pinarayi vijayan
രാഹുല്‍ഗാന്ധിയുടെ റാലിയില്‍ കോണ്‍ഗ്രസ് പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വം: മുഖ്യമന്ത്രി
ലീഗിന്റെ വോട്ടുവേണം അവരുടെ പതാക പാടില്ല എന്നതു ഭീരുത്വം
തിരുവനന്തപുരം | വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാര്‍ട്ടി പതാക ഒഴിവാക്കിയത് രാഷ്ട്രീയ ഭീരുത്വമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. എന്തുകൊണ്ട് കോണ്‍ഗ്രസ്സിന് അങ്ങിനെ ഒരു അവസ്ഥ ഉണ്ടായി എന്നതു പ്രധാനമാണ്. ദേശീയ നേതാവിന് എന്തുകൊണ്ടു കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തതായത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദ്യമായി മണ്ഡലത്തില്‍ എത്തിയ നേതാവിന് സ്വന്തം പതാക ഉയര്‍ത്താന്‍ ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ട് എന്നതു പ്രധാനമാണ്.
കഴിഞ്ഞ തവണ വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയത്. ലീഗിന്റെ വോട്ടുവേണം അവരുടെ പതാക പാടില്ല എന്നതു ഭീരുത്വമാണ്. സ്വന്തം ഘടക കക്ഷിക്കുപോലും അയിത്തം കാണിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് താഴ്ന്നുപോയി. കോണ്‍ഗ്രസ്സിന്റെ കൊടിയുടെ മഹത്വം അറിയാത്തവരാണ് ഇന്നത്തെ നേതാക്കള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമ്പന്ന ചരിത്രത്തില്‍ ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ പോലും കോണ്‍ഗ്രസ് അപമാനിച്ചു.
ഇന്ത്യയുടെ വികാരം പ്രകടിപ്പിക്കുന്ന ഒരു പതാക എന്നത് ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു. ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പതാകക്കും രൂപം നല്‍കിയത്. ഈ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യ സമരകാലത്ത് എത്രയോ കോണ്‍ഗ്രസ്സുകാര്‍ ബ്രിട്ടീഷ് പോലീസിന്റെ മൃഗീയ മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. യൂണിയന്‍ ജാക്ക് വലിച്ചു താഴ്ത്തി ദേശീയ പതാക ഉയര്‍ത്തിയതിന് ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കടപ്പുറത്ത് പി കൃഷ്ണപ്പിള്ളയെ പോലീസ് തലങ്ങും വിലങ്ങും തല്ലിയിട്ടും പതാക കൈവിടാന്‍ തയ്യാറായില്ല.
അങ്ങനെ ജ്വലിക്കുന്ന ഇന്നലെകളുള്ള പതാകയാണത്. കോണ്‍ഗ്രസ് പതാക ഇല്ലാതാക്കള്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നു. അതിനു കോണ്‍ഗ്രസ് വഴങ്ങിക്കൊടുക്കുന്നു. വര്‍ഗീയ വാദികളെ ഭയക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുന്നു. സ്വന്തം പതാക വേണോ വേണ്ടയോ എന്നു കോണ്‍ഗ്രസ്സിനും ലീഗിനും തീരുമാനിക്കാം. സ്വന്തം അസ്ഥിത്വം വലിച്ചെറിയുന്നതു ജനങ്ങള്‍ തിരിച്ചറിയും. കഴിഞ്ഞ തവണ ലീഗിന്റെ പതാക പാക് പതാകയാണെന്നു ബി ജെ പി പ്രചരിപ്പിച്ചു. ഇത് ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന്റെ പതാകയാണെന്ന് അന്തസ്സോടെ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഈ കോണ്‍ഗ്രസ്സാണോ സംഘപരിവാറിന്റെ വര്‍ഗീയ ഭരണത്തിനെതിരെ സമരം നയിക്കുക എന്നും മുഖ്യമന്ത്രി ചോദിച്ചു.