Connect with us

National

പുരസ്‌കാരങ്ങള്‍ ആത്മവീര്യം വര്‍ധിപ്പിക്കുന്നു: നീരജ് ചോപ്ര

റിപ്പബ്ലിക്ക് ദിനത്തലേന്ന് നീരജിന് ഇരട്ടബഹുമതിയാണ് ലഭിച്ചത്. പരം വിശിഷ്ട സേവാ മെഡലിനും പത്മശ്രീക്കും ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഹനായി.

Published

|

Last Updated

ന്യൂഡല്‍ഹി| പത്മശ്രീ, പരം വിശിഷ്ട സേവാ മെഡല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത് ആത്മവീര്യം വര്‍ധിപ്പിക്കുന്നെന്ന് ജാവിലന്‍ ത്രോവര്‍ നീരജ് ചോപ്ര. അമേരിക്കയിലെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് നീരജിന്റെ പ്രതികരണം. പുരസ്‌കാരങ്ങള്‍ ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും നീരജ് പറഞ്ഞു. കായികമേഖലയിലെ 9 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍. നീരജ് ഉള്‍പ്പെടെ ഒളിമ്പിക്സിലും പാരാലിംപിക്സിലും മികവ് പുലര്‍ത്തിയവര്‍ക്ക് അംഗീകാരം ലഭിച്ചു.

റിപ്പബ്ലിക്ക് ദിനത്തലേന്ന് നീരജിന് ഇരട്ടബഹുമതിയാണ് ലഭിച്ചത്. പരം വിശിഷ്ട സേവാ മെഡലിനും പത്മശ്രീക്കും ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഹനായി. സമാധാന കാലത്തെ മികച്ച സേവനത്തിന് നല്‍കുന്ന ഉയര്‍ന്ന ബഹുമതിയാണ് പരം വിശിഷ്ട സേവാ മെഡല്‍. രജ്പുത്താനാ റൈഫിള്‍സ് റെജിമെന്റില്‍ സുബേദാറായ നീരജിന് 2020ല്‍ വിശിഷ്ട സേവാ മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയതിന് ശേഷം നീരജ് ചോപ്ര ദേശീയ പതാകയോട് ആദരവ് കാട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

2018ല്‍ അര്‍ജുന അവാര്‍ഡും കഴിഞ്ഞ വര്‍ഷം കായികരംഗത്തെ പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്‌കാരവും നീരജിന് ലഭിച്ചിട്ടുണ്ട്. ജൂലൈയിലെ ലോകചാമ്പ്യന്‍ഷിപ്പിനായി അമേരിക്കയില്‍ പരിശീലനത്തിലാണ് താരം. പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരമായ ദേവേന്ദ്ര ജജാരിയക്ക് പത്മഭൂഷണ്‍ ലഭിച്ചു. 2004ലെയും 2016ലെയും പാരാലിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ മികവിനാണ് രാജസ്ഥാന്‍ സ്വദേശിയായ ജജാരിയക്ക് രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന ബഹുമതി ലഭിക്കുന്നത്.

ടോക്കിയോ പാരാലിംപിക്സില്‍ മികവ് കാട്ടിയ മൂന്ന് പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. ഷൂട്ടിംഗില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയ അവനി ലെഖാര, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍, ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്ത് എന്നിവര്‍ക്കാണ് അംഗീകാരം. ടോക്കിയോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വന്ദന ഖട്ടാരിയക്ക് പത്മശ്രീ ലഭിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ എസ് ബ്രഹ്‌മാനന്ദ്, ആയോധന കലയിലെ പ്രശസ്ത കശ്മീരി പരിശീലകന്‍ ഫൈസല്‍ അലി ദാര്‍ എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിക്കും.