Azhikkal boat tragedy
അഴീക്കല്‍ ദുരന്തം: വറുതിക്ക് അറുതി തേടിയുള്ള യാത്ര ദുരന്തയാത്രയായി
രാവിലെ 11 മണിയോടെയാണ് മത്സ്യബന്ധനത്തിന് പോയ, തറയില്‍കടവ് കാട്ടില്‍ അരവിന്ദന്റെ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന വീഞ്ച് വള്ളവും അതിനോടൊപ്പമുള്ള കാരിയര്‍ വള്ളവും അപകടത്തില്‍ പെട്ടതായ വിവരം അറിയുന്നത്.
ആറാട്ടുപുഴ | ഒരു ചാണ്‍ വയറിനുവേണ്ടി കടല്‍തിരമാലകളോട് ഏറ്റുമുട്ടുന്നവരാണ് മത്സ്യബന്ധന തൊഴിലാളികള്‍. കൊവിഡും ലോക്ഡൗണും എല്ലാം തീര്‍ത്ത വറുതിക്ക് അറുതി തേടിയാണ് ആറാട്ടുപുഴയില്‍ നിന്ന് അവര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയത്. എന്നാല്‍ ആ യാത്ര ആ സംഘത്തിലെ നാല് പേരുടെ അന്ത്യയാത്രയായി.
രാവിലെ 11 മണിയോടെയാണ് മത്സ്യബന്ധനത്തിന് പോയ, തറയില്‍കടവ് കാട്ടില്‍ അരവിന്ദന്റെ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന വീഞ്ച് വള്ളവും അതിനോടൊപ്പമുള്ള കാരിയര്‍ വള്ളവും അപകടത്തില്‍ പെട്ടതായ വിവരം അറിയുന്നത്. തറയില്‍ കടവില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വള്ളം കടലില്‍ പോയത്.
16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അധികപേരും അയല്‍വാസികളും ബന്ധുക്കളുമാണ്. കായംകുളം ഹാര്‍ബറിന് സമീപം കൊല്ലം അഴീക്കല്‍ കുരിശടിക്ക് പടിഞ്ഞാറ് തീരക്കടലില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ആയിരുന്നു അപകടം. വല വലിച്ച് വെള്ളത്തിലേക്ക് കയറുന്നതിനിടയില്‍ വലിയ തിരമാലയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു.
അപകടം കണ്ട് തൊട്ടടുത്ത മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന യോഗിശ്വരന്‍, മഹാലക്ഷ്മി , സൂര്യദേവന്‍, ശ്രീ കാശി, സൗഹൃദ തുടങ്ങിയ വള്ളങ്ങളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്ക് ചേര്‍ന്നു. വള്ളത്തിനടിയിലും വലയിലും പെട്ടു പോയവരാണ് രക്ഷപെടാനാകാതെ മരണത്തിന് കീഴടങ്ങിയത്.
ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശികളായ പുത്തന്‍കോട്ടയില്‍ സുദേവന്‍ (55), കാനോലില്‍ ശ്രീകുമാര്‍ (50), പറത്തറയില്‍ സുനില്‍ദത്ത് (24), നെടിയത്ത് തങ്കപ്പന്‍ (70) എന്നിവരുടെ മരണം ആറാട്ടുപുഴ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പരിക്കേറ്റവരെ കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലേക്കാണ് കൊണ്ട് പോയത്.ചിലരെ കാണാനുണ്ടെന്ന അഭ്യൂഹം പരന്നതും തീരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
സംഭവമറിഞ്ഞ് നാട്ടുകാര്‍ വലിയഴീക്കല്‍ തീരത്തേക്ക് പാഞ്ഞു. പരിക്കേറ്റ കാട്ടേക്കാട് അക്ഷയകുമാര്‍, തെക്കേപുറത്ത് ഉമേഷ്, കാട്ടില്‍ സജീവന്‍, പറത്തറയില്‍ ബൈജു, തട്ടാനത്ത് രമണന്‍ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റ തറയില്‍കടവ് തെക്കേപ്പുറത്ത് സുമേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചു. തറയില്‍ കടവ് ഒതളത്തും മൂട്ടില്‍ റിങ്കു, കാട്ടില്‍ക്കടവ് അനീഷ്, കൂട്ടിന്റെപടീറ്റതില്‍ സോമന്‍, വൈദ്യന്റെ പടീറ്റതില്‍ റിജു കുമാര്‍, കുറുങ്ങാട്ട് ബിജു, തട്ടാനത്ത് ഷാന്‍ എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.