Connect with us

Articles

പിന്നാക്ക സംവരണം: യു പിയില്‍ ഒളിച്ചുകളിക്കുന്നതാര്?

പ്രത്യാഘാതങ്ങളും കോടതിയിടപെടലുകളും ഒന്നും നോക്കാതെയാണ് യു പി സര്‍ക്കാര്‍ പിന്നാക്ക സംവരണത്തോടെയുള്ള ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പ് ധൃതിപിടിച്ച് പ്രഖ്യാപിച്ചതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ പിന്നാക്ക സംവരണം നടപ്പാക്കാനുള്ള ഉദ്ദേശ്യം യോഗി ആദിത്യനാഥ് സര്‍ക്കാറിനില്ലെന്ന ആക്ഷേപം ശക്തമാണ്.

Published

|

Last Updated

പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം ഭരണഘടനാപരമായ അവകാശമാണ്. നിര്‍ഭാഗ്യവശാല്‍ ഈ സംവരണത്തിനെതിരായി ഭരണകൂടവും തത്പര കക്ഷികളും മാത്രമല്ല പരമോന്നത കോടതി പോലും രംഗത്തെത്തിയിരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിന്യായത്തില്‍ തന്നെ രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ സാമുദായിക സംവരണത്തിനെതിരായ നിരീക്ഷണം തങ്ങളുടെ വിധിയില്‍ എഴുതിക്കഴിഞ്ഞിരിക്കുകയാണ്.

സാമുദായിക സംവരണത്തിന്റെ അടിത്തറ സര്‍ക്കാറിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്ത വിഭാഗങ്ങള്‍ക്ക് അത് നല്‍കുക എന്നുള്ളതാണ്. സാമ്പത്തികം ഇവിടെയൊരു മാനദണ്ഡമേയല്ല. പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധ വശങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട്. ഈ റിപോര്‍ട്ടിലെ ശിപാര്‍ശകളെ പ്രായോഗികമാക്കുന്നതിനായി 1990ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇന്ദ്രാസാഹിനി കേസിലെ (1992) ഐതിഹാസികമായ വിധി വരുന്നത്. ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഈ കേസില്‍ ദീര്‍ഘവും ആധികാരികവുമായ വിധിയെഴുതിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.
ഒന്ന്, ഭരണഘടനയിലെ അനുഛേദം 16(4) പിന്നാക്ക വര്‍ഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിയമമാകുന്നു. രണ്ട്, പിന്നാക്ക വര്‍ഗങ്ങളെ ഭരണഘടന പ്രത്യേകമായി നിര്‍വചിക്കുന്നില്ലെങ്കിലും ജാതി, തൊഴില്‍, ദാരിദ്ര്യം, സാമൂഹികമായ പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്. മൂന്ന്, അനുഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നാക്കാവസ്ഥ സാമൂഹികമായും വിദ്യാഭ്യാസപരവുമായിട്ടുള്ള പിന്നാക്കാവസ്ഥയാണ്. നാല്, ഏതെങ്കിലും ഒരു വര്‍ഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസുകളില്‍ ലഭിച്ചിട്ടില്ല എന്നുള്ളതായിരിക്കണം.

പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിന് വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സര്‍വീസ് എന്ന പദത്തിന്റെ വിശദമായ അര്‍ഥം സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും തന്നെയാണ്. അതുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ഒടുവില്‍ ഈ നിലയിലുള്ള സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത് ഉത്തര്‍ പ്രദേശാണ്. ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നു.

