കുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഇ പിയില്‍ വിശ്വാസമുണ്ടെന്ന് എം വി ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നത് ഈ സാഹചര്യത്തിലാണ്.

അതിനിടെ, ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനില്‍ നിന്ന് സി പി എം അനൗദ്യോഗികമായി വിശദീകരണം തേടിയെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദമുണ്ടായതില്‍ പാര്‍ട്ടിയില്‍ പൊതുവെ അസംതൃപ്തിയുണ്ട്. പാര്‍ട്ടിയെയും ഭരണത്തെയും വിമര്‍ശിക്കുന്ന കാര്യങ്ങളാണ് ആത്മകഥയിലെ ഭാഗങ്ങള്‍ എന്ന തരത്തില്‍ ഉപതിരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി തന്നെ വിശദീകരണവുമായി രംഗത്തെത്തേണ്ട സ്ഥിതിയുണ്ടായി.

ബി ജെ പി നേതാവായ പ്രകാശ് ജാവ്ദേക്കറെ കണ്ടെന്ന ഇ പിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്ന് ഇ പിയുടെ നേരിട്ടുള്ള വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ശരിക്കും ഞെട്ടിച്ചതാണ്. ഇത്തവണ നേരിട്ടല്ലെങ്കിലും ആത്മകഥാ ഭാഗം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായതു മുതല്‍ പാര്‍ട്ടിയുമായി ഇ പി ജയരാജന്‍ അകല്‍ച്ചയിലാണ്. പിന്നാലെയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത്. അതിനു ശേഷം പാര്‍ട്ടി പരിപാടികളില്‍ പോലും അപൂര്‍വമായേ ഇ പി എത്താറുള്ളൂ.

 

Latest