Connect with us

First Gear

ഇലക്ട്രിക്കിലും സോളാറിലും ഓടുന്ന ഓട്ടോറിക്ഷ; വെഗ ഇടിഎക്‌സ്

സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞ നഗര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത പുതുതലമുറ ഇലക്ട്രിക് ത്രീ-വീലറാണ് ഇടിഎക്‌സ്.

Published

|

Last Updated

ന്യൂഡല്‍ഹി| ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന കാലമാണിത്. ഉയര്‍ന്ന ഇന്ധന വിലയ്ക്ക് പരിഹാരമായാണ് പലരും ഇവികളിലേക്ക് മാറുന്നത്. പാസഞ്ചര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമല്ല വാണിജ്യ വാഹനങ്ങളും പൊതുഗതാഗതവും ഇവിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയിലും മറ്റ് ചില തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സാധാരണയായി ടക് ടക്കുകള്‍ എന്ന് വിളിക്കപ്പെടുന്ന ത്രീ-വീലര്‍ ഓട്ടോറിക്ഷകള്‍ ഇപ്പോഴും പൊതുഗതാഗതത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ നിരത്തുകള്‍ ഒഴിയാന്‍ തുടങ്ങിയിട്ടുണ്ട്.

അധികം താമസിയാതെ വാഹന വിപണിയില്‍ നിന്ന് ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കേരളത്തില്‍ സിഎന്‍ജി മോഡലുകളിലേക്കാണ് കൂടുതല്‍ റിക്ഷകളും മാറുന്നത്. എങ്കിലും ഒരു വിഭാഗം ആളുകള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ ചെലവില്‍ കൊണ്ടുനടക്കാനാവുമെന്നതാണ് ഇത്തരം മോഡലുകളുടെ പ്രത്യേകത.

വേഗ എന്ന പേരിലുള്ള ഒരു ശ്രീലങ്കന്‍ ഇവി സ്റ്റാര്‍ട്ടപ്പ് ഈയടുത്ത് ഇടിഎക്‌സ് എന്ന പേരില്‍ ഇലക്ട്രിക് ഓട്ടോറിക്ഷയെ പരിചയപ്പെടുത്തിയിട്ടുണ്ട്. റിക്ഷ ഒരു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നതിനാല്‍ ഇടിഎക്‌സ്ത്രീ വീലര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ടീസര്‍ വീഡിയോയില്‍ ഇടിഎക്‌സ് പ്ലാറ്റ്‌ഫോം ഭാവിയിലേക്കുള്ള ഒരു ഇലക്ട്രിക് അര്‍ബന്‍ മൊബിലിറ്റി പരിഹാരമാണെന്ന് കമ്പനി അവകാശപ്പെടുന്നു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞ നഗര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത പുതുതലമുറ ഇലക്ട്രിക് ത്രീ-വീലറാണ് ഇടിഎക്‌സ്.

സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുവേണ്ടി സാധാരണ യാത്രക്കാര്‍ക്കുള്ള സ്ഥലത്തിന് പുറമേ ലഗേജ് ഇടവും വാഹനത്തിന് നല്‍കിയിട്ടുണ്ട്. താങ്ങാവുന്ന വില നിലനിര്‍ത്താന്‍ എല്‍എഫ്പി ബാറ്ററി പാക്കുകളില്‍ നിന്ന് കരുത്ത് ആകര്‍ഷിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് വെഗ ഇടിഎക്‌സ് ഇലക്ട്രിക് റിക്ഷയ്ക്ക് തുടിപ്പേകുന്നത്. ഇടയ്ക്കിടയ്ക്കുള്ള ചാര്‍ജിംഗ് ഒഴിവാക്കുന്നതിനായി ഒരു സോളാര്‍ പാനല്‍ റൂഫ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററി അതിന്റെ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് മാത്രം പ്രതിദിനം 64 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ സാധിക്കും.

ശ്രീലങ്കയില്‍ മാത്രമല്ല മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഈ വാഹനം അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഇടിഎക്‌സ് അടിസ്ഥാനമാക്കി ഒരു പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡല്‍ പുറത്തിറക്കുമെന്ന് വെഗ അറിയിച്ചു. ഇന്ത്യയിലേക്കും ഈ മോഡല്‍ എത്തുകയാണെങ്കില്‍ തീര്‍ച്ചയായും നിരത്തുകള്‍ കീഴടക്കാന്‍ കഴിയും. നിലവില്‍ മഹീന്ദ്ര ട്രിയോയാണ് നിരത്തുകള്‍ അടക്കിവാഴുന്നത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന റിക്ഷക്ക് യഥാക്രമം 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

---- facebook comment plugin here -----

Latest