Connect with us

From the print

പ്രധാനമന്ത്രി ഷഹബാസ് ശരീഫിന് തിരിച്ചടി; ഇംറാൻ ഖാന്റെ പാർട്ടിക്ക് സംവരണ സീറ്റിന് അർഹതയുണ്ട്

സുപ്രധാന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി

Published

|

Last Updated

ഇസ്‌ലാമാബാദ് | ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിക്ക് പാർലിമെന്റിൽ സംവരണ സീറ്റിന് അർഹതയുണ്ടെന്ന് പാക് സുപ്രീം കോടതി. തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് അനുകൂലമായ വിധി പ്രധാനമന്ത്രി ഷഹബാസ് ശരീഫിനും ദുർബലമായ ഭരണസഖ്യത്തിനും വലിയ തിരിച്ചടിയാണ്.
പൊതുതിരഞ്ഞെടുപ്പിൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതിനെ തുടർന്ന് പാർട്ടി സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. ഇവർ 93 സീറ്റുകൾ നേടുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമായുള്ളതിനാൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും അവകാശപ്പെട്ട സംവരണ സീറ്റിൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ സ്വതന്ത്രർക്ക് അർഹതയുണ്ടാകില്ലെന്ന വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തിയത്.
70 സീറ്റുകളാണ് സംവരണത്തിലുള്ളത്. തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി ഇത് വീതം വെക്കും. 60 വനിതകളെയും പത്ത് അമുസ്‌ലിംകളെയും സംവരണ സീറ്റുകളിലൂടെ പാർലിമെന്റിലെത്തിക്കാം.
നേരത്തേ, പെഷവാർ ഹൈക്കോടതിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് സംവരണ സീറ്റിന് അർഹതയില്ലെന്ന് വിധി പ്രസ്താവിച്ചിരുന്നു. തുടർന്ന് പാർട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെഷവാർ ഹൈക്കോടതി വിധി റദ്ദാക്കുന്നതായും സ്വതന്ത്ര പാർലിമെന്റ് അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഇംറാൻ ഖാന്റെ പാർട്ടിക്ക് എത്ര സംവരണ സീറ്റിന് അർഹതയുണ്ടെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഖ്വാസി ഫാഇസ് ഈസ വിധി പ്രസ്താവത്തിൽ പറഞ്ഞു.
സുപ്രീം കോടതി വിധി വന്ന ഈ ദിവസം പാക് രാഷ്ട്രീയത്തിലെ സുപ്രധാന ദിനമാണെന്ന് പ്രതിപക്ഷ നേതാവും തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായ സയ്യിദ് ശിബിലി ഫറാസ് പ്രതികരിച്ചു.

Latest