National
വിദ്യാർഥികൾക്ക് തിരിച്ചടി; കാനഡയുടെ വിസാ കുരുക്ക്
എസ് ഡി എസ് അവസാനിപ്പിച്ചു • വിസാ നടപടി ഇനി വൈകും
ന്യൂഡൽഹി | ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ. കഴിഞ്ഞ ദിവസമാണ് സ്റ്റുഡന്റ്ഡയറക്ട് സ്ട്രീം (എസ് ഡി എസ്) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (ഐ ആർ സി സി) അറിയിച്ചത്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് പഠനാവശ്യത്തിനായി കാനഡയിലേക്ക് കുടിയേറുന്നവർക്ക് തിരിച്ചടിയാണിത്.
2018ലാണ് എസ് ഡി എസ് പദ്ധതിയുടെ കീഴിൽ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയൻ ഗ്യാരന്റീസ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവുമുണ്ടെങ്കിൽ ആഴ്ചകൾക്കുള്ളിൽ വിസ നൽകുന്നതായിരുന്നു പദ്ധതി. വിദേശ വിദ്യാർഥികൾക്ക് കാനഡയിൽ തുടർവിദ്യാഭ്യാസം നേടാൻ കാലതാമസം വരാതിരിക്കാൻ പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർഥികളെ മുന്നിൽക്കണ്ടായിരുന്നു എസ് ഡി എസ് പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യക്ക് പുറമെ ചൈന, ഫിലിപ്പൈൻസ് ബ്രസീൽ, കൊളംബിയ, കോസ്റ്റാറിക്ക, മൊറോക്കോ, പാകിസ്താൻ, പെറു, വിയറ്റ്‌നാം തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഈ വിസയെ പ്രധാനമായും ആശ്രയിച്ചിരുന്നത്.
അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയൻ സർക്കാറിന്റെ വാദം. കാനഡയിലേക്ക് പഠന ആവശ്യത്തിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപേക്ഷാ പ്രക്രിയയിലേക്ക് തുല്യവും ന്യായവുമായ പ്രവേശനം നൽകുന്നതിനാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ നിർത്തലാക്കുന്നതെന്നും കാനഡ സർക്കാർ അവകാശപ്പെട്ടു.
പദ്ധതിക്ക് കീഴിൽ ഈ മാസം എട്ടിന് ഉച്ചക്ക് രണ്ട് വരെ ലഭിച്ച അപേക്ഷകൾ പരിഗണിക്കും. ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിലുള്ള നടപടിക്രമങ്ങളിലേക്ക് മാറ്റുമെന്നും കാനഡ അറിയിച്ചു. വരും ദിവസങ്ങളിൽ വിസ ചട്ടങ്ങൾക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ.
ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ നിർത്തലാക്കുന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് കൂടുതൽ ദൈർഘ്യമേറിയ വിസാ നടപടിക്രമങ്ങൾ നടത്തേണ്ടിവരും. രാജ്യത്ത് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന നയം നടപ്പാക്കാനാണ് നീക്കമെന്നാണ് ട്രൂഡോ സർക്കാർ നടപടിയിൽ നിന്ന് വ്യക്തമാകുന്നത്.