Health
പേപ്പർ ഗ്ലാസുകൾ പരമാവധി ഒഴിവാക്കാം; കാരണം ഇതാണ്
പേപ്പർ കപ്പുകളെ പൂർണമായും ഒഴിവാക്കുക അസാധ്യമാണെങ്കിലും, അവയുടെ ഉപയോഗം കുറയ്ക്കുന്നതും ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതും നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണം ചെയ്യും
വെള്ളം, ചായ എന്നിവ കുടിക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പേപ്പർ ഗ്ലാസുകൾ. അന്തരീക്ഷത്തിന് നല്ലത് എന്ന ധാരണയിലാണ് നാം ഇത് ഉപയോഗിക്കുന്നത്. വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ ഇപ്പോൾ പലരുടെയും ആശ്രയവും ഇതാണ്. എന്നാൽ പേപ്പർ ഗ്ലാസുകൾ അത്ര സുരക്ഷിതമാണോ? അല്ലാ എന്നാണ് ഉത്തരം. കാരണം പേപ്പർ കപ്പുകൾ പൂർണമായും പേപ്പർ കൊണ്ടുള്ളവയല്ല. ഇവയുടെ ഉള്ളിൽ ഒരു പ്ലാസ്റ്റിക് പാളി ഉണ്ടാകും, ചായയോ കാപ്പിയോ ഒഴിക്കുമ്പോൾ അത് വികൃതമാകാനും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ (മൈക്രോ പ്ലാസ്റ്റിക്) ചായയിൽ കലരാനും സാധ്യതയുണ്ട്. ഈ കണങ്ങൾ നാം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും.
എന്താണ് മൈക്രോ പ്ലാസ്റ്റിക്?
മൈക്രോ പ്ലാസ്റ്റിക് എന്നത് അഞ്ച് മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണങ്ങളാണ്. ഇവ പലതരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിഘടനം മൂലം ഉണ്ടാകുന്നു.
മൈക്രോ പ്ലാസ്റ്റിക് ശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ:
മൈക്രോ പ്ലാസ്റ്റിക് ശരീരത്തിൽ എത്തിയാൽ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.ശ്വാസകോശം, ഹൃദയം, തലച്ചോർ എന്നിവയെ ബാധിക്കുകയും കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം.
എന്താണ് ചെയ്യേണ്ടത്?
- പരമാവധി ഒഴിവാക്കുക: പേപ്പർ കപ്പുകൾക്ക് പകരം സ്വന്തം കപ്പ് കൊണ്ടുപോകുന്നത് നല്ലതാണ്.
- ബയോഡീഗ്രേഡബിൾ കപ്പുകൾ: പൂർണമായും ബയോഡീഗ്രേഡബിൾ ആയ കപ്പുകൾ ഉപയോഗിക്കുന്നത് മികച്ച ഒരു മാർഗമാണ്. പേപ്പർ കപ്പുകളുടെ നിർമാണത്തിൽ പ്ലാസ്റ്റിക് പൂർണമായും ഉപയോഗിക്കുന്നില്ല എന്നത് ഉറപ്പാക്കിയും സുരക്ഷിതരാകാം.
പേപ്പർ കപ്പുകളെ പൂർണമായും ഒഴിവാക്കുക അസാധ്യമാണെങ്കിലും, അവയുടെ ഉപയോഗം കുറയ്ക്കുന്നതും ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതും നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണം ചെയ്യും