Featured
സൗഹാർദത്തിന്റെ ഉണർത്തുപാട്ടുകൾ
വ്യത്യസ്ത മതാന്തര്‍ധാരകളുടെ പരസ്പര ബന്ധങ്ങള്‍ ശക്തമായ ആത്മീയ സമാഗമങ്ങളുടെ നാടാണ് കടലുണ്ടിയും പരിസര പ്രദേശങ്ങളും. കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വാവുത്സ..
ഓരോ ദേശത്തിനും അതിന്റെതായ ചരിത്രവും ജീവിതവുമുണ്ട്. കടലുണ്ടിയുടെ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അലയടിച്ചാർക്കുന്ന പഴമയുടെ ചരിതങ്ങൾക്ക് അടരുകൾ ഏറെയാണ്. നാടിന്റെ പേരിൽതന്നെ കടലുണ്ട്. അവിടെ കടലോളം സ്‌നേഹവും ആർദ്രതയും ഒരുമയുമുണ്ട്. കോർണിഷ് മസ്ജിദായി പുതുക്കിപ്പണിത പഴയ കടലുണ്ടി മുഹിയുദ്ദീൻപള്ളിയുടെ പകിട്ടിൽനിന്ന് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കടലുണ്ടിയെ കാണാൻ നല്ല ചേലുണ്ട്. ചരിത്രവും വർത്തമാനവും നാട്ടുവഴക്കങ്ങളും ഇഴചേർന്ന നന്മയുടെ തിരയൊടുങ്ങാത്ത കര…. അതാണു കടലുണ്ടി.
കടലുണ്ടി കോര്‍ണിഷ് മുഹ്്യിദ്ദീന്‍ മസ്ജിദില്‍ നിന്നും ചാലിയം ഭാഗത്തേക്ക് മുന്നൂറ് മീറ്റർ കൂടി സഞ്ചരിച്ചാല്‍ നാല് വശവും കൊച്ചു മതിലിനാല്‍ ചുറ്റപ്പെട്ട് തണല്‍മരങ്ങള്‍ സൂര്യന് മറയിട്ട് തണുപ്പിച്ച് നിറുത്തിയ ഒരു കാവ് കാണാം. മുന്‍വശത്ത് വാനിലേക്ക് തല ഉയര്‍ത്തി എടുപ്പോടെ നില്‍ക്കുന്ന അരയാലും വിശാലമായ മുറ്റത്തുള്ള വ്യത്യസ്തമായ ആരാധനാ തറകളും വിളക്കു കൊളുത്താനുള്ള സ്ഥലങ്ങളും എല്ലാം കൂടെ ശാന്തമായ അന്തരീക്ഷം. ഒത്ത നടുവില്‍ എല്ലാത്തിനും അഭിമുഖമായി നില്‍ക്കുന്ന കറുപ്പന്‍ കാവ്.
കാവിനോട് തൊട്ടുചാരിയാണ് ബാലകൃഷ്ണന്‍ മാഷിന്റെ വീട്. കാക്കാത്തിരുത്തി തറവാടാണത്. വീടിന്റെ ഗേറ്റ് തുറന്നതും ഹൃദ്യമായി ചിരിച്ചുകൊണ്ട് ഒരു വയോധികന്‍ മാറ്റിയൊരുങ്ങി പുറത്തേക്കിറങ്ങി. ഒറ്റ നോട്ടത്തില്‍ തന്നെ ഇതാണ് ബാലകൃഷ്ണന്‍ മാഷെന്ന് ബോധ്യപ്പെട്ടു.
തലേ ദിവസം മാഷുമായി വാട്സാപ്പില്‍ സംസാരിച്ചപ്പോഴാണ് കടലുണ്ടി പ്രദേശത്തെ മതസൗഹാർദത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സത്ത തേടി പോകുമ്പോള്‍ ആദ്യം കുഴിച്ചെടുക്കാന്‍ പറ്റിയ ഇടം ബാലകൃഷ്ണന്‍ മാഷ് തന്നെയാണെന്ന ബോധ്യത്തിലേക്കുണര്‍ന്നത്.
“കടലുണ്ടിയിലെ മത സൗഹൃദ പാരമ്പര്യവും തങ്ങള്‍ കുടുംബവുമായുള്ള ബന്ധവുമെല്ലാം ഓര്‍ത്തെടുക്കാമോ…..?’ അതിനുള്ള മറുപടി ഇങ്ങനെ സംഗ്രഹിക്കാം.
