feature
അയ്ച്ചുമ്മയുടെ ഇറച്ചിക്കറിയും പത്തിരിയും
കുട്ടിക്കാലത്ത് ചുറ്റുപാടുണ്ടായിരുന്നവർക്കെല്ലാം പെരുന്നാളുണ്ടാകുന്പോൾ എനിക്കും പെരുന്നാളാണ്. ജബ്ബാറിനും അബ്ദുല്ലക്കുട്ടിക്കും സിദ്ദിഖിനും കുഞ്ഞാണിക്കും അൻവറിനും കോവുട്ടിക്കുമൊക്കെ പെരുന്നാൾ വന്നാൽ എനിക്കും പെരുന്നാളാണ്.
ഓണവും വിഷുവും കാത്തിരുന്നതുപോലെ ഞാൻ കുട്ടിക്കാലത്ത് കാത്തിരുന്ന ഒരാഘോഷമാണ് നോന്പ് പെരുന്നാൾ. ചുറ്റും മുസ്്ലിം വീടുകളാണ്. അന്ന് മുസ്്ലിം വീടുകൾ എന്ന വേർതിരിവൊന്നും എനിക്കറിഞ്ഞുകൂടാ. എന്റെ പ്രിയപ്പെട്ട കൂട്ടുകാരൊക്കെ ആ വീടുകളിലെ കുട്ടികളാണ്. ഞങ്ങൾ ഒരുമിച്ചാണ് കളിച്ചുവളർന്നത്. ഐശാബീവി എന്ന ആഇശബി ഉമ്മയും അയ്ച്ചുമുത്ത എന്ന് വിളിക്കുന്ന അയ്ച്ചുമ്മയും എന്റെ വീടുമായി വളരെയധികം ഹൃദയബന്ധമുള്ളവരാണ്. എന്റെ മുത്തശ്ശിക്കും അയ്ച്ചുമ്മക്കും ഒരേ പ്രായമാണ്. എന്റെ അമ്മക്കും അയ്ച്ചുമ്മയുടെ മകൾ ബീവി ഉമ്മക്കും ഒരേ പ്രായമാണ്. എനിക്കും ബീവി ഉമ്മയുടെ മകൻ കുഞ്ഞാണി എന്ന് ഞാൻ വിളിക്കുന്ന പരീക്കുട്ടിക്കും ഒരേ പ്രായമാണ്. ഒരു വീടു പോലെ അങ്ങോട്ടുമിങ്ങോട്ടും എപ്പോഴും ബന്ധം പുലർത്തിയിരുന്നു. അന്നൊക്കെ കഷ്ടപ്പാടുകളും ദാരിദ്ര്യവുമുള്ള കാലമാണ്. നോമ്പുകാലത്ത് ഇടയ്ക്ക് കുഞ്ഞാണി വന്ന് എന്റെ മൂക്കിനടുത്ത് കൈയിങ്ങനെ മണപ്പിക്കും. ഒരു സവിശേഷമായ മണം അവന്റെ കൈക്കുണ്ടാകും. എന്റെ വീട്ടിലില്ലാത്ത മണം. അത് ഇറച്ചിയും പത്തിരിയും തിന്നിട്ടാണെന്ന് അവനെന്നോട് പറഞ്ഞു. ആ മണം കേട്ട് പ്രലോഭനം സഹിക്കവയ്യാതെ ഞാനൊരു ദിവസം എന്റെ വീട്ടിൽ ചെന്ന് പറഞ്ഞു, എനിക്ക് ഇറച്ചിയും പത്തിരിയും തിന്നണം. വീട്ടിൽ ആകെ ബഹളമായി. എന്റെ വീട്ടിൽ മത്സ്യ മാംസാദികൾ കൊണ്ടുവരില്ല. എന്റെ മുത്തച്ഛൻ നമ്പൂതിരിയാണ്. ഞാൻ നന്പൂതിരിയല്ല. സംബന്ധ വ്യവസ്ഥയനുസരിച്ച് നമ്പൂതിരിക്ക് സംബന്ധം ഉണ്ടായിരുന്ന വീട്ടിൽ നമ്പൂതിരിയുടെ മകളുടെ മകനായി ജനിച്ച ആളാണ്. ഞങ്ങളുടെ വീട്ടിൽ അക്കാലത്ത് മത്സ്യമാംസാദികൾ കൊണ്ടുവരില്ല. അവിടെയാണ് ഇറച്ചിയും പത്തിരിയും തിന്നണമെന്ന് ഞാൻ പ്രഖ്യാപിച്ചത്. ഏതായിരുന്നാലും ഇതെങ്ങനെയോ അയ്ച്ചുമുത്ത അറിഞ്ഞു. ഒരു ദിവസം സന്ധ്യക്ക് നോമ്പുതുറ കഴിഞ്ഞപ്പോൾ അയ്ച്ചുമുത്ത വീടിന്റെ വടക്ക് പുറത്ത് വന്നു എന്റെ മുത്തശ്ശിയെ വിളിച്ച് ഒരു ചെറിയ പിഞ്ഞാണത്തിൽ ഇറച്ചിക്കറിയും ഒരു പ്ലേറ്റിൽ പത്തിരിയും കൊടുത്തു. ഒാൻ തിന്നോട്ടെ. അതിന് പൂതിയായിട്ടല്ലേ എന്ന് പറഞ്ഞു. ഇങ്ങള് തിന്നണ്ട, കുട്ടികൾക്കൊക്കെ കൊടുത്തോളിം, അതോണ്ടൊന്നും ഉണ്ടാകാൻ പോണില്ല. അയ്ച്ചുമുത്ത എന്ത് കൊടുത്താലും മക്കൾക്ക് കൊടുക്കാമെന്ന അത്ര വിശ്വാസം സ്നേഹത്തിന്റെ പേരിൽ മുത്തശ്ശിക്കുണ്ടായിരുന്നു. മത്സ്യമാംസാദികൾ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത മുത്തശ്ശി അന്ന് വിളന്പിത്തന്ന ഇറച്ചിയും പത്തിരിയും കഴിച്ചാണ് ഞാൻ നോന്പിൽ പങ്ക് ചേർന്നത്. അന്ന് മുതൽ ഞാൻ ബീഫ് കഴിക്കും.
പിന്നീടും ഞാൻ എത്രയോ നോമ്പുതുറകളിൽ പങ്കെടുത്തിട്ടുണ്ട്. കുട്ടിക്കാലത്ത് ചുറ്റുപാടുണ്ടായിരുന്നവർക്കെല്ലാം പെരുന്നാളുണ്ടാകുന്പോൾ എനിക്കും പെരുന്നാളാണ്. ജബ്ബാറിനും അബ്ദുല്ലക്കുട്ടിക്കും സിദ്ദിഖിനും കുഞ്ഞാണിക്കും അൻവറിനും കോവുട്ടിക്കുമൊക്കെ പെരുന്നാൾ വന്നാൽ എനിക്കും പെരുന്നാളാണ്. അങ്ങനെയാണ് ഞങ്ങൾ പെരുന്നാളിനെ സ്വീകരിച്ചത്. പിന്നീട് മുതിർന്നപ്പോഴാണ് പെരുന്നാളിനെക്കുറിച്ചുള്ള കൂടുതൽ അറിവുകളുണ്ടായത്. ആത്മസംസ്കരണത്തിന്റെ മാസമാണ് വിശുദ്ധ റമസാൻ. ഭക്ഷണമുപേക്ഷിക്കുക എന്നത് മാത്രമല്ല നോന്പിന്റെ ലക്ഷ്യം. നമ്മൾ മനസ്സിനെ സംസ്കരിക്കുകയാണ്. ആർത്തികളെ നിരോധിക്കുകയാണ്. ശരീരത്തിന്റെ ആവശ്യകതയെ പരിമിതപ്പെടുത്തുകയാണ്. അങ്ങനെ ത്യാഗം പരിശീലിക്കുന്നു. ത്യാഗത്തിലൂടെ ശരീരം മാത്രമല്ല, മനസ്സും സംസ്കരിക്കപ്പെടുന്നു. വേണ്ടെന്ന് വെക്കാൻ കഴിയലാണ് യഥാർഥ സംസ്കാരം. എന്ന് മാത്രമല്ല, വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസമാണ് വിശുദ്ധ റമസാൻ മാസം. ആ മാസം പരിപാവനമായിട്ടാണ് ലോകമെന്പാടും കണക്കാക്കപ്പെടുന്നത്. ആ മാസത്തിൽ ചെയ്യുന്ന സത്കർമങ്ങളൊക്കെ നാഥനിൽ നിന്ന് പ്രതിഫലം കിട്ടാൻ പര്യാപ്തമായതാണ്. റമസാൻ നോന്പിന്റെ അവസാനത്തെ പത്ത് ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ലൈലതുൽ ഖദ്ർ ഈ പത്ത് ദിവസങ്ങളിലൊന്നാണെന്നാണ് വിശ്വാസം. ഇത് അനുഭവിക്കാൻ സാധിക്കുന്നത് പരമ പുണ്യമാണ്.
