Connect with us

Kerala

മരിച്ചെന്നു കരുതിയ കുഞ്ഞ് അതിജീവിച്ചു; ജാര്‍ഖണ്ഡില്‍ നിന്ന് മാതാപിതാക്കളുടെ കരളലിഞ്ഞു

ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്

Published

|

Last Updated

കൊച്ചി | ചികിത്സിക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞ് ആരോഗ്യത്തോടെ അതിജീവിച്ചതായി അറിഞ്ഞപ്പോള്‍ ആ മാതാപിതാക്കളുടെ കരളലിഞ്ഞു. കൊച്ചിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാന്‍ ആഗ്രഹിക്കകുയാണ് ഇപ്പോള്‍.

ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാകള്‍ പോലീസിനെ അറിയിച്ചു. റാഞ്ചിക്കടുത്തുള്ള ലോഹാര്‍ഡഗ ഗ്രാമത്തില്‍ കഴിയുന്ന മംഗലേശ്വര്‍-രഞ്ജിത ദമ്പതികളുടെ മകളാണ് ശിശുക്ഷേമ സമിതിയില്‍ ആരോഗ്യ വതിയായി കഴിയുന്നത്. രക്ഷിതാക്കള്‍ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസമായി പോലീസിന് ഒരു വിവരവുമില്ലായിരുന്നു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡുകാരായ പോലീസുകാരാണ് രക്ഷിതാക്കളെ കണ്ടെത്താന്‍ കേരള പോലീസിനെ സഹായിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം അനുസരിച്ച് താല്‍പര്യത്തോടെ തെരച്ചില്‍ ആരംഭിച്ച ജാര്‍ഖണ്ഡ് പോലീസ് കഴിഞ്ഞ ദിവസം രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു മാതാപിതാക്കള്‍. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിനെ വീഡിയോ കോളിലൂെട കാണണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നിധി എന്ന് പേരിട്ട കുഞ്ഞിനെ കാണിച്ചു കൊടുത്തു. ശിശുക്ഷേമ സമിതിയുടെ അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലാണ് കുഞ്ഞ് കഴിയുന്നത്. മരിച്ചെന്ന് കരുതിയ കുഞ്ഞിനെ കണ്ടതോടെ ഇരുവരും കരഞ്ഞു.

കുഞ്ഞിനെ ഏറ്റെടുക്കാന്‍ അച്ഛനമമ്മാര്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. എത്തിയില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ പോയി ഇരുവരെയും കസ്റ്റിഡിയിലെടുക്കും. ദമ്പതികളുടെ ജീവിത സാഹചര്യും കൂടി പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.