corp of baby
ചതുപ്പില്‍ കുഞ്ഞിന്റെ മൃതദേഹം: കൊലപാതക സാധ്യത തള്ളി പ്രാഥമിക നിഗമനം
ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തും.
പത്തനംതിട്ട | തിരുവല്ല പുളിക്കീഴില്‍ കുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാധ്യത തള്ളി പ്രാഥമിക നിഗമനം. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്തരമൊരു നിഗനം. പെണ്‍കുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ച് ദിവസത്തെ വരെ പഴക്കമുണ്ടെന്ന് കണ്ടെത്തി.
സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തും. മരിച്ച ശേഷം കുഞ്ഞിനെ ചതുപ്പില്‍ നിക്ഷേപിച്ചതാകാം എന്നാണ് നിഗമനം. കൈ കാലുകള്‍ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റാണെന്ന് വ്യക്തമായി. കോട്ടയം മെഡി. കോളജിലാണ് ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഫോറന്‍സിക് പരിശോധനാഫലം വന്നാൽ ദുരൂഹത നീക്കാനാകും. സ്ഥലത്തെ സി സി ടി വികളിൽ നിന്ന് കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. സമീപ പ്രദേശങ്ങളും സി സി ടി വികളും പരിശോധിക്കും.