Connect with us

Covid Kerala

വീണ്ടും കർശന നിയന്ത്രണത്തിലേക്ക്; അടുത്തയാഴ്ച സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ

ഐ ടി ഐ  പരീക്ഷ എഴുതേണ്ടവര്‍ക്ക് മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിവാര രോഗബാധ -ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്താകെ രാത്രികാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി പത്തു മണിമുതല്‍ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും  അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും.  അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ   ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തില്‍ ആദ്യത്തെ ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി പോയാല്‍ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട് .

ഇന്നത്തെ സ്ഥിതിയും അതിന്റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാന്‍ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും.  എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന  ഡോക്ടര്‍മാര്‍,  ചികിത്സാ പരിചയം ഉള്ള   സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ  വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധര്‍  എന്നിവരെ ആ യോഗത്തില്‍ പങ്കെടുപ്പിക്കും.  സെപ്തംബര്‍ ഒന്നിന് ഈ യോഗം ചേരും
തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റ്,  സെക്രട്ടറിമാരുടെ യോഗവും ഇതിന് ശേഷം സെപ്തംബര്‍ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും. ഓരോ തദ്ദേശസ്ഥാപനത്തിന്റെ  കയ്യിലും വാക്‌സിന്‍ നല്‍കിയതിന്റെ കണക്ക് വേണം എന്നും അത് വിലയിരുത്തി  കുറവ് പരിഹരിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐ ടി ഐ  പരീക്ഷ എഴുതേണ്ടവര്‍ക്ക് മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ്  ഓഫീസര്‍മാരെ ജില്ലകളിലേയ്ക്ക്  പ്രത്യേകമായി നിയോഗിച്ചു.  ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.
എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കടകളില്‍ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്‌സിന്‍ എടുക്കാത്തവര്‍ വളരെ അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Latest