Connect with us

Articles

വ്യോമയാന സുരക്ഷ: നിയമങ്ങള്‍ അപര്യാപ്തമോ?

വ്യോമയാന മേഖലയിലെ സംവിധാനങ്ങളില്‍, നടപടിക്രമങ്ങളില്‍, മാര്‍ഗനിര്‍ദേശങ്ങളില്‍, പരിശീലനങ്ങളില്‍, സാങ്കേതിക വിദ്യകളില്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍ ഒക്കെയുള്ള കുറവുകള്‍ തുറന്നു കാട്ടുന്നവയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഭീഷണികള്‍. ഈ വെല്ലുവിളികള്‍ നേരിടാന്‍ നാം തയ്യാറാകണം

Published

|

Last Updated

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ത്യയിലെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നം കേട്ടുകൊണ്ടിരിക്കുന്നു. ആവര്‍ത്തിക്കുന്ന ഇത്തരം ഭീഷണികള്‍ കൊണ്ട്
വ്യോമയാന വ്യവസായത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ എന്തെല്ലാമാണ്? ഇത് നേരിടാന്‍ ഇപ്പോള്‍ നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ പര്യാപ്തമാണോ? നിലവിലുള്ള നിയമങ്ങള്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമാണോ? ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ? ആരാണ് ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത്? ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും ഏത് രീതിയില്‍ മാറ്റേണ്ടി വരും? ഇതോടൊപ്പം തന്നെ ഈ ഭീഷണികള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? അതിനുള്ള സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ എന്താണ്?

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ വ്യോമയാന കമ്പനികള്‍ക്കും (ടാറ്റയുടെ എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, അലൈന്‍സ് എയർ, സ്റ്റാര്‍ എയര്‍, അലാസ്‌ക എയര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വിമാനങ്ങള്‍ക്കെല്ലാം) ബോംബ് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. അതിനെ നേരിടാനുള്ള അടിയന്തര നടപടികള്‍ എന്ന രീതിയില്‍ വിമാനങ്ങള്‍ വളരെയധികം സമയം വൈകുന്നു, അപൂര്‍വമായി ചിലത് റദ്ദാക്കുന്നു, ചിലത് വഴി തിരിച്ചു വിടുന്നു. ആകാശത്തേക്ക് പറന്നുയര്‍ന്ന വിമാനങ്ങള്‍ക്ക് ഭീഷണി വരുന്നതായി കണ്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന പാതകളില്‍ വെച്ച് പോലും സൈനിക വിമാനങ്ങളുടെ ഇടപെടല്‍ ആവശ്യമായി വരുന്നു. ഈ ഭീഷണികള്‍ വ്യാജമാണെന്ന് ബോധ്യപ്പെടുമ്പോഴും വിമാന കമ്പനികള്‍ക്ക് വലിയ തോതില്‍ നഷ്ടം വരുന്നു. ഒരു മണിക്കൂര്‍ വിമാനയാത്ര വൈകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടം 13 മുതല്‍ 17 ലക്ഷം രൂപ വരെയാണ്. ഇതിനു പുറമെയാണ് യാത്രക്കാര്‍ക്കുണ്ടാകുന്ന വിവിധ നഷ്ടങ്ങള്‍.

കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറയുന്നത്, മുഖ്യമായും സാമൂഹിക മാധ്യമങ്ങളില്‍ കൂടിയാണ് ഈ ഭീഷണികള്‍ വരുന്നത് എന്നാണ്. അവയുടെ ഉറവിടങ്ങള്‍ (ഐ പി മേല്‍വിലാസവും മറ്റും) കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നും മന്ത്രി പറയുന്നു. അപൂര്‍വം ചില അറസ്റ്റുകള്‍ മാത്രമാണ് ഇത് വരെയും നടന്നിട്ടുള്ളത്. മിക്ക ഭീഷണികളും വ്യാജമാണെന്ന് അറിയാമെങ്കിലും അവയൊന്നും പരിശോധിക്കാതെ അവഗണിക്കാന്‍ കഴിയില്ല. അതിനിടയില്‍ ഒന്നെങ്കിലും യഥാര്‍ഥമാണെങ്കില്‍ അതിനു നല്‍കേണ്ടി വരുന്ന വില വളരെ വലുതാകുമല്ലോ.