“1957-58 കാലഘട്ടം. അന്ന് കടലുണ്ടി ഗതാഗത സൗകര്യമില്ലാത്ത, ഇലക്ട്രിസിറ്റി ഇല്ലാത്ത, നിരക്ഷരരായ ജനങ്ങള്‍ താമസിക്കുന്ന ഒരു കുഗ്രാമമാണ്. യാത്ര മിക്കവാറും കാല്‍നടയായോ അല്ലെങ്കില്‍ തീവണ്ടി വഴിയോ ആയിരുന്നു. അന്ന് വിരലിലെണ്ണാവുന്ന വിദ്യാർഥികള്‍ മാത്രമേ കടലുണ്ടി തീരദേശത്ത് നിന്നും ചാലിയം ഹൈസ്‌കൂളില്‍ പഠിച്ചിരുന്നുള്ളൂ. ഇന്നത്തെ തീരദേശ റോഡ് വാഹന സൗകര്യമില്ലാത്ത ഒരു ചെത്തുവഴിയായിരുന്നു. ആ റോഡിന്റെ യഥാർഥ പേര് ടിപ്പു സുല്‍ത്താന്‍ റോഡ് എന്നായിരുന്നു. റോഡിലെ വിജനതയും മുളങ്കാടുകളും ശ്മശാനവുമെല്ലാം ഉള്ളതുകൊണ്ട് ഞങ്ങള്‍ കൂട്ടമായിട്ടായിരുന്നു സ്‌കൂളില്‍ പോകുകയും വരികയും ചെയ്തിരുന്നത്. പലപ്പോഴും വൈകുന്നേരങ്ങളില്‍ ; കളികഴിഞ്ഞ് വ്യാഴാഴ്ചകളില്‍ ഞങ്ങള്‍ ചാലിയം അങ്ങാടിയില്‍ എത്തുമ്പോള്‍ തൂവെള്ള വസ്ത്രധാരിയായ ഒരു വ്യക്തി ( സയ്യിദ് അഹ്്മദുൽ ബുഖാരി കടലുണ്ടി )രണ്ട് കുട്ടികളെയും കൈയും പിടിച്ചു വരുന്നത് കാണാം. കുട്ടികള്‍ ഇപ്പോഴത്തെ സയ്യിദ് ഖലീല്‍ തങ്ങളും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഉമറുല്‍ ഫാറൂഖ് തങ്ങളുമായിരുന്നു.
യാത്രക്കിടയില്‍ അധ്യാപകരെപറ്റിയും സ്‌കൂളിനെ പറ്റിയും അധ്യാപനത്തെ പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കടലുണ്ടിക്കാര്‍ക്ക് വലിയ തങ്ങള്‍ (കോയപ്പാപ്പ) ഒരു ആത്മീയ പണ്ഡിതനും ഉദാരമനസ്‌കനും ആയിരുന്നു. ജനങ്ങള്‍ക്ക് ജാതി-മത ഭേദമന്യെ എല്ലാവര്‍ക്കും ആശ്രയവും ആശ്വാസവുമായിരുന്നു. അതായത് ഖലീല്‍ തങ്ങളുടെ വലിയുപ്പ.
അതുപോലെ എന്റെ പിതാവ് കറപ്പന്‍ എന്നവരും ആത്മീയ കാര്യത്തില്‍ വളരെ തത്പരനായിരുന്നു. വലിയ തങ്ങളും അദ്ദേഹവും സുഹൃത്തുക്കളായിരുന്നു. വൈകുന്നേരങ്ങളില്‍ അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ അദ്ദേഹവും തങ്ങളും വളരെ നേരം വിശാലമായ വാക്കടവ് കടപ്പുറത്ത് ആത്മീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും അദ്ദേഹം പള്ളിയിലേക്കും എന്റെ പിതാവ് അമ്പലത്തിലേക്കും പോകുമായിരുന്നു.
