National
യു പിയിൽ പ്ലാറ്റ്ഫോമിൽ നിന്ന് തട്ടിയെടുത്ത കുഞ്ഞ് ബി ജെ പി വനിതാ നേതാവിന്റെ വീട്ടിൽ
ഒരു മകളുള്ള ദമ്പതികൾ 1.8 ലക്ഷം രൂപക്കാണ് ആൺകുട്ടിയെ വാങ്ങിയത്.
ലക്നോ | മധുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്ന മാതാപിതാക്കളിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയെ ഫിറോസാബാദിലെ ബി ജെ പി വനിതാ നേതാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. കുട്ടികളെ മോഷ്ടിച്ച് വിൽക്കുന്ന സംഘത്തിൽ നിന്ന് ബി ജെ പി തദ്ദേശ ഭരണസമിതി അംഗം വിനീത അഗർവാളും ഭർത്താവും ചേർന്ന് കുട്ടിയെ വാങ്ങുകയായിരുന്നു. ഒരു മകളുള്ള ദമ്പതികൾ 1.8 ലക്ഷം രൂപക്കാണ് ആൺകുട്ടിയെ വാങ്ങിയത്.
മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ തട്ടിയെടുക്കുന്നതിന്റെ ദൃശ്യം അവിടെയുള്ള സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യത്തിലുള്ളവർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഹാഥ്റസിൽ ആശുപത്രി നടത്തുന്ന രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് കുട്ടിയെ വിൽപ്പന നടത്തിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് മുശ്താഖ് പറഞ്ഞു.
ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. ഫിറോസാബാദിലെ ദമ്പതികളിൽ നിന്ന് തിരികെ വാങ്ങിയ കുട്ടിയെ മധുരയിലെ മാതാപിതാക്കൾക്ക് കൈമാറി.