ഇന്ത്യയില്‍ ദിവസേന 4,000 വിമാന യാത്രകള്‍ നടക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ 50,000ത്തിലധികം വരുന്ന ഈ യാത്രകള്‍ക്ക് നേരെ 275 ഭീഷണികള്‍ വന്നിട്ടുണ്ട്. ഇത്രയും ഉണ്ടായിട്ടും ഒരു കൗമാരക്കാരനെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ആകെ നടന്നിട്ടുള്ള ആ അറസ്റ്റ് ഡല്‍ഹി പോലീസിന്റേതാണ്. ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്ന 180 യാത്രക്കാരുള്ള അലാസ്‌ക എയര്‍ വിമാനത്തില്‍ ബോംബുണ്ടെന്ന ഭീഷണി എയര്‍ പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ലഭിച്ചു. എഫ് ഐ ആര്‍ അനുസരിച്ച് ഡല്‍ഹി പോലീസ് വിവിധ വിമാനങ്ങള്‍ക്ക് ലഭിച്ച ഭീഷണികളുടെ ഉത്ഭവസ്ഥാനം അന്വേഷിച്ചു. അങ്ങനെയാണ് ഒരു സാമൂഹിക മാധ്യമ സ്ഥാപനത്തില്‍ നിന്ന് ഒരു കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമ ഗ്രൂപ്പുകളെല്ലാം അനിവാര്യമായ സഹകരണം സര്‍ക്കാറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വ്യോമയാന സുരക്ഷക്കായി അന്താരാഷ്ട്ര തലത്തിലുള്ള മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിരിക്കുന്നത് അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന (ഐ എ സി ഒ) ആണ്. അവര്‍ തയ്യാറാക്കിയ നിലവാരങ്ങളും ശിപാര്‍ശ ചെയ്യുന്ന നടപടിക്രമങ്ങളും എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുമുണ്ട്. ചിക്കാഗോ സമ്മേളന തീരുമാനങ്ങള്‍ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര രേഖയാണ് ഇതിനടിസ്ഥാനം. “ലോകത്തെവിടെയും വ്യോമയാന ഗതാഗതത്തിലുള്ള നിയമവിരുദ്ധ ഇടപെടലുകള്‍ക്കെതിരെ’ കൃത്യമായ നടപടിക്രമങ്ങള്‍ ഐ എ സി ഒ തയ്യാറാക്കിയിട്ടുണ്ട്.
സംഘടനയുടെ അനുബന്ധം 17ഉം രേഖ 8973ഉം ആണ് അംഗരാജ്യങ്ങള്‍ക്ക് സഹായകമാകുന്നത്. ഓരോ പുതിയ അനുഭവത്തിന്റെയും സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ ഈ രേഖകള്‍ നിരന്തരമായി പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ അംഗരാജ്യത്തിന്റെയും സുരക്ഷാ ഭീഷണികളുടെയും അവ സംബന്ധിച്ച് നടത്തുന്ന ചര്‍ച്ചകളുടെയും അവയെ നേരിടാന്‍ സ്വീകരിക്കുന്ന നടപടികളുടെയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ട്.

