Connect with us

National

പി വി അന്‍വറിന് തിരിച്ചടി; പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന പ്രഖ്യാപനവുമായി ഡി എം കെ

അന്‍വര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഡി എം കെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു

Published

|

Last Updated

ചെന്നൈ | പി വി അന്‍വര്‍ എം എല്‍ എ യെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാട് ഡി എംകെ നേതൃത്വം വ്യക്തമാക്കി. സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അന്‍വറിന്റെ ഡി എം കെ മോഹത്തിനു തിരിച്ചടി നല്‍കുന്നതാണ് ഇ പ്രതികരണം.

കേരളത്തിലെ എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ ഡി എം കെയില്‍ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. അന്‍വര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഡി എം കെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അന്‍വര്‍ ഡി എം കെ സഖ്യത്തിനു ശ്രമിച്ചത്. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ നിലവില്‍ ഡി എം കെ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

പി വി അന്‍വറിന്റെ രണ്ടാമത്തെ പൊതുസമ്മേളനം ഇന്ന് വൈകിട്ട് മഞ്ചേരിയില്‍ നടക്കുമ്പോള്‍ ഡി എം കെ പ്രതിനിധികളെ വേദിയില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നു. വൈകിട്ട് 5 മണിക്ക് മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം ഒരുലക്ഷം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനത്തില്‍ ഡി എം കെ പ്രതിനിധികള്‍ എത്തുമെന്ന പ്രചാരണം ഉണ്ടായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) എന്ന പേരിനോട് സാമ്യമുള്ള ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി എം കെ) എന്ന പേരില്‍ സംഘടന പ്രഖ്യാപിക്കാനാണ് അന്‍വര്‍ ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ തന്റെ സ്വതന്ത്ര എം എല്‍ എ പദവി റദ്ദാകും എന്നതിനാല്‍ തന്റെ പാര്‍ട്ടിയെ സാമൂഹിക സംഘടന എന്ന നിലയില്‍ അവതരിപ്പിക്കാനാണ് അന്‍വര്‍ നീക്കം നടത്തുന്നത്.

Latest