എന്റെ പിതാവിന്റെ കാലം മുതല്‍ ഞങ്ങളുടെ ഉത്സവത്തോടനുബന്ധിച്ച് തങ്ങന്മാരുടെ ആശീര്‍വാദം തേടാറുണ്ട്. പള്ളിയും അമ്പലവും പരസ്പരം ബഹുമാനത്തോട് കൂടിയായിരുന്നു പരിപാടികള്‍ നടത്തിയിരുന്നത്. ഈ വര്‍ഷവും ഉത്സവത്തോടനുബന്ധിച്ച് പരിപാടി നടത്തുമ്പോള്‍ ഞാനദ്ദേഹത്തെ വിളിക്കുകയും അദ്ദേഹത്തില്‍ നിന്ന് ആശീര്‍വാദം തേടുകയും ചെയ്തിരുന്നു.
പള്ളിയോടുള്ള ആദര സൂചകമായി ഞങ്ങളുടെ ഉത്സവാഘോഷം കടലുണ്ടി കടവില്‍ നിന്നും വരുമ്പോള്‍ അതിനോടനുബന്ധിച്ച ചെണ്ടമേളങ്ങള്‍ പള്ളിയുടെ മുമ്പില്‍ മൗനമാകാറുണ്ട്. ഇതൊരു ബഹുമാന സൂചകമായി ഞങ്ങള്‍ ചെയ്തുവരുന്ന ആചാരമാണ്. ഇതിന് പല വിമര്‍ശനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ ഈ സ്ഥാപനം നടത്തുന്നിടത്തോളം കാലം അത് നിലനില്‍ക്കും. ഇവിടുത്തെ ജനങ്ങളുടെ സമുദായ ഐക്യം മറ്റു സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്ക് യഥാർഥത്തില്‍ ഒരു മാതൃകയാണ്. അതില്‍ ഈ തങ്ങള്‍ കുടുംബത്തിന് വലിയ പങ്കുണ്ട്. ‘
മാഷിന്റെ സംസാരത്തില്‍ ലയിച്ചിരിക്കുമ്പോഴാണ് “ചായ എടുത്താല്‍ കുടിക്ക്യോ….’ ന്നൊരു ചോദ്യം പിറകില്‍ നിന്നും കേട്ടത്. മാഷുടെ ഭാര്യ പ്രസന്നാമ്മയാണ്. തൊട്ടു മുന്പ് പ്രാതൽ കഴിഞ്ഞതിനാല്‍ തന്നെ വേണ്ടായെന്ന് സ്നേഹപൂർവം നിരസിച്ചു.
“എന്നാലും സന്തോഷത്തിന് വല്ലതും കുടിച്ചൂടെ. ഇവിടെ നിന്ന് കുടിക്കാന്‍ പറ്റായ്കയുണ്ടോ…?’ മാഷുടെ ശബ്ദത്തില്‍ ശങ്ക.
“ഏയ്, പറ്റായ്കയൊന്നുമില്ല…’ ഞങ്ങള്‍ നിറഞ്ഞു ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നാല്‍ ഞാനിപ്പോള്‍ ചായയെടുക്കാം….’ പ്രസന്നാമ്മ സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി. ഞങ്ങള്‍ക്കുള്ള ചായയും നട്സും ഈത്തപഴവുമായി വരുമ്പോള്‍ അവർ പറഞ്ഞു.
“പണ്ടൊക്കെ ഞങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു മിക്കവരും ഭക്ഷണം കഴിച്ചിരുന്നത്. ദേ അവിടെയുണ്ടായിരുന്ന സുല്‍ഫിയുടെ വീട്ടിലുള്ളവരൊക്കെ ചെറുപ്പത്തില്‍ ഇവിടെ തന്നെയായിരുന്നു. ഉത്സവ സമയത്ത് ഞങ്ങൾസ്ത്രീകള്‍ക്ക് അശുദ്ധിയുണ്ടായാല്‍ ഞങ്ങളൊക്കെ അവരുടെ വീട്ടിലാണ് നില്‍ക്കാറ്. ഇപ്പോ കാലം മാറിയില്ലേ….!? ‘
മാഷും പ്രസന്നാമ്മയും വീണ്ടും ഒരുപാട് കഥകൾ പറഞ്ഞു. കേട്ടിരിക്കാന്‍ സുഖമുള്ള കടലുണ്ടിയുടെ മൊഞ്ചുള്ള ചരിത്രം. നാടും പരിസരവുമെല്ലാം വര്‍ഗീയമയമായപ്പോഴും കടലുണ്ടി അവകളോടെല്ലാം അപവാദമായി നിന്ന ഒരുപാട് കണ്‍കുളിർമയുള്ള ഓർമ. തൊട്ടടുത്ത് മാറാട് കലാപ ഭൂമിയായപ്പോഴും ഒരു തരി സ്പർധ പോലും ഉയരാതെ മാനവ സ്നേഹം മുറകെപ്പിടിച്ച കടലുണ്ടിയുടെ ആര്‍ക്കും പിടികൊടുക്കാത്ത ആത്മസംയമനത്തിന്റെ കഥ.
കദീന പൊട്ടിച്ച് നോന്പ് തുറന്ന കാലം
റമസാന്‍ കടന്നുവന്നാല്‍ നോമ്പു തുറക്കാനുള്ള സമയമറിയിക്കാനായി പള്ളികളില്‍ നിന്ന് കദീന പൊട്ടിക്കലായിരുന്നു അന്നൊക്കെ. കക്കാട്ടെ പള്ളിയില്‍ പൊട്ടിക്കാന്‍ ആവശ്യമായ കദീന അന്ന് ക്ഷേത്രത്തില്‍ നിന്നും കൊണ്ടുപോയിരുന്നുവെന്ന് മാഷ് ഓര്‍ത്തെടുക്കുന്നുണ്ട്. ഇതുപോലെ പരസ്പരം പങ്കിട്ടു തന്നെയായിരുന്നു നമ്മുടെ നാട് ഇക്കാലമത്രയും കഴിഞ്ഞുപോന്നത്.
മാഷിന്റെ മൗലിദ് ഓര്‍മ
മാഷുമായുള്ള സംസാരത്തിനിടക്ക് അദ്ദേഹം പറഞ്ഞ ഒരു കാര്യം വല്ലാതെ മനസ്സിലുടക്കി. “അഛഛന്റെ സുഹൃത്തായ ധര്‍മടത്തുള്ള ഒരു തങ്ങള്‍ അന്ന് ഇവിടെ ഒരാഴ്ചയോളം താമസിക്കുകയുണ്ടായി. അദ്ദേഹത്തിന് വേണ്ട ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കിയത് വലിയ തങ്ങളായിരുന്നു.’
തന്റെ ബാല്യത്തിലെ രസമുള്ള ഓര്‍മകളെ വീണ്ടും ആവേശത്തോടെ ഓര്‍ത്തെടുത്തതാണ് മാഷെങ്കിലും ആരായിരുന്നു ആ തങ്ങളെന്നും എന്തിനായിരുന്നവരിവിടെ വന്നതെന്നും അറിയാന്‍ ജിജ്ഞാസയുണ്ടായി. അങ്ങനെയാണ് കടലുണ്ടിയുടെ മതസൗഹാര്‍ദ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട മറ്റൊരു ചരിത്രത്തിലേക്ക് കൂടി വാതില്‍ തുറക്കപ്പെടുന്നത്.
ബാലകൃഷ്ണന്‍ മാഷ് ഇങ്ങനെയൊരു തങ്ങളെ കുറിച്ചു പറഞ്ഞത് പ്രദേശവാസിയായ റഊഫ് മേലത്തുമായി സംസാരിച്ചിരുന്നു. അദ്ദേഹം അവരുടെ ഉമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഉമ്മ(സൈനബ വെള്ളോടത്തില്‍) അവരുടെ ഓർമയുടെ പൊടി തട്ടി. അങ്ങനെയൊരു തങ്ങളെ കുറിച്ചും അവര് തുടങ്ങിവെച്ച മൗലിദിനെ കുറിച്ചും ഉമ്മയും കേട്ടിരുന്നു.
