Kerala
അയ്യപ്പഭക്തര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; പമ്പ ത്രിവേണിയിലെ ഹോട്ടല്‍ പൂട്ടിച്ചു
പമ്പ ത്രിവേണി മണപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന കോഫീ ലാന്‍ഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്.

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തരില്‍ പത്തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തെ തുടര്‍ന്ന്, പമ്പയിലെ ഹോട്ടല്‍ പമ്പ ഡ്യൂട്ടി മജിസ്ട്രെറ്റിന്റെ നേതൃത്വത്തില്‍ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന കോഫീ ലാന്‍ഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോര്‍ത്ത് വല്ല്യത്ത് വീട്ടില്‍ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍.
ഇന്നും ഇന്നലെയുമായി ഈ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച പത്തോളം അയ്യപ്പഭക്തരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ഇതിനെ തുടര്‍ന്ന് പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ രാവിലെ 11.40 ന് ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു. കടയുടെ ലൈസന്‍സും മറ്റും പരിശോധിച്ചു. ഉടമയുടെ പേരില്‍ ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി. കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന തരത്തില്‍ ദോഷകരമായ ആഹാരസാധനങ്ങള്‍ വില്‍പ്പന നടത്തി ഭക്തര്‍ക്കും മറ്റു അസുഖം ബാധിക്കുന്നതിന് കാരണമാക്കിയതിന് കടയുടെ ലൈസന്‍സിക്കെതിരെ പമ്പാ പോലീസ് കേസ് ചെയ്തു.