Connect with us

From the print

പിന്മാറ്റം സ്മാര്‍ട്ടല്ല

സ്മാര്‍ട്ട് സിറ്റി നഷ്ടപരിഹാരം കരാര്‍ വിരുദ്ധം. ഇടപാടില്‍ ദുരൂഹത • പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമില്‍ നിന്നെന്ന് കരാര്‍. വ്യവസ്ഥകള്‍ മറികടന്ന് കമ്പനി ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബൈ കമ്പനിയായ ടീകോമിന്റെ പിന്മാറ്റത്തില്‍ വിവാദവും ദുരൂഹതയും. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്ത സര്‍ക്കാറിന്റെ നടപടിയിലാണ് ദുരൂഹത.

സ്മാര്‍ട്ട് സിറ്റി സ്വകാര്യ കമ്പനിയാണെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്നുമാണ് വിശദീകരണം. ടീകോമുമായുണ്ടാക്കിയ കരാര്‍ പ്രകാരം സര്‍ക്കാറിന് സ്മാര്‍ട്ട് സിറ്റിയില്‍ 16 ശതമാനം ഓഹരിയുണ്ടെന്നിരിക്കെയാണ് ഈ നിലപാട്.

കരാര്‍വിരുദ്ധം
പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ താത്പര്യം പ്രകടിപ്പിച്ച ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം 2007ല്‍ ഒപ്പുവെച്ച ഫ്രെയിംവര്‍ക്ക് കരാറിന് വിരുദ്ധമാണെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമില്‍ നിന്നെന്നാണ് കരാര്‍ വ്യക്തമാക്കുന്നത്. 2007ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്തെ കരാറില്‍ തൊഴിലവസരങ്ങളെ കുറിച്ചും കെട്ടിടനിര്‍മാണത്തെ കുറിച്ചുമുള്ള നിബന്ധനകള്‍ നടപ്പാക്കുമെന്ന് ടീകോം അംഗീകരിച്ചിരുന്നു. ഇത് പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, പതിനേഴ് വര്‍ഷം പിന്നിട്ടിട്ടും, പത്ത് ശതമാനം പദ്ധതികള്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.

2017ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ടീകോമാണെന്നിരിക്കെ, വ്യവസ്ഥകള്‍ മറികടന്ന് സര്‍ക്കാര്‍ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ദുരൂഹത വര്‍ധിപ്പിക്കുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

പുതിയ നിക്ഷേപമില്ല
പദ്ധതിയുടെ തുടക്കത്തില്‍ കമ്പനി കാണിച്ച ആവേശം പിന്നീടുണ്ടായില്ല. 13 വര്‍ഷത്തിനിപ്പുറവും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അകലെയാണ്. പത്ത് വര്‍ഷത്തോളമായി ദുബൈ ഹോള്‍ഡിംഗ്സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പദ്ധതി പിന്മാറ്റം സംബന്ധിച്ച് ടീകോമുമായി സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തി. ഈ സാഹചര്യത്തിലാണ്, കെട്ടിട നിര്‍മാണത്തിനടക്കം ടീകോം മുടക്കിയ തുക വിലയിരുത്തി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറുണ്ടാക്കിയ ധാരണ. ടീകോം ഒഴിയുന്ന സാഹചര്യത്തില്‍ ഇവിടെ മറ്റ് നിക്ഷേപ പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു.

ഫ്രെയിംവർക്ക് കരാർ
കമ്പനിയുടെ വീഴ്ച കാരണം പദ്ധതി പരാജയപ്പെട്ടാൽ കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. വീഴ്ച സംഭവിച്ചാൽ മൂന്ന് മാസത്തിനകം കന്പനിക്ക് സർക്കാർ നോട്ടീസ് നൽകണം. നോട്ടീസ് നൽകി ആറ് മാസം കഴിഞ്ഞും വീഴ്ച തുടർന്നാൽ കമ്പനിയുടെ മുഴുവൻ ഓഹരിയും തിരിച്ചെടുക്കാൻ സർക്കാറിന് അധികാരമുണ്ട്. 88 ലക്ഷം ചതുരശ്ര അടി കെട്ടിടം നിർമിക്കുന്നതിലോ 90,000 തൊഴിൽ അവസരങ്ങൾ നൽകുന്നതിലോ വീഴ്ചയുണ്ടായാൽ കമ്പനിക്ക് സർക്കാർ നോട്ടീസ് നൽകണം. ആറ് മാസത്തിനു ശേഷവും ഇത് തുടർന്നാൽ സർക്കാറും കമ്പനിയും ഒരുമിച്ച് ചാർട്ടേഡ് അക്കൗണ്ടന്റിനെ നിയോഗിച്ചു സംസ്ഥാന സർക്കാറിന് ചെലവായ തുക എത്രയെന്ന് നിർണയിച്ച് ടീകോമിൽ നിന്ന് ഈടാക്കാമെന്നും കരാറിന്റെ 7.2.2 സി ചട്ടത്തിൽ വ്യക്തമാക്കുന്നു.

 

Latest