Kerala
കേരളത്തിന് തിരിച്ചടി; മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി
മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി | കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് സുപ്രീം കോടതി. പിഴത്തുക അടക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതി നിര്‍ദേശിച്ച പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. 30 ലക്ഷത്തിലധികം രൂപയുടെ പിഴ മണിച്ചന്‍ അടച്ചാല്‍ ആ തുക മദ്യദുരന്ത കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതും, ആറ്റിങ്ങല്‍ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30,45,000 രൂപ പിഴ അടയ്‌ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിഴ അടക്കാത്തതിന്റെ പേരില്‍ ഒരാളെ അനന്തമായി തടവില്‍ വെക്കാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്.
കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും, 266 പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ നേരിട്ടുവെന്നും, അഞ്ച് പേര്‍ക്ക് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു