Connect with us

National

എന്‍ ഡി എ അവകാശവാദങ്ങള്‍ക്കും എക്‌സിറ്റ് പോളിനും തിരിച്ചടി; അതിശക്ത മുന്നേറ്റവുമായി ഇന്ത്യ സഖ്യം

നിലവില്‍ 298 സീറ്റില്‍ എന്‍ ഡി എക്ക് ലീഡുണ്ട്. 225 മണ്ഡലത്തില്‍ മുന്നേറുന്ന ഇന്ത്യ സഖ്യം ഭരണകക്ഷിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ ഡി എയുടെ അവകാശവാദങ്ങള്‍ തകര്‍ത്ത് രാജ്യത്ത് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഒന്നുമല്ലാതാകുന്ന രീതിയിലുള്ള ഭരണ വിരുദ്ധ വികാരമാണ് ദേശീയ തലത്തില്‍ അലയടിക്കുന്നത്. രാമക്ഷേത്രവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളും മോദിയുടെ ധ്യാനവുമെല്ലാം ബി ജെ പി പ്രചാരണായുധമാക്കിയെങ്കിലും അതിനെ തള്ളിക്കളയുന്ന നിലപാടാണ് പല സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ സ്വീകരിച്ചത്.

400 സീറ്റ് ഉറപ്പാണെന്ന അവകാശവാദത്തില്‍ നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പിന്നീട് പിറകോട്ടു പോയെങ്കിലും അധികാരത്തില്‍ തുടരാനുള്ള ജനസമ്മതി ലഭിക്കുമെന്നു തന്നെയാണ് ബി ജെ പി കരുതിയിരുന്നത്. നിലവില്‍ 298 സീറ്റില്‍ എന്‍ ഡി എക്ക് ലീഡുണ്ട്. 225 മണ്ഡലത്തില്‍ മുന്നേറുന്ന ഇന്ത്യ സഖ്യം ഭരണകക്ഷിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 20 സീറ്റിലാണ് മറ്റുള്ളവര്‍ക്ക് ലീഡുള്ളത്. ഭരണത്തിലേറാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമാണ്.

കേരളത്തിലും പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം?
തിരുവനന്തപുരം | കേരളത്തിലാണെങ്കിലും നിലവിലെ ഇടത് സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരമുണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍. വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലങ്ങള്‍ പോലും എല്‍ ഡി എഫിനെ കൈവിട്ടു. യു ഡി എഫ് ഇതിന്റെ നേട്ടം കൊയ്യുകയും ചെയ്തു. 20 സീറ്റില്‍ 20ഉം ലഭിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നതെങ്കിലും 17 സീറ്റില്‍ വിജയ സാധ്യതയുള്ള മുന്നേറ്റമാണ് യു ഡി എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. 17 സീറ്റില്‍ ലീഡ് തുടരുകയാണ് മുന്നണി. ഇതില്‍ തന്നെ മുന്നണിയുടെ പല സ്ഥാനാര്‍ഥികളും വലിയ ഭൂരിപക്ഷത്തിനാണ് ലീഡ് ചെയ്യുന്നത്. കേന്ദ്രത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കണമെന്ന കേരള ജനതയുടെ നിലപാടിന്റെ പ്രതിഫലനം തന്നെയാണ് സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളത് എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, എന്‍ ഡി എ രണ്ട് സീറ്റില്‍ നേട്ടമുണ്ടാക്കിയത് ഇരു മുന്നണികള്‍ക്കും കടുത്ത തിരിച്ചടിയാണ്. ശക്തമായ തോതിലുള്ള വിലയിരുത്തലുകളും പുനര്‍വിചിന്തനങ്ങളും കോണ്‍ഗ്രസ്സും സി പി എമ്മും ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ കക്ഷികള്‍ നടത്തേണ്ടി വരുമെന്നു തന്നെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.

 

Latest