National
ബാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണാടക ഹൈക്കോടതി
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25ന്റെയും 26ന്റെയും ലംഘനമാകുന്ന യാതൊന്നും ബാങ്കു വിളിയിലില്ലെന്നും കോടതി
ബെംഗളൂരു |ബാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കാണിച്ച് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തള്ളി. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25ന്റെയും 26ന്റെയും ലംഘനമാകുന്ന യാതൊന്നും ബാങ്കു വിളിയിലില്ല. പ്രാർഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ല. അത്‌കൊണ്ട് തന്നെ ഹരജിക്കാരന്റെ വാദം നിലനിൽക്കില്ല. ഇത്തരം ഹരജികൾ തെറ്റിദ്ധാരണയുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ബാങ്ക് വിളി മുസ്‌ലിം വിശ്വാസ ക്രമത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണെങ്കിലും അതിലെ ചില പ്രയോഗങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നതാണെന്ന വാദമാണ് ഹരജിക്കാരനായ ചന്ദ്രശേഖർ എന്നയാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. പള്ളികളിൽ നിന്ന് ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് പൂർണമായി നിരോധിക്കാൻ നിർദേശം നൽകണമെന്നും അദ്ദേഹം വാദിച്ചു.
ബാങ്കിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ബഞ്ച് തടഞ്ഞു. ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുവെന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നതെന്ന് കോടതി ചോദിച്ചു.ഭ
രണഘടനയിലെ ആർട്ടിക്കിൾ 25(1) ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശമല്ല. പൊതു ക്രമം, ധാർമികത, ആരോഗ്യം തുടങ്ങിയവയെ ഈ അവകാശം ഹനിക്കാൻ പാടില്ല. ഇവിടെ ബാങ്ക് ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വിളിക്കുമ്പോൾ നിസ്‌കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുന്നതെന്ന് ബഞ്ച് ചോദിച്ചു.