കൊടുക്കുന്നവന്റെ ഔദാര്യമല്ല, വാങ്ങുന്നവന്റെ അവകാശമാണ് സക്കാത്ത് എന്നും പഠിപ്പിച്ചിട്ടുണ്ട് വിശുദ്ധ ഇസ്്ലാം. സകാത്ത് നൽകേണ്ടതിൽ ഉത്തമമായത് ഈ റമസാൻ മാസക്കാലത്താണ്. ഇരുപത്തിയേഴാം രാവ് അതിൽ പ്രധാനപ്പെട്ടതാണ്. അവനവന്റെ സന്പത്തിൽ നിന്ന് ഒരു നിശ്ചിത വിഹിതം പാവപ്പെട്ടവർക്ക് കൊടുത്തുകൊണ്ടിരിക്കണം എന്നാണ് ഖുർആൻ അനുശാസിക്കുന്ന നികുതി നിയമം. അത് നിർബന്ധിത നികുതിയാണ്. പണക്കാർ അവരുടെ സന്പാദ്യത്തിൽ നിന്നല്ല, അവരുടെ മൊത്തം സന്പത്തിൽ നിന്ന് ഒരു നിശ്ചിത വിഹിതം നിരന്തരം പാവപ്പെട്ടവർക്ക് കൊടുത്തുകൊണ്ടിരുന്നാൽ ദാരിദ്ര്യവും പട്ടിണിയും ദുരിതവും ഇല്ലാതാക്കാൻ സാധിക്കും. അതോടൊപ്പം ആരും പട്ടിണി കിടക്കുകയില്ല. ആർക്കും കൊടിയ ദാരിദ്ര്യമുണ്ടാകുകയുമില്ല. ഈയൊരു സാമൂഹിക പാഠം കൂടി വിശുദ്ധ റമസാൻ നമുക്ക് തരുന്നുണ്ട്. തീർച്ചയായും നോന്പ് പിടിക്കുന്നവൻ ദൈവവുമായി ഒരു വിശുദ്ധ കരാറിലേർപ്പെടുകയാണ്. ദൈവികത എന്നത് മനുഷ്യന്റെ കർമങ്ങളിലൂടെയാണ് ലോകം അനുഭവിക്കുന്നത്.
ഈ പരമഹിതമായ വേദസംഹിത ദൈവഹിതമായി ലോകത്ത് മനുഷ്യന് മാത്രമല്ല പുല്ലിനും പുഴുവിനും പുൽച്ചാടിക്കും ചെറിയ ചെറിയ സുക്ഷ്മ ജീവികൾക്കും സമസ്ത ചരാചരങ്ങൾക്കും നീതി കിട്ടുന്നതിനു വേണ്ടി ദൈവഹിതമായിട്ട് അവതരിക്കപ്പെട്ട വാക്കുകളാണ്. ദൈവം സത്യവിശ്വാസിയോട് ചോദിക്കും, ഞാൻ വിശന്നുപൊരിഞ്ഞ് നിന്റെ വീട്ടിൽ വന്നപ്പോൾ നീ എനിക്ക് ഭക്ഷണം തന്നില്ലല്ലോ. അതിനർഥം വിശന്നുപൊരിഞ്ഞ് വരുന്നവന് ഭക്ഷണം കൊടുക്കുന്നത് ഒരു ഇബാദത്താണ് എന്നാണ്. ഒരു സത്കർമമാണ്. ഈ വിധത്തിലാണ് സത്യവിശ്വാസിയെ റമസാൻ പരുവപ്പെടുത്തിയെടുക്കുന്നത്. മനസ്സ് ദൈവത്തിൽ മാത്രം സമർപ്പിച്ച് ശരീരത്തിന് വേണ്ടത് മാത്രമുള്ള ചെറിയ ഭക്ഷണം രാത്രി കഴിച്ച് സദാസമയം ധർമ നിഷ്ഠമായ മനസ്സോട് കൂടി ലോകത്തെ കോടാനുകോടി മനുഷ്യർ വ്രതശുദ്ധമായ ഒരു മാസം ആചരിക്കുകയാണ്. അതിനു ശേഷമാണ് പെരുന്നാൾ വരുന്നത്. തീർച്ചയായും ഈ പെരുന്നാളും ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. എല്ലാ സത്യവിശ്വാസികൾക്കും നന്മകൾ മാത്രം പ്രാർഥിക്കുന്നു. എല്ലാ ഇരുട്ടും നീക്കുന്ന വെളിച്ചമായി മനസ്സ് പ്രകാശിക്കാൻ ഈ വ്രതാനുഷ്ഠാനങ്ങൾ നമ്മെ സഹായിക്കുമാറാകട്ടെയെന്ന് പ്രാർഥിക്കുന്നു.