ഒ ബി സി സംവരണം ഇല്ലാതെ യു പിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അലഹബാദ് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സുപ്രീം കോടതി നിര്‍ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ് ഫോര്‍മുല പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാല് മേയര്‍ സ്ഥാനങ്ങളില്‍ ഒ ബി സി സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും റദ്ദാക്കി. സംസ്ഥാനത്തെ പിന്നാക്കാവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പഠനം നടത്താന്‍ കമ്മീഷന്‍ രൂപവത്കരിക്കുക, കമ്മീഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംവരണത്തിന്റെ ആനുപാതം നിശ്ചയിക്കുക, എസ് സി, എസ് ടി, ഒ ബി സി എന്നീ വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് സുപ്രീം കോടതി നിര്‍ദേശിച്ച ട്രിപ്പിള്‍ ടെസ്റ്റ്.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യേണ്ടതൊഴികെയുള്ള ചെയര്‍പേഴ്‌സൻമാരുടെ സീറ്റുകള്‍ ജനറലായി നിശ്ചയിക്കണം. ട്രിപ്പിള്‍ ടെസ്റ്റ് നടത്താതെ ഒ ബി സി സംവരണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സംവരണം നിശ്ചയിക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ഫോര്‍മുല പിന്തുടരണമെന്നും ഒ ബി സി വിഭാഗക്കാരുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 17 മുനിസിപ്പല്‍ കോര്‍പറേഷനുകളിലെയും 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും 545 നഗര പഞ്ചായത്തുകളിലെയും മേയര്‍മാരുടെ സംവരണ സീറ്റുകളുടെ താത്കാലിക പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ആദ്യമാണ് പുറപ്പെടുവിച്ചത്. ഡിസംബറിലെ കരട് പട്ടിക പ്രകാരം അലിഗഢ്, മഥുര-വൃന്ദാവന്‍, മീററ്റ്, പ്രയാഗ്‌രാജ് എന്നീ മേയര്‍ സീറ്റുകള്‍ ഒ ബി സി സ്ഥാനാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരുന്നു. ഇതില്‍ അലിഗഢിലെയും മഥുര-വൃന്ദാവനിലെയും മേയര്‍ സ്ഥാനങ്ങള്‍ ഒ ബി സി വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ ബി സി) തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവരണം നല്‍കുമെന്നും ഇതിനായി സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തുമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നുണ്ട്. എന്നാല്‍ പ്രത്യാഘാതങ്ങളും കോടതിയിടപെടലുകളും ഒന്നും നോക്കാതെയാണ് യു പി സര്‍ക്കാര്‍ പിന്നാക്ക സംവരണത്തോടെയുള്ള ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പ് ധൃതിപിടിച്ച് പ്രഖ്യാപിച്ചതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ട്രിപ്പിള്‍ ടെസ്റ്റ് നടത്തിയതിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനമെങ്കില്‍ പ്രതികൂലമായ കോടതി വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞേനെ. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ പിന്നാക്ക സംവരണം നടപ്പാക്കാനുള്ള ഉദ്ദേശ്യം യോഗി ആദിത്യനാഥ് സര്‍ക്കാറിനില്ലെന്ന ആക്ഷേപം ശക്തമാണ്. എന്തായാലും തിരഞ്ഞെടുപ്പ് നടത്തുകയും പിന്നാക്ക സംവരണം നടപ്പാക്കുകയും ചെയ്യുമെന്നുള്ള യു പി മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഇപ്പോള്‍ മുഖവിലക്കെടുക്കാനേ നിര്‍വാഹമുള്ളൂ.

സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള സര്‍വേ നടത്താതെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒ ബി സി സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ യു പിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജും രംഗത്തുവന്നിട്ടുണ്ട്.
പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നുമാണ് യു പി ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് മൗര്യ പറയുന്നത്. നിയമ വിദഗ്ധരുമായി ആലോചിച്ച് അലഹബാദ് ഹൈക്കോടതി വിധിക്കെതിരായി അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കേശവ് മൗര്യയുടെ പ്രസ്താവനക്ക് യാതൊരു ആത്മാര്‍ഥതയുമില്ലെന്ന് തുറന്നടിച്ചിട്ടുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകളെ സംബന്ധിച്ചും ഒറ്റപ്പെടലുകളെ സംബന്ധിച്ചും പ്രസംഗിക്കുന്ന ഡെപ്യൂട്ടി മുഖ്യമന്ത്രിക്ക് പിന്നാക്ക ജനവിഭാഗങ്ങളോട് യാതൊരു കൂറും ഇല്ലെന്നുള്ളതാണ് വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പിന്നാക്ക റിസര്‍വേഷന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും രാജ്യവും അംഗീകരിച്ചിട്ടുള്ള ഒരവകാശമാണ്. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷത്തിനും നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കും അടിവേരുള്ള കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പിന്നാക്ക സംവരണം ഏര്‍പ്പെടുത്താന്‍ നാളിതുവരെ തയ്യാറായിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ അതിനായുള്ള ബഹുജന ആവശ്യം ശക്തമായി ഉയരുന്നുമില്ല.

യു പിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പിന്നാക്ക സംവരണം എന്ത് വിലകൊടുത്തും നടപ്പാക്കാന്‍ അവിടുത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ തന്നെയാണ് ശബ്ദമുയര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പിന്തുണയാണ് അവര്‍ക്കാവശ്യം.

advgsugunan@gmail.com

---- facebook comment plugin here -----

Latest