Ongoing News
സെഞ്ച്വറിയുമായി അസര്‍; രഞ്ജി സെമിയില്‍ കേരളം ശക്തമായ നിലയില്‍
303 പന്ത് നേരിട്ട അസറുദ്ദീന്‍ 149 റണ്‍സ് നേടി. രഞ്ജി സെമിയില്‍ ശതകം നേടുന്ന ആദ്യ കേരള വിക്കറ്റ് കീപ്പര്‍ 52 റണ്‍സ് നേടിയ നിസാര്‍ അസറുദ്ദീന് മികച്ച കൂട്ടായി.

അഹമ്മദാബാദ് | രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന നിലയിലാണ് കേരളം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ സെഞ്ച്വറി കരുത്തിലാണ് കേരളം കുതിക്കുന്നത്. 303 പന്ത് നേരിട്ട അസറുദ്ദീന്‍ 149 റണ്‍സ് നേടി. ഗുജറാത്തിന് തലവേദന സൃഷ്ടിച്ച് ബാറ്റിങ് തുടരുകയാണ് അസറുദ്ദീന്‍. 10 റണ്‍സുമായി ആദിത്യ സര്‍വാതെ അസറിനൊപ്പം ക്രീസിലുണ്ട്.
ഫസ്റ്റ് ക്ലാസ് കരിയറില്‍ നേരത്തെ നേടിയ 112 റണ്‍സാണ് അസര്‍ ഈ മത്സരത്തില്‍ തിരുത്തിക്കുറിച്ചത്. രഞ്ജി സെമിയില്‍ ശതകം നേടുന്ന ആദ്യ കേരള വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും താരത്തിന് സ്വന്തമായി.
നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സുമായി രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനെ തുടക്കത്തിലേ തിരിച്ചടിയേറ്റു. 69 റണ്‍സെടുത്തിരുന്ന സച്ചിന്‍ ബേബി രണ്ടാം പന്തില്‍ തന്നെ മടങ്ങി. അര്‍സന്‍ നഗ്വാസ്വാലയാണ് സച്ചിനെ വീഴ്ത്തിയത്. സല്‍മാന്‍ നിസാര്‍ കളത്തിലെത്തിയതോടെ കളി മാറി. 52 റണ്‍സ് നേടിയ നിസാര്‍ അസറുദ്ദീന് മികച്ച കൂട്ടായി.
അഹമ്മദ് ഇമ്രാന്‍ 24 റണ്‍സെടുത്തു. രണ്ടാം ദിനത്തില്‍ ഗുജറാത്തിനായി അര്‍സന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിശാല്‍ ജയ്‌സ്വാളിന് ഒരു വിക്കറ്റ് ലഭിച്ചു.