National
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബാബ സിദ്ദിഖ് എന്‍സിപിയിലേക്കെന്ന് അജിത് പവാര്‍
ഫെബ്രുവരി 10ന് ബാബ സിദ്ധിഖ്എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ|ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 10ന് ബാബ സിദ്ധിഖ്എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 11 ന് കൂടുതല്‍ നേതാക്കളും എന്‍സിപിയില്‍ ചേരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള 48 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ബാബ സിദ്ധിഖ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് അജിത് പവാറിന്റെ പ്രതികരണം. കൗമാരപ്രായത്തില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എത്തിയ ആളാണ് ഞാന്‍. എന്റെ 48 വര്‍ഷത്തെ കോണ്‍ഗ്രസിലെ യാത്ര അവസാനിക്കുകയാണ്. ഇന്ന് ഞാന്‍ കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണ്. പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവര്‍ പറയുന്നതുപോലെ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് നന്ദി എന്നാണ് ബാബ സിദ്ധിഖ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്.
അതേസമയം, ബാബ സിദ്ധിഖിന്റെ രാജിക്ക് പിന്നാലെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഏകനാഥ് ഗെയ്ക്വാദ് സിദ്ദിഖിനെതിരെ രംഗത്തെത്തി. സിദ്ദിഖിന്റെ രാജി കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും വസ്ത്രം മാറുന്നതുപോലെയാണ് ചിലര്‍ പാര്‍ട്ടി മാറുന്നതെന്നും വര്‍ഷ പ്രതികരിച്ചു. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിദ്ദിഖിന്റെ രാജി. പാര്‍ട്ടി ആശയങ്ങളില്‍ പെടാത്തവരെ കുറിച്ച് എന്ത് പറയാനാണെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു.