Connect with us

Kerala

പത്തനംതിട്ട മെഡിക്കല്‍ കോളജില്‍ ആഗസ്റ്റില്‍ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങും: മന്ത്രി വീണാ ജോര്‍ജ്

മന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Published

|

Last Updated

പത്തനംതിട്ട |  കോന്നി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സിവില്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സംവിധാനം കെ എം എസ് സി എല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. ആഗസ്റ്റ് മാസത്തില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

കോളജ് കെട്ടിടം, ക്വാര്‍ട്ടേഴ്സുകള്‍, ലക്ഷ്യ ലേബര്‍ റൂം എന്നിവ സെപ്റ്റംബറോടെ പൂര്‍ത്തിയാകും. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കോന്നി മെഡിക്കല്‍ കോളജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. എക്സ്റേയുടെയും സിടി സ്‌കാനിംഗിന്റേയും പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണം. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.

മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജീവനക്കാര്‍ യഥാസമയം ജോലിക്ക് വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണം. മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, മറ്റ് ഉദ്യോഗസ്ഥര്‍, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.