ഇന്ത്യയില്‍ ഈ സുരക്ഷാ ചുമതല വഹിക്കുന്ന സ്ഥാപനമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. വ്യോമയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് അവരുടെ ചുമതല. വിമാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, വിമാനത്താവളങ്ങളിലെ സുരക്ഷ എന്നിവയാണ് ഡി ജി സി എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിര്‍വഹിക്കുന്ന ചുമതലകള്‍. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സി ഐ എസ് എഫ്, നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഐ ബി, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ), ആഭ്യന്തര മന്ത്രാലയം മുതലായവയാണ് ഇതുമായി ബന്ധപ്പെട്ട മറ്റു സംവിധാനങ്ങള്‍. ഇപ്പോഴും നിലവിലുള്ളത് 1934ലെ എയര്‍ക്രാഫ്റ്റ് നിയമമാണ്. ഒപ്പം 1937ലെ ചട്ടങ്ങളും. ഇവ അനുസരിച്ച് ഇത്തരം തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ കേവലം “ഇനിമേല്‍ വിമാനയാത്രക്ക് അനഭിമതന്‍’ എന്ന് പ്രഖ്യാപിക്കല്‍ മാത്രമാണ്. ഈ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പറയുന്നുണ്ട്. ഈ നിയമം വിമാനങ്ങള്‍ക്കകത്തു നടക്കുന്ന സുരക്ഷാ ഭീഷണികള്‍ക്ക് മാത്രം ബാധകമാകുന്ന ഒന്നാണ്.
1934ലെ എയര്‍ക്രാഫ്റ്റ് നിയമം മാറ്റുന്നതിന് വേണ്ടി വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 15 ഭീഷണികള്‍ (ചില ദിവസങ്ങളില്‍ 30 വരെ) വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത്തരം ഭീഷണികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും തേടുന്നുണ്ട്. വിമാനയാത്രക്ക് അയോഗ്യരാക്കുന്ന കേവല നടപടികള്‍ കൊണ്ട് ഇത് സാധ്യമാകില്ലെന്ന് സര്‍ക്കാറിനും അറിയാം. 1982ല്‍ നടപ്പാക്കിയ എസ് യു എ എ എസ് സി എ എന്ന നിയമത്തില്‍ വിമാന സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഈ നിയമം ബാധകമാകുമോ എന്ന് നിയമ വിദഗ്ധര്‍ സംശയിക്കുന്നു.

ഓരോ വിമാനത്താവളത്തിലും വിമാന കമ്പനികള്‍, സുരക്ഷാ ഏജന്‍സികള്‍ മുതലായവക്ക് ഇത്തരം അസാധാരണ സാഹചര്യങ്ങള്‍ – ബോംബ് ഭീഷണികള്‍, വിമാന റാഞ്ചല്‍, റേഡിയോ വിനിമയ സംവിധാനങ്ങളുടെ തകരാറുകള്‍, യന്ത്ര തകരാറുകള്‍ മുതലായവ- നേരിടാന്‍ വേണ്ടി നിരന്തരം പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന സംവിധാനങ്ങളും നടപടിക്രമങ്ങളും ഉണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഭീഷണികള്‍ വളരെ കൃത്യമായവയും അല്ലാത്തവയും ഉണ്ടാകാം. ഈ ഭീഷണികളുടെ യഥാര്‍ഥ ഉറവിടങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ലഭിക്കുന്നത് എളുപ്പമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വ്യോമയാന മേഖലയിലെ സംവിധാനങ്ങളില്‍, നടപടിക്രമങ്ങളില്‍, മാര്‍ഗനിര്‍ദേശങ്ങളില്‍, പരിശീലനങ്ങളില്‍, സാങ്കേതിക വിദ്യകളില്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങളില്‍ ഒക്കെയുള്ള കുറവുകള്‍ തുറന്നു കാട്ടുന്നവയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഭീഷണികള്‍. ഈ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകണം. ഉദാഹരണത്തിന് ഇങ്ങനെ വരുന്ന മുന്നറിയിപ്പുകളുടെ ഉത്ഭവസ്ഥാനം കണ്ടെത്താന്‍ വളരെ ആധുനികമായ സംവിധാനങ്ങള്‍ ആവശ്യമാണ്. അതിന് സാങ്കേതിക വിദ്യകളില്‍ ചെലവേറിയ എ ഐയുടെ സഹായത്തോടെയുള്ള ശബ്ദവിശകലനം, ഭീഷണിയുടെ സമഗ്രമായ വിശകലനം എന്നിവ വേണം. മാത്രവുമല്ല ഇത് തടയാന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കണം. ഇതിനായി ആധുനികമായ ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷാ ശൃംഖലകള്‍, ആഗോള തലത്തിലുള്ള ഇത്തരം ഭീഷണി വിളികളുടെ വിവര ശേഖരം മുതലായവ അനിവാര്യവുമാകുന്നു. വിളിക്കുന്നവരുടെ മാനസികനില വിശകലനം ചെയ്യാനുള്ള സംവിധാനങ്ങളും ഇന്ന് ആഗോള തലത്തില്‍ ഉണ്ട്. വിമാനങ്ങള്‍ക്ക് വരുന്ന ഭീഷണികളെ അവഗണിക്കാന്‍ കഴിയില്ല. ആയിരം ഭീഷണികളില്‍ ഒന്ന് ശരിയായാല്‍ പോലും അതുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമല്ലോ.

Latest