Kerala
ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണും പണവും കവര്‍ന്ന കേസ്; പ്രതികള്‍ അറസ്റ്റില്‍
ആറന്മുള മാലക്കര താന്നിക്കുന്നില്‍ വീട്ടില്‍ അഭില്‍ രാജ് (26), ആറന്മുള കിടങ്ങന്നൂര്‍ നീര്‍വിളാകം പടിഞ്ഞാറേതില്‍ അച്ചു എന്നു വിളിക്കുന്ന എം എ ജിതിന്‍ കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | ഓട്ടോറിക്ഷാ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി ഇല്ലെന്ന് പറഞ്ഞപ്പോള്‍, പോക്കറ്റില്‍ നിന്നും ഫോണും പണവും കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള മാലക്കര താന്നിക്കുന്നില്‍ വീട്ടില്‍ അഭില്‍ രാജ് (26), ആറന്മുള കിടങ്ങന്നൂര്‍ നീര്‍വിളാകം പടിഞ്ഞാറേതില്‍ അച്ചു എന്നു വിളിക്കുന്ന എം എ ജിതിന്‍ കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ആറന്മുള കിടങ്ങന്നൂര്‍ മണപ്പള്ളി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാ ഭവനില്‍ രാജപ്പന്‍ (68)ന്റെ പോക്കറ്റില്‍ നിന്നാണ് 500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നത്. 19ന് വൈകിട്ട് മൂന്നരയോടെ രാജപ്പന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ഇരിക്കുമ്പോള്‍ അഭില്‍രാജ് സുഹൃത്തും രണ്ടാം പ്രതിയുമായ ജിതിന്‍ കുമാറിനൊപ്പം സ്‌കൂട്ടറില്‍ അരികിലെത്തി. സ്‌കൂട്ടറില്‍ നിന്നിറങ്ങി വന്ന് 50 രൂപ ആവശ്യപ്പെടുകയും കൈയില്‍ പണമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ രാജപ്പന്റെ പോക്കറ്റില്‍ നിന്നും പണവും മൊബൈല്‍ ഫോണും ബലമായി പിടിച്ചുപറിച്ചെടുത്ത് ഓടുകയുമായിരുന്നു.
അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടില്‍ നിന്നും പിന്നീട് കണ്ടെടുത്തു. ഇയാളെയും വാഹനവും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നഷ്ടമായ ഫോണിന്റെ ഐ എം എ ഐ നമ്പര്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണത്തില്‍ പുതിയ സിം കാര്‍ഡ് ഇട്ട് ഫോണ്‍ ഒന്നാം പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി. അങ്ങനെയാണ് അഭില്‍രാജിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും മൊബൈല്‍ പോലീസ് സംഘം കണ്ടെടുത്തു.
പാറശ്ശാല റെയില്‍വേ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കൈവശം വച്ച കേസിലും ആറന്മുളയിലെ മറ്റൊരു കേസിലും അഭില്‍ പ്രതിയാണ്. ജിതിന്‍ ആറന്മുള സ്റ്റേഷനിലെ മറ്റൊരു കേസിലും, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.