lokayuktha
ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാന സര്‍ക്കാറിനു വന്‍ നേട്ടം
തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാതെ, രാഷ്ട്രപതിക്കു വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം.
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് അനുമതി ലഭിച്ചത് ഗവര്‍ണര്‍ക്കു തിരിച്ചടിയും സംസ്ഥാന സര്‍ക്കാരിന് നേട്ടമായി. രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത് ബില്ലിനെതിരെ ശക്തമായി രംഗത്തുവന്ന പ്രതിപക്ഷത്തിനും തിരിച്ചടിയായി. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരന്‍ എന്നു കണ്ടെത്തിയാലും പൊതുപ്രവര്‍ത്തകന് തല്‍സ്ഥാനത്ത് തുടരാനാകും.
ലോക് പാല്‍ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവന്‍ ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവര്‍ണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാല്‍ ഗവര്‍ണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി.
മന്ത്രിമാര്‍ക്കെതിരായ വിധികളില്‍ മുഖ്യമന്ത്രിയും എം എല്‍ എമാര്‍ക്കെതിരായ വിധിയില്‍ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. രാഷ്ട്രപതി ഭവന്‍ തീരുമാനം അനുസരിച്ചു ഇനി ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടണം.