Connect with us

Kerala

ആലപ്പുഴയില്‍ അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ആരോഗ്യ നില അതീവ ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റി

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴയില്‍ അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും, കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ പരാതി. കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. പുഷ്പ പ്രതികരിച്ചിരുന്നു. ആദ്യ രണ്ട് മാസത്തിലാണ് കുട്ടിയുടെ മാതാവിനെ ചികിത്സിച്ചത്. ഈ കാലയളവില്‍ വൈകല്യം കണ്ടെത്താന്‍ കഴിയില്ല. അഞ്ചാം മാസത്തിലാണ് ഇതെല്ലാം തിരിച്ചറിയുന്നത്. ഈ സമയത്ത് കുട്ടിയുടെ മാതാവ് തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്ന് ഡോ. പുഷ്പ പറയുന്നത്.

 

 

---- facebook comment plugin here -----

Latest