Connect with us

Business

വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും ലയിക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

ജൂണിൽ അന്തിമ ലയന കരാർ ഒപ്പിടാനും 2026-ൽ ലയനം പൂർത്തിയാക്കാനുമാണ് തീരുമാനം

Published

|

Last Updated

ടോക്കിയോ | ജപ്പാനിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയും നിസ്സാൻ മോട്ടോർ കോർപ്പറേഷനും തമ്മിൽ ലയിക്കുന്നു. ലയന ചർച്ചകൾക്ക് തുടക്കമിട്ട് ഇരുകമ്പനികളും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ശേഷം ജൂണിൽ അന്തിമ ലയന കരാർ ഒപ്പിടാനും 2026-ൽ ലയനം പൂർത്തിയാക്കാനുമാണ് തീരുമാനമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോണ്ടയുടെ തോഷിഹിറോ മിബെയും നിസാൻ്റെ മക്കോട്ടോ ഉചിഡയും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരു കമ്പനികളും ഒരു ഹോൾഡിംഗ് കമ്പനി രൂപീകരിക്കാനാണ് പദ്ധതിയിടുന്നത്. ഹോണ്ടയുടെ പ്രതിനിധിയായിരിക്കും പുതിയ കമ്പനിയുടെ പ്രസിഡന്റ്.

നിസ്സാൻ്റെ പങ്കാളിയായ മിത്സുബിഷി മോട്ടോർ കോർപ്പറേഷന്റെ പ്രസിഡന്റുമാർ തിങ്കളാഴ്ച രാവിലെ ജപ്പാൻ ഗതാഗത മന്ത്രാലയത്തിൽ എത്തിയിരുന്നു. ലയന ചർച്ചകൾക്ക് മുന്നോടിയായി അധികൃതരെ വിവരമറിയിക്കാനാണ് ഇവർ എത്തിയതെന്നാണ് കരുതുന്നത്.

ഈ ലയനം യാഥാർത്ഥ്യമാവുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനികളിൽ ഒന്നായി ഇത് മാറും. ടൊയോട്ടയ്ക്കും ഫോക്‌സ്‌വാഗനും ശേഷം വിപണിയിൽ മൂന്നാം സ്ഥാനത്താകും പുതിയ കമ്പനിയുടെ സ്ഥാനം. ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ലയനം ഇരു കമ്പനികൾക്കും കൂടുതൽ കരുത്ത് നൽകുമെന്നാണ് വിലയിരുത്തൽ.

Latest