Azhikkal boat tragedy
അഴീക്കല്‍ ദുരന്തം; സുനില്‍ ദത്തിന്റെ കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയെ
വളരെ പരിതാപകരമാണ് സുനില്‍ ദത്തിന്റെ കുടുംബത്തിന്റെ അവസ്ഥ.

ആറാട്ടുപുഴ | ആറാട്ടുപുഴ അഴീക്കല്‍ പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ തറയില്‍ക്കടവ് പറത്തറയില്‍ സുനില്‍ ദത്തി (24) ന്റെ കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയെ. പട്ടിണിയും പരിവെട്ടവുമാണ് ചെറിയ പ്രായത്തില്‍ തന്നെ കടലിനോട് പടവെട്ടാന്‍ സുനില്‍ ദത്തിനെ പ്രേരിപ്പിച്ചത്. ഒടുവില്‍ ആ കടലില്‍ തന്നെ സുനിലിന്റെ സ്വപ്നങ്ങള്‍ മുങ്ങിത്താഴ്ന്നു.
വളരെ പരിതാപകരമാണ് സുനില്‍ ദത്തിന്റെ കുടുംബത്തിന്റെ അവസ്ഥ. പിതാവ് സുനില്‍കുമാര്‍ ഹൃദ്രോഗിയാണ്. മാതാവിനും ജോലിയില്ല. ഏക സഹോദരി സുനിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നുണ്ടായ ബാധ്യതകളും കുടുംബഭാരവും നന്നേ ചെറുപ്പത്തില്‍ ഏറ്റെടുക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് സുനില്‍ ദത്ത് പ്ലസ് ടൂ കഴിഞ്ഞയുടന്‍ അയല്‍വാസിയുടെ വള്ളത്തില്‍ ജോലിക്കു പോയി തുടങ്ങിയത്.
കുടുംബ കാര്യങ്ങള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ പകച്ചിരിക്കുകയാണ് മാതാപിതാക്കള്‍. അലമുറയിട്ട് കരയുന്ന മാതാപിതാക്കളേയും സഹോദരിയേയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും വിഷമിക്കുന്നു.