അഥവാ, കറപ്പന്‍ കാവിലെ ഉത്സവത്തിനും ചില മൗലിദിന്റെ കിസ്സ പറയാനുണ്ട്. ബാലകൃഷ്ണന്‍ മാഷിന്റെ അച്ഛന്‍ കറപ്പന്‍ തന്റെ കാവില്‍ ഉത്സവം നടത്തുന്ന വിവരം തന്റെ സുഹൃത്തായ ധര്‍മടത്തുള്ള തങ്ങളോട് പങ്കുവെച്ചിരുന്നു. ഇതറിഞ്ഞ തങ്ങൾ അദ്ദേഹത്തോട് ഉത്സവത്തിന് മുമ്പ് തന്റെ മതാചാരപ്രകാരമുള്ള റാത്തീബും നടത്താന്‍ ആവശ്യപ്പെട്ടു. അക്കാലത്ത്, ഇന്ന് കാണുന്നതുപോലെ കറപ്പന്‍ കാവ് വിശാലമൊന്നുമല്ല. ഏകദേശം എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കുമിതെന്നാണ് ബാലകൃഷ്ണന്‍ മാഷ് ഓര്‍ത്ത് പറയുന്നത്. അങ്ങനെ തങ്ങളുടെ നിര്‍ദേശപ്രകാരം കറപ്പന്‍ തന്റെ വീടിന് തൊട്ടു മുമ്പില്‍ താമസിച്ചിരുന്ന കോയമൊയ്തീനോട് അവരുടെ വീട്ടില്‍ മൗലിദ് കഴിക്കാനായി ആവശ്യപ്പെടുകയും അതിനാവശ്യമായ ചെലവ് താന്‍ തരാം എന്ന് ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കറപ്പന്‍ കാവിലെ ഉത്സവത്തിന് മുന്നോടിയായി കാവിന്റെ ഉത്തരവാദിത്വത്തില്‍ ഇങ്ങനെ ഒരു മൗലിദ് സദസ്സ് കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിനായി ധര്‍മടത്ത് നിന്ന് ഒരു തങ്ങള്‍ വീട്ടിലേക്ക് വന്നിരുന്നെന്നും ആ തങ്ങള്‍ക്ക് ഇരിക്കാനായി പ്രത്യേകം ഇരിപ്പിടം തയ്യാറാക്കിയിരുന്നെന്നും കോയമൊയ്തീന്റെ പുതു തലമുറയില്‍പ്പെട്ടവര്‍ പൂര്‍വീകരില്‍ നിന്ന് കേട്ട ഓർമ പങ്കുവെക്കുന്നുണ്ട്.
“പരസ്പര സഹവര്‍ത്തിത്തത്തോടെയും ബഹുമാനത്തോടെയും മുസ്്ലിംകളും ഹൈന്ദവരും ക്രൈസ്തവരും ജീവിച്ചുവരികയും കാര്യങ്ങളില്‍ പരസ്പരം കൂടിയിരുന്ന് ആലോചിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഈ നാട്ടിലെ സൗഹൃദം സുദൃഢമായി നിലനില്‍ക്കുന്നത് തന്നെ’ കടലുണ്ടി മഹല്ല് ഖാസി കൂടിയായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കുവെക്കുന്നുണ്ട്.
കറപ്പന്‍ കാവ് ക്ഷേത്രത്തിന്റെ യഥാർഥ പേര് ശ്രീ ഗുരുപുരം ക്ഷേത്രമെന്നാണ്. ബാലകൃഷ്ണന്‍ മാഷും അവരുടെ ജ്യേഷ്ഠ സഹോദരന്‍ ധനപാലന്‍ എന്നവരുടെ മക്കളായ സജില്‍ കുമാറും സന്തോഷ് കുമാറുമാണ് ക്ഷേത്ര ഭാരവാഹികള്‍. ഞങ്ങള്‍ ഇതിന്റെ നേതൃ പദവിയിലുണ്ടാകുന്ന കാലത്തോളം ഈ സൗഹൃദാന്തരീക്ഷവും സ്നേഹ കൂട്ടായ്മകളും കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുമെന്ന് മാഷ് ഉറപ്പ് നല്‍കുന്നുണ്ട്. അതി മനോഹരമായ ഇന്നലെകളുടെ രസകരമായ ഓര്‍മകള്‍ പോയ് മറഞ്ഞുവോ എന്ന വേദനയാണ് “ചായ എടുത്താല്‍ കുടിക്കുമോ…?’ എന്ന ശങ്കയോടെയുള്ള ചോദ്യത്തിലേക്ക് ഇന്ന് പ്രസന്നാമ്മയെ എത്തിച്ചത്. രാജ്യവും നാടും പരിസരവുമെല്ലാം അത്രമേല്‍ വര്‍ഗീയമായി മലീമസപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ഇവിടെയിതാ ഒരു നാട് മധുരിക്കുന്ന സ്‌നേഹത്തിന്റെ ഓര്‍മകളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊള്ളുന്നു.
.